ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര പരിക്ക് മൂലം പുറത്തായതാണ് ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന വാർത്ത. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഒമ്പത് ഇന്നിങ്‌സുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയിട്ടുള്ള താരം ജനുവരി അവസാനം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയായ പരമ്പരയിൽ കളിക്കില്ലെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് മുന്നേ പരിക്ക് ഭേദമായി താരം തിരിച്ചുവരുമെന്ന ആത്‌മവിശ്വാസത്തിലാണ് ആരാധകർ. ഇതിന് മുമ്പും പല പരിക്കിലും പെട്ട് പുറത്തായ താരം ശേഷം നടത്തിയ തിരിച്ചുവരവുകൾ നമുക്ക് പ്രതീക്ഷ നൽകുന്നതുമാണ്. കരിയർ അവസാനിപ്പിച്ചേക്കാവുന്ന പരിക്കുകളിൽ നിന്ന് വരെ കരകയറിയിട്ടുള്ള അദ്ദേഹത്തിൻ്റെ കരിയർ അദ്ദേഹത്തിൻ്റെ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത കൂടിയാണ് പ്രകടമാക്കുന്നത്.
2018 മുതലാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ഇന്ത്യയ്ക്ക് വേണ്ടി സജീവമായി കളത്തിലിറങ്ങുന്നത്. ആ വർഷം തന്നെയായിരുന്നു ആദ്യ പ്രധാന പരിക്കും. 2018ലെ ഇന്ത്യയുടെ മൂന്ന് മാസത്തെ അയർലൻഡ്-ഇംഗ്ലണ്ട് പര്യടനത്തിൻ്റെ ആദ്യ ദിനത്തിലാണ് പരിക്ക് ആരംഭിച്ചത്. അയർലൻഡിനെതിരായ ടി20 യിൽ റിട്ടേൺ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടത് തള്ളവിരലിന് ഒടിവുണ്ടായി. പരിക്ക് അദ്ദേഹത്തെ മൂന്നാഴ്ചത്തേക്ക് കളത്തിൽ നിന്ന് പുറത്താക്കി.
ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടപ്പെടുത്താൻ അദ്ദേഹം നിർബന്ധിതനായപ്പോൾ അവസാന മൂന്ന് ടെസ്റ്റുകൾക്കായി മടങ്ങിയെത്തി. ട്രെൻ്റ് ബ്രിഡ്ജിൽ അഞ്ച് വിക്കറ്റ് നേടിയ ഒരു മാച്ച് വിന്നിംഗ് പ്രകടനം ഉൾപ്പെടെ 14 വിക്കറ്റുകൾ നേടി. 1-4 ന് പരമ്പര നഷ്ടത്തിൽ ഇന്ത്യയുടെ ഏക വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
2019-ൽ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ബുംമ്രയുടെ ലോവർ-ബാക്കിന് പരിക്കേറ്റു. എന്നാൽ പിന്നീട് പരമ്പരയിൽ ഹർഭജൻ സിങ്ങിനെയും ഇർഫാൻ പഠാനെയും പിന്തുടർന്ന് ടെസ്റ്റ് ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി. ശേഷം മൂന്ന് മാസത്തെ വിശ്രമത്തിലേക്ക് പോയ താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ ഹോം പരമ്പരകൾ നഷ്ടമായി. 2020 ൻ്റെ തുടക്കത്തിൽ ന്യൂസിലാൻഡ് പര്യടനത്തിനിടെ അദ്ദേഹം ഒടുവിൽ തിരിച്ചുവരവ് നടത്തി.
2021 ജനുവരിയിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഫീൽഡിങ്ങിനിടെ ബുംമ്രയ്ക്ക വയറുവേദന അനുഭവപ്പെട്ടത് വീണ്ടും തിരിച്ചടിയായി. ശേഷം അദ്ദേഹത്തെ ബ്രിസ്ബേൻ ടെസ്റ്റിൽ നിന്ന് ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ താരം സുഖം പ്രാപിക്കുകയും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി ചെന്നൈയിൽ തിരിച്ചെത്തുകയും ചെയ്തു.
ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും, 2022 ഓഗസ്റ്റിൽ ആവർത്തിച്ചുള്ള പരിക്കുകൾ വീണ്ടും വന്നു. ഏഷ്യാ കപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ നിന്നും അദ്ദേഹം പുറത്തായി. 2023-ൻ്റെ തുടക്കത്തിൽ മുതുകിൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഐപിഎൽ 2023, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമായി. താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ഏറ്റവും കൂടുതൽ ബാധിച്ച സമയങ്ങൾ കൂടിയായിരുന്നു അത്. ശേഷം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നാല് മാസത്തെ തീവ്രമായ പുനരധിവാസത്തിന് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തി.
ഏകദേശം 12 മാസത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ അയർലൻഡിനെതിരായ ടി20 ഐ പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ ബുംമ്ര തൻ്റെ അന്താരാഷ്ട്ര തിരിച്ചുവരവ് അടയാളപ്പെടുത്തി. കൂടാതെ 2023 ഏഷ്യാ കപ്പിലും സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പിലും തൻ്റെ ഏറ്റവും മികച്ച മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തി.
2024 ലെ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് നേട്ടത്തിലും 31 കാരൻ ആയ ബുംമ്ര നിർണായക പങ്ക് വഹിച്ചു. സ്ഥിരതയാർന്ന മാച്ച് വിന്നിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച ബുംറ എട്ട് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡെത്ത് ഓവറിൽ ഇന്ത്യയെ രക്ഷിച്ചു. സമ്മർദ്ദത്തിന് മുകളിൽ മനോഹരമായി എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനുള്ള അവാർഡ് നേടി കൊടുത്തു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളെന്ന പദവിയും ഉറപ്പിച്ചു.
Jasprit Bumrah now holds the record for the fourth-most Test wickets by an Indian bowler in a calendar year. pic.twitter.com/AbI1nGnOtZ
— CricTracker (@Cricketracker) January 7, 2025
പിന്നീട് രോഹിത്തിൻ്റെ അഭാവത്തിൽ തൻ്റെ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 295 റൺസിൻ്റെ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഒടുവിൽ ടൂർണ്ണമെന്റിൽ 151 ഓവറുകൾ എറിഞ്ഞ് തളർന്നപ്പോഴും 32 വിക്കറ്റുകൾ നേടി പരമ്പരയിലെ താരമായി.
Words cannot fully describe what this means to the team and to me. A dream realised, nothing is going to top this for a while ❤️🏆🇮🇳 pic.twitter.com/tzxHyrS0Yg
— Jasprit Bumrah (@Jaspritbumrah93) June 29, 2024
നിർണ്ണായകമായ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പരിക്ക് മൂലം മാറി നിൽക്കേണ്ടി വന്നപ്പോൾ ഇന്ത്യയ്ക്ക് തോൽവി രുചിക്കേണ്ടി വന്നു. ബുംമ്ര രണ്ടാം ഇന്നിങ്സിൽ പന്തെറിയാനുണ്ടെങ്കിൽ സമനിലയെങ്കിലും പ്രാപ്യമായിരുന്നവെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യൻ ആരാധകരും.
2025-ലെ ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19-ന് ആരംഭിക്കാനിരിക്കെ അടുത്ത് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് വിശ്രമമെടുത്ത് പിന്നീട് തിരിച്ചെത്താനാണ് ബുംമ്രയുടെ ശ്രമം. താരം തന്റെ കരിയറിൽ പലപ്പോഴായി നടത്തിയ തിരിച്ചുവരവിലാണ് ആരാധകരും പ്രതീക്ഷ വെക്കുന്നത്.
Content Highlights: how bumrah tackled and clean bowled injuries in his career