ഇനി കോഹ്ലി കാണേണ്ടത് ​ഗുരുവിന്റെ ആ സിഡ്നി ഇന്നിങ്സ് ഹൈലൈറ്റ്സ് ആണ്..

നാലാം ടെസ്റ്റിനിറങ്ങും മുമ്പ് അന്ന് സച്ചിന്‍ മനസിൽ ഉറപ്പിച്ചു, ഈ മത്സരത്തില്‍ ഞാൻ എന്റെ പ്രിയപ്പെട്ട ഷോട്ടായ കവര്‍ ഡ്രൈവ് കളിക്കില്ല!

മുഹമ്മദ് ഷഫീഖ്
1 min read|04 Jan 2025, 10:58 pm
dot image

ഓസീസിനെതിരെ അഞ്ചാം ടെസ്റ്റിലും ഓഫ് സൈഡിനു പുറത്തെ പന്തിൽ ചേസ് ചെയ്ത് എഡ്ജായി ഓഫ് സൈഡ് കെണിയിൽ വീണ വിരാട് കോഹ്ലി കരിയറിന്റെ ഈ ദിനങ്ങളിൽ അടിയന്തിരമായി കാണേണ്ടത് ഒരു മത്സരത്തിന്റെ ഹൈലൈറ്റ്സ് ആണ്. ഏതാണ്ട് 2 പതിറ്റാണ്ട് മുമ്പ് സിഡ്നിയിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ ഓസീസിനെതിരെ നേടിയ ആ മനോഹരഇന്നിങ്സിന്റെ വീഡിയോ. ഓഫ് സൈഡിൽ ഒരു ഡ്രൈവ് പോലും ചെയ്യാതെ, ഓസീസുകാർക്ക് വിക്കറ്റേ നൽകാതെ അയാൾ നേടിയ ആ മാസ്റ്റർ ക്ലാസ് ഇന്നിങ്സ്. പ്രതിഭയുടെ കൃത്യമായ ഒപ്പ് ചാർത്തിയ ആ ഇന്നിങ്സ്..

വീണ്ടും വീണ്ടും ഓഫ് സൈഡിനു പുറത്തെ പന്തിൽ കീപ്പർക്കോ സ്ലിപ്പിലോ ക്യാച്ച് നൽകി പുറത്തുപോവുന്ന വിരാട് ഇപ്പോൾ ലോകക്രിക്കറ്റിലെ സ്ഥിരം കാഴ്ചയാണ്. നമുക്കറിയാം, കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം, വിരാട് കോഹ്‌ലി ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ സമീപകാലത്തായി റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന കോഹ്ലിയെയാണ് നമ്മൾ കാണുന്നത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും സ്ഥിരത വിരാടിൽ നിന്ന് അന്യമായിട്ട് ഏതാണ്ട് 5 കൊല്ലാമയി എന്ന് തന്നെ പറയാൻ കഴിയും. കൊവിഡ് കാലത്തിനു ശേഷമുള്ള കോഹ്ലിയും മുമ്പുള്ള കോഹ്ലിയും തമ്മിലുള്ള വ്യത്യാസം അജ​ഗജാന്തരമാണ്. ടെസ്റ്റിൽ ഫാബ് ഫോറിലുള്ള റൂട്ടും വില്യംസണും സ്മിത്തുമെല്ലാം ഇപ്പോഴും ടെസ്റ്റിൽ 50 നു മുകളിൽ ആവറേജുള്ളവരാണ്. എന്നാൽ കോഹ്ലിയുടേതാവട്ടെ 47 മാത്രവും. കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഓഫ് സ്റ്റമ്പ് ലൈനില്‍ ഔട്ട്‌സ്വിങ്ങറുകള്‍ എറിഞ്ഞ് ബൗളര്‍മാര്‍ പുറത്താക്കുന്ന കാഴ്ച പതിവായി മാറിയിരിക്കുകയാണ്. ഇത്തരം പന്തുകളില്‍ പലപ്പോഴും തന്റെ പ്രിയപ്പെട്ട ഷോട്ടുകളിലൊന്നായ കവര്‍ഡ്രൈവ് കളിക്കാനുള്ള വ്യഗ്രതയിലാണ് കോഹ്ലിയുടെ പുറത്താകലുകള്‍.

