കരിയറിലെ നാലില്‍ മൂന്ന് സെഞ്ച്വറികളും നേടിയ 2024; 2025ലും തകര്‍ക്കാന്‍ സഞ്ജു

സഞ്ജു നേടിയ നാല് രാജ്യാന്തര കരിയർ സെഞ്ച്വറികളിൽ മൂന്നും പിറന്നത് ഈ വർഷമാണ്

dot image

ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനോട് തന്റെ ഏറ്റവും പ്രിയപട്ട വർഷം ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷെ ഉത്തരം '2024' എന്നാകും. '2024 ' നേക്കാൾ സഞ്ജുവിന്റെ കരിയറിൽ ഇത്രമാത്രം നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാക്കിയ മറ്റൊരു വർഷം ഉണ്ടാവില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താത്കാലിക അംഗത്തിൽ നിന്ന് ടി 20 ലെ സ്ഥിരം സാന്നിധ്യമായി താരം രജിസ്റ്റർ ചെയ്യുന്നത് ഈ വർഷമാണ്.

സഞ്ജു നേടിയ നാല് രാജ്യാന്തര കരിയർ സെഞ്ച്വറികളിൽ മൂന്നും പിറന്നത് ഈ വർഷമാണ്. ഇതിന് തൊട്ടുമുമ്പുള്ള വർഷമായ 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം ഏകദിന സെഞ്ച്വറി നേടിയിരുന്നെങ്കിലും പിന്നീട് അവസരം ലഭിച്ചിരുന്നില്ല. ടി 20 ലോകകപ്പിനുള്ള ടീമിൽ അംഗമായെങ്കിലും ഒരു മത്സരത്തിൽ പോലും ഇറങ്ങാനും പറ്റിയില്ല. എന്നാൽ ഈ വർഷമവസാനം ടി 20 ലോകകപ്പ് വിജയത്തോടെ രോഹിതും വിരാടും വിരമിച്ചതും ചിലർക്ക് വിശ്രമം അനുവദിച്ചതും സഞ്ജുവിന്റെ തലവര തെളിയിച്ചു.

തുടർച്ചയായ രണ്ട് പരമ്പരകളിൽ കൂടി മൂന്ന് സെഞ്ച്വറികൾ നേടി. അതിൽ ആദ്യത്തേത് ഒക്ടോബർ 12ന് ബംഗ്ലദേശിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിലായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 297 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, 47 പന്തിൽ 111 റൺസടിച്ച് സഞ്ജു വിമർശകരെ ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു അടുത്ത രണ്ട് സെഞ്ച്വറികൾ. ഡർബനിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ സഞ്ജുവിന്റെ രണ്ടാം ട്വന്റി20 സെഞ്ചറിയെത്തി. 50 പന്തുകൾ നേരിട്ട താരം 107 റൺസെടുത്തു. പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ താരം ‘ഡക്കായപ്പോൾ’ മൂന്നാം മത്സരത്തിൽ 56 പന്തുകളിൽ 109 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു.

ശേഷം നടന്ന രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് താരം വിട്ടുനിന്നു. ഇനി ജനുവരിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയാണ് ലക്ഷ്യം. തകർപ്പൻ പ്രകടനം തുടർന്നാൽ അത് വഴി ശേഷമുള്ള ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും താരത്തിന് അവസരം ലഭിച്ചേക്കും. അങ്ങനെയുള്ള പ്രതീക്ഷകളുമായാണ് താരവും മലയാളി ആരാധകരും 2025 ലേക്ക് പ്രവേശിക്കുന്നത്.

Content Highlights: SANJU SAMSON YEAR 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us