
'ദൈവം നമ്മളെ രക്ഷിക്കാൻ വരുന്നില്ല, ട്രോഫി നേടണമെങ്കിൽ നമ്മൾ പോരാടണം'. 2013 ലെ ചാംപ്യൻസ് ട്രോഫി ഫൈനൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കെ എം എസ് ധോണി തന്റെ ടീമിന് നൽകിയ സന്ദേശം ഇതായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചു.
സ്റ്റുവർട്ട് ബ്രോഡ് രോഹിതിനെ 9 റൺസിന് പുറത്താക്കി ആതിഥേയർക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. ശിഖർ ധവാനും വിരാട് കോഹ്‌ലിയും ടീമിനെ ഉറപ്പിച്ചു നിർത്തി. പക്ഷേ സ്കോർ 50 റൺസിലെത്തിയപ്പോൾ ഓപ്പണറുടെ വിക്കറ്റ് വീണതോടെ ഇന്ത്യ വലിയ തകർച്ചയിലേക്ക് നീങ്ങി. വെറും രണ്ട് ഓവറിനുള്ളിൽ ദിനേശ് കാർത്തിക്, സുരേഷ് റെയ്‌ന, എംഎസ് ധോണി എന്നിവരെയും നഷ്ടമായി. 13 ഓവറിൽ അഞ്ച് വിക്കറ്റിന് 66 റൺസ് എന്ന നിലയിൽ ഇന്ത്യ തകർന്നു.
ടീമിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം കോഹ്‌ലിയും രവീന്ദ്ര ജഡേജയും ഏറ്റെടുത്തു. കോഹ്‌ലി 34 പന്തിൽ നിന്ന് 43 റൺസും ജഡേജ 25 പന്തിൽ നിന്ന് 33 റൺസും നേടി 47 റൺസിന്റെ നിർണായക കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി. നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബൊപ്പാര ഇംഗ്ലണ്ടിന്റെ സ്റ്റാർ ബൗളറായി. ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടി.
ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ സംബന്ധിച്ചിടത്തോളം അനായാസ ലക്ഷ്യമായിരുന്നു അത്. എന്നാൽ സ്ലിപ് ഫീൽഡിൽ കൂടുതൽ പേരെ ഉപയോഗിച്ചും സ്പിന്നിനെ ആദ്യത്തിൽ തന്നെ ഉപയോഗിച്ചും ധോണി തങ്ങളുടെ ലക്ഷ്യം സംരക്ഷിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ രണ്ട് റൺസിന് നഷ്ടമായി. ജോനാഥൻ ട്രോട്ട് ആതിഥേയർക്ക് വേണ്ടി മിന്നും പ്രകടനം നടത്തി.
എന്നാൽ സ്പിന്നർമാരായ അശ്വിനും ജഡേജയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു, ട്രോട്ട്, ജോ റൂട്ട്, ഇയാൻ ബെൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയ്ക്ക് മുൻതുക്കം നൽകി. ഇയോൺ മോർഗനും രവി ബൊപ്പാരയും ക്രീസിലെത്തുമ്പോൾ ഇംഗ്ലണ്ട് 46 റൺസിന് നാല് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ ഇരുവരും പതിയെ സ്കോർ ചലിപ്പിച്ചു. ഒടുവിൽ ലക്ഷ്യം 30 പന്തിൽ 48 ആയി ചുരുങ്ങി.
അവസാന മൂന്ന് ഓവറുകളിൽ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 28 ആയി കുറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് ഓവർ എറിയാൻ ബാക്കിയുണ്ടായിരുന്നു, അശ്വിൻ, ജഡേജ, ഭുവനേശ്വർ എന്നിവർക്കും ഓരോ ഓവർ വീതവും ബാക്കിയുണ്ടായിരുന്നു. എന്നാൽ പക്ഷേ ധോണി പന്ത് ഇഷാന്തിന് നൽകി. തുടക്കത്തിലെ സൂചനകൾ അത്ര മികച്ചതായിരുന്നില്ല, പക്ഷേ ഇഷാന്ത് തന്റെ മൂന്നാമത്തെ പന്തിൽ കളിയുടെ ഗതി മാറ്റിമറിച്ചു. വേഗത കുറഞ്ഞ പന്തിൽ നിന്ന് മോർഗൻ ഒരു തെറ്റായ ഷോട്ട് അടിച്ചു പുറത്തായി.
തൊട്ടടുത്ത ഓവറിൽ ജഡേജയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് തകരാൻ തുടങ്ങിയ അതേ ഓവറിൽ തന്നെ ഇഷാന്ത് ബൊപ്പാരയെ പുറത്താക്കി. അവസാന ഓവർ അശ്വിന് ലഭിച്ചു. അശ്വിൻ ആദ്യ പന്തിൽ ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് നിയന്ത്രണം തിരിച്ചെടുത്തു. ഒടുവിൽ ഇന്ത്യ അഞ്ച് റൺസിന്റെ വിജയം നേടി കിരീടം സ്വന്തമാക്കി. ഇതോടെ ടി 20 ലോകകപ്പ് , ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി എന്നിവ നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ധോണി മാറി.
Content Highlights:Champions Trophy ; When Dhoni-led India beat England to win title