ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യൻ ആധിപത്യം തുടർന്നു. കഴിഞ്ഞ 10 ട്വന്റി 20 പരമ്പരകളിൽ ഒമ്പതിലും ഇന്ത്യയ്ക്ക് വിജയം. രണ്ട് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര സമനിലയിലായി. 2019 ഫെബ്രുവരിയ്ക്ക് ശേഷം സ്വന്തം മണ്ണിൽ ഇന്ത്യ ട്വന്റി 20 പരമ്പരയിൽ പരാജയം അറിഞ്ഞിട്ടില്ല. ലോകചാംപ്യന്മാർക്ക് ഒത്ത പ്രകടനം. എങ്കിലും ഇംഗ്ലീഷ് പരീക്ഷയിൽ ചില താരങ്ങൾ പരാജയപ്പെട്ടു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓപണിങ് ബാറ്റർ സഞ്ജു സാംസണുമാണ് അവരിൽ പ്രധാനികൾ. ഇരുവർക്കുമെതിരെ ആരാധകരോഷം ശക്തമാണ്. അപ്പോൾ ഇന്ത്യൻ ടീം തിരുത്തേണ്ടത് എവിടെയാണ്? ഈ താരങ്ങളെ പുറത്താക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കുമോ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും മുംബൈ ഇന്ത്യൻസിലുമായി പ്രതിഭ തെളിയിച്ച താരമാണ് സൂര്യകുമാർ യാദവ്. പക്ഷേ, സൂര്യകുമാറിന് ഇന്ത്യൻ ടീമിലെത്താൻ 30 വയസുവരെ കാത്തിരിക്കേണ്ടി വന്നു. ട്വന്റി 20 ക്രിക്കറ്റിൽ പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായ സൂര്യയുടെ ഷോട്ടുകൾ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ സൂര്യകുമാർ സ്കൈ എന്ന ചുരുക്കപ്പേരിലേക്ക് മാറി. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സിന്റെ പിൻഗാമിയെന്ന് സൂര്യ അറിയപ്പെട്ടു തുടങ്ങി. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളിൽ നിന്ന് സൂര്യയ്ക്ക് വിളിവന്നു. പക്ഷേ ഏകദിന ക്രിക്കറ്റിൽ അയാളുടെ പ്രകടനം മോശമായി.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ സമർദ്ദങ്ങൾക്ക് കീഴടങ്ങിയുള്ള സൂര്യയുടെ ബാറ്റിങ് ആരാധകരോഷത്തിന് ഇടയാക്കി. ഫൈനലിലെ തോൽവിയിൽ ഇന്ത്യൻ ക്രിക്കറ്റ് അയാളെ ഏറെ പഴിച്ചു. പിന്നാലെ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സൂര്യകുമാർ പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യൻ ക്യാപ്റ്റനായി. ഓസീസ് പരമ്പരയ്ക്ക് മുമ്പായുള്ള സൂര്യകുമാർ യാദവിന്റെ വാർത്താസമ്മേളനത്തിന് രണ്ട് മാധ്യമപ്രവർത്തകർ മാത്രമാണ് അന്ന് എത്തിച്ചേർന്നത്.
കാലം മുന്നോട്ട് നീങ്ങി. ഏകദിന ക്രിക്കറ്റിൽ സൂര്യയുടെ സ്ഥാനം നഷ്ടമായി. പക്ഷേ ട്വന്റി 20യിൽ ടീമിൽ തുടർന്നു. 2024 ജൂൺ 29ന് ബാർബഡോസിൽ ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ നടന്ന ദിവസം. ഡേവിഡ് മില്ലറിനെ ബൗണ്ടറിയിൽ പിടികൂടിയ സൂര്യകുമാർ കൈപ്പിടിയിലൊതുക്കിയത് ക്യാച്ച് മാത്രമായിരുന്നില്ല, ലോകകിരീടം കൂടിയായിരുന്നു.
ടി20 ലോകകിരീടത്തോടെ രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന്റെ പടിയിറങ്ങി. ടീം ഇന്ത്യയ്ക്ക് പുതിയ നായകനെ വേണം. ബിസിസിഐയ്ക്ക് മുന്നിൽ ഹാർദിക് പാണ്ഡ്യയെന്ന ഒരൊറ്റപ്പേര്. എന്നാൽ കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ സൂര്യകുമാറിനൊപ്പമായിരുന്നു.
ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ വിഷമിച്ച സഞ്ജു സാംസണെ ഓപണറായി സ്ഥിരപ്പെടുത്തിയതായിരുന്നു ക്യാപ്റ്റനായതിനു ശേഷമുള്ള സൂര്യയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന്. സഞ്ജുവിലെ വിസ്ഫോടന ബാറ്റിങ് പുറത്തുവന്നു. തിലക് വർമ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവരുടെ കഴിവുകൾ ക്യാപ്റ്റൻ തിരിച്ചറിഞ്ഞു. 2026ലെ ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ട് സൂര്യയുടെ ടീം മുന്നേറുകയാണ്.
250ന് മുകളിൽ സ്ഥിരമായി സ്കോർ ചെയ്യാൻ കഴിയണമെന്നാണ് ഇന്ത്യൻ താരങ്ങൾക്ക് പരിശീലകൻ ഗൗതം ഗംഭീർ നൽകുന്ന ഉപദേശം. വിക്കറ്റ് നഷ്ടമാകുമെന്നോ മത്സരം തോൽക്കുമെന്നോ ചിന്തിക്കാൻ പാടില്ല. ആദ്യ പന്ത് മുതൽ സിക്സർ പറത്തി സ്കോർ ഉയർത്തുക. സൂര്യയുടെ ബാറ്റിങ് മോശമായേക്കാം. എങ്കിലും ഇന്ത്യൻ ടീമിൽ അയാളുടെ നേതൃമികവിൽ സംശയങ്ങളില്ല. ബാറ്റുകൊണ്ടും അയാൾ തിരിച്ചുവരുന്നത് ഏറെ അകലെയുമല്ല.
ഇംഗ്ലണ്ട് പേസർമാരുടെ സ്പീഡും ഷോർട്ട് ബോളുകൾ നേരിടുന്നതിലെ പ്രയാസവുമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പുള്ള അഞ്ച് ടി20 മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ഇന്ന് പക്ഷേ, ഈ ഫോം ഔട്ടിനെത്തുടർന്ന് അയാൾ സമൂഹമാധ്യമങ്ങളിൽ ക്രൂരമായ പരിഹാസങ്ങൾക്ക് ഇരയാണ്. എന്നാൽ വിമർശകരോട് ഒന്നേ പറയാനുള്ളു, എട്ട് വർഷത്തോളം ടീമിന് പുറത്തിരുത്തപ്പെട്ട താരമാണ് സഞ്ജു. അപ്പോഴും ഒരു നല്ലകാലം വരുമെന്ന് അയാൾക്ക് പ്രതീക്ഷകളുണ്ടായിരുന്നു. അതിനായി കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ സൂര്യകുമാർ യാദവിന്റെ ടീമിൽ അയാൾ സ്ഥിരസാന്നിധ്യമായി. ഇപ്പോൾ നേരിടുന്ന ഷോർട്ട് ബോൾ പ്രതിസന്ധിയും അയാൾ മറികടക്കും. കാരണം അയാൾക്ക് പിന്തുണയായി ഇന്നൊരു ക്യാപ്റ്റനുണ്ട്, ഒരു കോച്ചുമുണ്ട്.
Content Highlights: Should Sanju and Surya be excluded from India squad?