ബുംമ്രയുടെ വിലയേറിയ നോബോൾ; പാണ്ഡ്യയുടെ നിർഭാഗ്യ റൺ ഔട്ട്; 2017 ലെ പാകിസ്താനെതിരെയുള്ള കിരീട നഷ്ടത്തിന്റെ ഓർമ

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെ ഇന്ത്യ 124 റൺസിന് തോൽപ്പിച്ചിരുന്നു

dot image

'ഹാർദിക്കിനെ കൂടാതെ ഞങ്ങളിൽ മറ്റാരും ഒരു ചെറുത്തുനില്പിനുമുള്ള ശ്രമവും നടത്തിയില്ല', 2017 ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനെതിരെയുള്ള ദയനീയ തോൽവിക്ക് ശേഷം വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണ് ഇത്. അന്ന് 2017 ജൂൺ 18 ന് ഓവലിൽ നടന്ന കലാശപ്പോരിൽ ഇന്ത്യ 180 റൺസിനാണ് തോറ്റത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലിലേക്ക് കടക്കുമ്പോൾ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ആരാധകർക്ക് ഒരു സ്വപ്നതുല്യമായ കാഴ്ചയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരായ 124 റൺസിന്റെ ആധിപത്യ വിജയത്തിന് ശേഷം കോഹ്‌ലി നയിക്കുന്ന മെൻ ഇൻ ബ്ലൂ ആയിരുന്നു ഫൈനലിലെ ഫേവറൈറ്റ്‌സ്. എന്നാൽ ഫഖർ സമാന്റെ സെഞ്ച്വറിയും അസ്ഹർ അലി, ബാബർ അസം എന്നിവരുടെ അർധ സെഞ്ച്വറിയും ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 338 റൺസിന്റെ മിന്നും ടോട്ടൽ നേടിക്കൊടുത്തു.

ബുംമ്രയുടെ വിലയേറിയ നോ-ബോൾ കണ്ട മത്സരം കൂടിയായിരുന്നു അത്. വെറും മൂന്ന് റൺസിന് ഫഖർ സമാനെ ബുംമ്ര ധോണിയുടെ കൈകളിൽ എത്തിച്ചിരുന്നുവെങ്കിലും താരം ബോൾ ചെയ്യുമ്പോൾ ഓവർ സ്റ്റെപ്പ് ചെയ്തതിനാൽ ആ പന്ത് നോ-ബോൾ ആയി പ്രഖ്യാപിക്കപ്പെട്ടു. ആ പിഴവ് വിലയേറിയതായി തെളിഞ്ഞു. തുടർന്ന് സമാന് ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറി നേടി. 114 റൺസിന്റെ പ്രകടനത്തോടെ പാകിസ്താന് അനുകൂലമായി മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടു.

മറുപടി ബാറ്റിങ്ങിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര പരാജയമായി. ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടോപ് ഓർഡറുകളിൽ ഒരാളായ ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, എംഎസ് ധോണി, കേദാർ ജാദവ് എന്നിവർക്ക് 30 റൺസ് കടക്കാൻ കഴിഞ്ഞില്ല. തിരിച്ചടിക്കാൻ ധൈര്യപ്പെട്ട ഒരേയൊരു വ്യക്തി ഹാർദിക് പാണ്ഡ്യ മാത്രമായിരുന്നു. തരാം അന്ന് 43 പന്തിൽ നിന്ന് 76 റൺസ് നേടി. ഒടുവിൽ ഒരു നിർഭാഗ്യകരമായ റണ്ണൗട്ടിൽ പാണ്ഡ്യയും മടങ്ങി. ഇന്ത്യ 30 ഓവറിൽ 158 റൺസിന് ഓൾ ഔട്ടായി. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം പുതിയ ചാംപ്യൻസ് ട്രോഫി കിരീട യാത്രയിലും ഇന്ത്യയെ വേദനിപ്പിക്കുന്നു.

Content Highlights:Champions Trophy Classics: india lose 2017 final to pakistan

dot image
To advertise here,contact us
dot image