ഈ സമയത്ത് ആണ് ഓരോ പ്രാവശ്യവും ഔട്ടായി മടങ്ങുമ്പോൾ, വിരാട് ആ സച്ചിൻ ഇന്നിങ്സിന്റെ ഹൈലൈറ്റ്സ് നിർബന്ധമായും കാണേണ്ടത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ 2004-ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ സിഡ്‌നിയില്‍ പുറത്തെടുത്ത ആ ഇന്നിങ്സ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു. 2003-04 കാലഘട്ടത്തില്‍ നടന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ നാലാം ടെസ്റ്റിനായിരുന്നു അന്ന് സിഡ്നി വേദിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും സച്ചിന് തിളങ്ങാനായിരുന്നില്ല എന്ന് മാത്രമല്ല, ഓസീസ് പേസര്‍മാരുടെ ഓഫ് സ്റ്റമ്പ് കെണിയില്‍ സച്ചിന്‍ പലപ്പോഴും വീഴുന്നതും സ്ഥിരം കാഴ്ചയായിരുന്നു. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി വെറും 88 റണ്‍സ് മാത്രമായിരുന്നു സച്ചിന് നേടാനായത്. കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ഒരു മത്സരത്തില്‍ രണ്ടക്കം കടന്നുമില്ല. ഇതോടെ നാലാം ടെസ്റ്റിനിറങ്ങും മുമ്പ് സച്ചിന്‍ മനസിൽ ഉറപ്പിച്ചു, ഈ മത്സരത്തില്‍ ഞാൻ തന്റെ പ്രിയപ്പെട്ട ഷോട്ടായ കവര്‍ ഡ്രൈവ് കളിക്കില്ല!

പിന്നീട് സിഡ്നി ടെസ്റ്റ്. തന്റെ തീരുമാനം അക്ഷരംപ്രതി നടപ്പിലാക്കുന്ന സച്ചിനെയാണ് അന്ന് സിഡ്നിയില്‍ കണ്ടത്. ബ്രെറ്റ് ലീയും ജേസന്‍ ഗില്ലെസ്പിയും നഥാന്‍ ബ്രാക്കണും സ്റ്റുവര്‍ട്ട് മക്ഗില്ലും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേ അന്ന് പത്ത് മണിക്കൂറിലേറെ സമയം ക്രീസില്‍ നിന്നിട്ടും സച്ചിന്റെ ബാറ്റില്‍ നിന്ന് ഒരു കവര്‍ ഡ്രൈവ് പോലും പിറന്നില്ല. നേരിട്ട 436 പന്തുകളില്‍ ഓഫ് സ്റ്റമ്പിന് പുറത്തു പോയ പന്തുകളെയെല്ലാം തന്നെ സച്ചിന്‍ അര്‍ഹിച്ച ബഹുമാനത്തോടെയാണ് നേരിട്ടത്. ഫ്ളിക്കുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും ഓണ്‍ഡ്രൈവുകളും സ്‌ക്വയര്‍ കട്ടുകളും സ്വീപ് ഷോട്ടുകളുമെല്ലാം യഥേഷ്ടം ഒഴുകിയ ആ ഇന്നിങ്സില്‍ പക്ഷേ ഒരു കവര്‍ ഡ്രൈവ് പോലും ഉണ്ടായിരുന്നില്ല.

" Sachin has played some amazing innings throughout his career but none with more discipline and determination like his 241* against Australia at the Sydney Cricket Ground,” - Brian Lara
സച്ചിന്റെ ആ ഇന്നിങ്സിനെ കുറിച്ച് പിന്നീട് ബ്രയാൻ ലാറ പറ‍ഞ്ഞത് ഇങ്ങനെയാണ്. ഇത്രയും അച്ചടക്കത്തോടെയും സമചിത്തതയോടെയും സച്ചിൻ കളിച്ച മറ്റൊരു ഇന്നിങ്സുണ്ടാവില്ല എന്ന സർട്ടിഫിക്കറ്റ്. വിരാട് കോഹ്ലി നിർബന്ധമായും കാണേണ്ടത് ആ ഇന്നിങ്സ് തന്നെയാണ്. ഉപദേശം തേടേണ്ടത് മാസ്റ്റർ ബ്ലാസ്റ്ററോട് തന്നെയാണ്.

Content Highlights: Virat should watch sachin's sydney innings of 241 not out.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us