ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നിന്റെ വേദി. കഴിഞ്ഞ നാല് സീസണായി ലോക ഫുട്‌ബോള്‍ അടക്കിവാഴുന്ന മാഞ്ചസ്റ്റര്‍ സിറ്റി കളത്തിലെത്തി. എതിരാളികള്‍ കഴിഞ്ഞ രണ്ട് സീസണുകളിലും റണ്ണേഴ്‌സ് അപ്പായ ആഴ്‌സണല്‍. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നില്ല ഗണ്ണേഴ്‌സിന്റെ എതിരാളികള്‍. സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ ലക്ഷ്യമിട്ടാണ് ആഴ്‌സണല്‍ സംഘം കളത്തിലെത്തിയത്. ഓരോ താരങ്ങളായി ഹാലണ്ടിനെ ലക്ഷ്യമിട്ടു.
പോരാട്ടത്തിന് തുടക്കമിട്ടത് ബ്രസീലിയന്‍ മുന്നേറ്റ താരം ഗബ്രിയേല്‍ ജിസ്യൂസ്. പലതവണ ഹാലണ്ടിന് നേരെ ജിസ്യൂസ് ആവേശം കൊണ്ടു. ബഹുമാനം ചോദിച്ച് വാങ്ങേണ്ടതല്ലെന്ന് ഹാലണ്ട് മനസിലാക്കണമെന്ന് ജിസ്യൂസ് പറയാതെ പറഞ്ഞു. അഞ്ച് മാസം പിന്നിലേക്കാണ് ജിസ്യൂസ് വിരല്‍ചൂണ്ടിയത്.
സെപ്റ്റംബറില്‍ പ്രീമിയര്‍ ലീഗിലെ ആദ്യ റൗണ്ട് മത്സരം. പോരാട്ടം മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മില്‍. ഹാലണ്ടിന്റെ ഗോളില്‍ സിറ്റി ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണല്‍ 2-1ന് സിറ്റിയെ പിന്നിലാക്കി. ആദ്യ പകുതി പിരിയും മുമ്പ് ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 10 പേരായി ചുരുങ്ങിയിട്ടും ഗണ്ണേഴ്‌സിനെ വീഴ്ത്താന്‍ സിറ്റിക്ക് കഴിഞ്ഞില്ല. ഒടുവില്‍ 98-ാം മിനിറ്റ് വരെ നീണ്ട പോരാട്ടത്തില്‍ സമനില പിടിച്ച് സിറ്റി തോല്‍വി ഒഴിവാക്കി. പക്ഷേ സമനിലയുടെ നിരാശ സിറ്റി താരങ്ങളില്‍ നിഴലിച്ചിരുന്നു. എര്‍ലിങ് ഹാലണ്ടിന്റെ പ്രവര്‍ത്തി ഒരല്‍പ്പം അതിരുവിട്ടു. ആഴ്‌സണല്‍ മനേജര്‍ മൈക്കല്‍ ആര്‍ട്ടെറ്റയോട് ഒരല്‍പ്പം വിനയമാകാം എന്നായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. ഹാലണ്ടിന്റെ പ്രവൃത്തിയെ വ്യക്തിപരമായി കാണുന്നില്ലെന്നായിരുന്നു ആര്‍ട്ടെറ്റ പറഞ്ഞത്. കൗമാര താരം മൈല്‍സ് ലൂയിസ് സ്‌കെലെയും ഹാലണ്ട് വെറുതെവിട്ടില്ല. നീയാരെന്ന് എനിക്ക് മനസിലായില്ലെന്നായിരുന്നു ഹാലിണ്ടിന്റെ വാക്കുകള്‍.
മറുപടി പറയാന്‍ ലൂയിസ് സ്‌കെലെയും കാത്തിരുന്നു. എത്തിഹാദില്‍ പറഞ്ഞതിന് എമിറേറ്റ്‌സില്‍ താരം മറുപടി നല്‍കി. 62-ാം മിനിറ്റില്‍ വല ചലിപ്പിച്ച ശേഷം എര്‍ലിങ് ഹാലണ്ടിനെ അനുകരിച്ചുള്ള മെഡിറ്റേഷന്‍ സെലിബ്രേഷന്‍. ഹാലണ്ട് നേടിയ ഒരൊറ്റ ഗോളായിരുന്നു സിറ്റിയുടെ സ്‌കോര്‍ ഷീറ്റില്‍ രേഖപ്പെടുത്തിയത്. ഗണ്ണേഴ്‌സിനായി മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, തോമസ് പാര്‍ട്ടി, മൈല്‍സ് ലൂയിസ്-സ്‌കെല്ലി, കെയ് ഹവാര്‍ട്‌സ്, ഏഥന്‍ ന്വാനേരി എന്നിവര്‍ വലചലിപ്പിച്ചു.
മത്സരത്തിന് ശേഷവും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഹാലണ്ട് സൂചന നല്‍കി. കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് തനിക്കായിരുന്നുവെന്ന് സിറ്റി ആരാധകരെ ഓര്‍മിപ്പിച്ചു. തന്റെ ജഴ്‌സിയിലെ ഗോള്‍ഡ് പ്രീമിയര്‍ ലീഗ് ബാഡ്ജ് ചൂണ്ടിക്കാട്ടിയായിരുന്നു ഹാലണ്ടിന്റെ പ്രതികരണം. എന്നാല്‍ ഹാലണ്ട് ഓര്‍ത്തുവെയ്‌ക്കേണ്ട മറ്റൊരു കഥയുണ്ട്. 2003-2004 പ്രീമിയര്‍ ലീഗില്‍ ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെ കിരീടം നേടിയ ഒരു ക്ലബിന്റെ കഥ. 2003 മുതല്‍ 2005 വരെ 49 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ്.
ആര്‍സീന്‍ വെംഗര്‍ തന്ത്രങ്ങള്‍ പകര്‍ന്ന ക്ലബ്. തിയറി ഒന്റി മുതല്‍ സെസ്‌ക് ഫാബ്രിഗാസും തിയോ വാല്‍ക്കോട്ടും തകര്‍ത്തുകളിച്ച കാലം. അപരാജിതര്‍ എന്നാണ് അന്ന് ആഴ്‌സണല്‍ അറിയപ്പെട്ടിരുന്നത്. 2003-04 സീസണിന് ശേഷം ഒരിക്കല്‍ പോലും പ്രീമിയര്‍ ലീഗ് കിരീടം ആഴ്‌സണലിന്റെ പടികടന്നുവന്നിട്ടില്ല. എങ്കിലും പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ എക്കാലവും എതിരാളികള്‍ക്ക് വെല്ലുവിളിയാണ് ഗണ്ണേഴ്‌സ് സംഘം. അത് എമിറേറ്റ്‌സിലെ തോല്‍വിയില്‍ ഹാലണ്ടും സംഘവും മനസിലാക്കേണ്ടതാണ്.
Content Highlights: Arsenal F.C. has shown its legacy to Haaland