In a sport dominated by Gentlemen, she did not bother to rewrite history…Instead she created HERSTORY!
ലോക വനിതാ ക്രിക്കറ്റിലെ പുലിക്കുട്ടി എന്നായിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റർ മിതാലി രാജിന്റെ വിളിപ്പേര്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ വനിതാ ക്രിക്കറ്റിലെ ഒരുവിധം റെക്കോർഡെല്ലാം സ്വന്തമാക്കിയ ഇതിഹാസം. തമിഴ്‌നാട് സ്വദേശികളായ ദൊരൈരാജിന്റെയും ലീലയുടെയും മകളായി 1982 ല്‍ ജോധ്പൂരിലായിരുന്നു മിതാലിയുടെ ജനനം. നര്‍ത്തകിയാവാന്‍ ആഗ്രഹിച്ച മിതാലിയെ ബാറ്റ് നൽകി ക്രീസിലിറക്കിയത് അച്ഛനായിരുന്നു. സഹോദരനായ മിഥുൻ രാജിനൊപ്പം പത്താം വയസില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ മിതാലി 17-ാം വയസ്സിൽ ഇന്ത്യയുടെ നീല കുപ്പായത്തിലേറി. അരങ്ങേറ്റത്തില്‍ തന്നെ അയര്‍ലന്‍ഡിനെതിരെ മിന്നുന്ന സെഞ്ച്വറിയുമായി അന്താരാഷ്ട്രക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചു. പിന്നീടങ്ങോട്ട് ലോകക്രിക്കറ്റിൽ തന്റേതായൊരിടവും മിതാലി രേഖപ്പെടുത്തി.
വനിതാ ക്രിക്കറ്റിൽ മിതാലി എത്തിപ്പിടിക്കാത്ത നേട്ടങ്ങളും റെക്കോർഡുകളും വളരെ കുറവാണ്. ഏകദിന മത്സരങ്ങളില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏക വനിതാ ക്രിക്കറ്റര്‍, 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യവനിത, തുടര്‍ച്ചയായ ഏഴ് ഏകദിനങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍, ടി-20 യില്‍ 2000 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ താരം, 123 ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍, ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ -64, ലോക വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരം തുടങ്ങി റെക്കോർഡുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് മിതാലിയുടെ കിറ്റിൽ.
വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64അര്‍ധ സെഞ്ച്വറികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധസെഞ്ച്വറികളോടെ 2364 റണ്‍സും പേരിലാക്കി. ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വനിതാ താരം കൂടിയാണ് മിതാലി. 2002ല്‍ ഇംഗ്ലണ്ടിനെതിരെ 214 റണ്‍സാണ് മിതാലി നേടിയത്. 2005ലും 2017ലും ഇന്ത്യയെ രണ്ട് ലോകകപ്പ് ഫൈനലുകളില്‍ എത്തിക്കാന്‍ മിതാലിക്ക് സാധിച്ചു.
മിതാലിയുടെ കാലത്താണ് ഒട്ടേറെ യുവ വനിതാ ക്രിക്കറ്റര്‍മാര്‍ ഉദിച്ചുയരുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അന്താരാഷ്ട്ര തലത്തില്‍ മേല്‍വിലാസമുണ്ടാക്കിയ താരമാണ് മിതാലി. യുവ പ്രതിഭകള്‍ക്ക് പ്രചോദനമാകാനും അവരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാനും മിതാലിക്ക് സാധിച്ചു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ മിതാലി വിവാദങ്ങളുടേയും കൂടെപ്പിറപ്പായിരുന്നു. കളത്തിന് പുറത്തും താനെടുത്ത ശക്തമായ നിലപാടിന്റെ പേരിലായിരുന്നു അത്. 2018 ടി 20 ലോകകപ്പ് സെമിഫൈനലിൽ തന്നെ മാറ്റിനിർത്തിയ കോച്ച് രമേഷ് പൊവാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത മിതാലി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇടയ്ക്ക് ഒരു ചടങ്ങിൽ വെച്ച് പത്രക്കാരുടെ ആരാണ് താങ്കളുടെ ഇഷ്ടപ്പെട്ട പുരുഷക്രിക്കറ്റർ എന്ന ചോദ്യത്തിന്, നിങ്ങൾ എപ്പോഴെങ്കിലും ഏതെങ്കിലും പുരുഷക്രിക്കറ്ററോട് ഇഷ്ട വനിതാ ക്രിക്കറ്ററാരാണ് എന്ന് ചോദിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ച ചരിത്രവുമുണ്ട് മിതാലിക്ക്. ബാറ്റിങ്ങിനിറങ്ങും മുമ്പ് ഡ്രസിങ് റൂമിലെ ഓരത്തിരുന്ന് ശാന്തമായി ബ്രിട്ടീഷ് എഴുത്തുകാരനായ എനിഡ് ബിൽട്ടന്റെ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന മിതാലിയുടെ ചിത്രം 2022 ലെ വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കിടെ വൈറലായ ചിത്രങ്ങളിലൊന്നായിരുന്നു.
അർജുന അവാർഡ്, പത്മശ്രീ, യൂത്ത് സ്പോർട്സ് ഐക്കൺ അവാർഡ്, വോഗിന്റെ സ്പോർട്സ് പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും മിതാലിയെ തേടിയെത്തിയിട്ടുണ്ട്. സബാഷ് മീതു പോലെയുള്ള സിനിമകളും അവരുടെ ജീവചരിത്രമായി നിറഞ്ഞു നിന്നിരുന്നു.. ലോക വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസം മിതാലി രാജിന് 42-ാം പിറന്നാൾ ആശംസകൾ.
Content Hghlights: Birthday tribute to Mithali Raj