സഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടാകുമോ; മുൻ താരങ്ങളുടെ പ്രവചനങ്ങളും കണക്കുകൂട്ടലുകളും

2025 കലണ്ടർ വർഷത്തെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റ് എന്ന നിലയിൽ ക്രിക്കറ്റ് ആരാധകരും വലിയ ആകാംഷയോടെയാണ് ടൂർണ്ണമെന്റിനെ കാണുന്നത്

dot image

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് അടുത്ത മാസം ആരംഭമാകുകയാണ്. 2025 കലണ്ടർ വർഷത്തെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റ് എന്ന നിലയിൽ ക്രിക്കറ്റ് ആരാധകരും വലിയ ആകാംഷയോടെയാണ് ടൂർണ്ണമെന്റിനെ കാണുന്നത്. ടൂർണ്ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ താരങ്ങളുടെ പ്രവചനങ്ങളും ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകൂട്ടലുകളും വന്നുതുടങ്ങിയിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസണിന് ടീമിലിടം ലഭിക്കുമോ എന്നാണ് മലയാളി ആരാധകർ നോക്കികാണുന്നത്, ടീമിലിടം ലഭിച്ചാലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഴിയുമോ എന്ന ആശങ്കയും ചിലർ പങ്കുവഹിക്കുന്നുണ്ട്. നിലവിൽ ഏകദിന മോഡൽ ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് താരത്തിന്റെ സാധ്യതകൾ കുറയ്ക്കുമെന്ന സൂചനകൾ പലരും മുന്നോട്ട് വെക്കുന്നുണ്ട്.

അതേ സമയം ഇംഗ്ലണ്ടിനെതിരെ ഈ മാസാവസാനം ആരംഭിക്കുന്ന പരമ്പരകളിൽ ടി 20 ടീമിൽ സഞ്ജുവുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടത്തിയ മിന്നും പ്രകടനമാണ് താരത്തിന്റെ സാധ്യത ഉയർത്തിയത്. ടീമിൽ ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ താരത്തെ നിലനിർത്തിയേക്കും.

അതേ സമയം വിജയ് ഹസാരെയിൽ കളിക്കാത്തത് കൊണ്ട് തന്നെ സഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടാവില്ലെന്നാണ് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. വിജയ് ഹസാരെയിലെ മോശം പ്രകടനം മൂലം സൂര്യകുമാർ യാദവും പുറത്താക്കുമെന്ന് ചോപ്ര പറയുന്നു, പകരം മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ വരും.

വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെ എല്‍ രാഹുലും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ. മൂന്ന് സ്പിന്നര്‍മാരേയും ആകാശ് ടീമില്‍ ഉള്‍പ്പെടുത്തി. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. ദുബായില്‍ മൂന്ന് സ്പിന്നര്‍മാര്‍ വേണമെന്നും ആകാശ് തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. നാല് പേസര്‍മാരാണ് ആകാശിന്റെ ടീമില്‍. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നീ പേസര്‍മാരെയാണ് ആകാശ് തിരഞ്ഞെടുത്തത്.

അതേ സമയം ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഉണ്ടാകുമെന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുടെ വാദം. രാഹുലിനെയാണ് മഞ്ജരേക്കർ ഒന്നാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. അവസാന 10 ഓവറില്‍ അടിച്ചു തകര്‍ക്കാൻ കഴിയുന്ന ഒരു ബിഗ് ഹിറ്ററെയാണ് നോക്കുന്നതെങ്കില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നും മ‍ഞ്ജരേക്കര്‍ പറഞ്ഞു.

ഇതേ അഭിപ്രായമാണ് മുൻ ഇന്ത്യൻ താരമായ സഞ്ജയ് ബംഗാറിനുമുള്ളത്. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് രാഹുലിന് പ്രഥമ പരിഗണന നൽകണമെന്നാണ് ബംഗാറിന്‍റെ അഭിപ്രായം. അഞ്ചാം നമ്പറായി രാഹുൽ ബാറ്റിങ്ങിന് ഇറങ്ങണം. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തണം. ഏകദിന ക്രിക്കറ്റിൽ സഞ്ജുവിന്‍റെ ശരാശരി 50 ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:Will Sanju samson be in the Champions Trophy squad; Predictions and calculations of former stars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us