
ചാംപ്യൻസ് ട്രോഫി സെമിയിലെ പരാജയത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് വേണ്ടി ഓസീസ് യുവനിരയ്ക്ക് വഴിമാറികൊടുക്കുന്നു. അപ്രതീക്ഷിതമായ ആ തീരുമാനത്തിന് കാരണമിതാണ്. ഏകദിന ക്രിക്കറ്റിലെ ഏറെ മനോഹരമായ യാത്ര സ്റ്റീവ് സ്മിത്ത് അവസാനിപ്പിക്കുന്നത്.
2011ലെ ഏകദിന ലോകകപ്പ് നടക്കുന്ന സമയം. ലോകകപ്പിൽ പരാജയമറിയാതെയുള്ള 34 മത്സരങ്ങളെന്ന ഓസ്ട്രേലിയൻ യാത്രയ്ക്ക് അവസാനമായി. ഹാട്രിക് ലോകകപ്പ് വിജയത്തിന് ശേഷം ഓസീസ് ക്വാർട്ടറിൽ പുറത്തായ ലോകകപ്പ്. റിക്കി പോണ്ടിങ് ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. മോശം പ്രകടനത്തിനിടെയിലും റിക്കി പോണ്ടിങ്ങിനെ ഓസ്ട്രേലിയൻ ടീമിൽ നിലനിർത്തി. എങ്കിലും തൊട്ടടുത്ത വർഷം പോണ്ടിങ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇനിയൊരിക്കലും ഓസീസ് ക്രിക്കറ്റിന് പഴയപ്രതാപത്തിലേക്ക് തിരികെയെത്താൻ സാധിക്കില്ലെന്ന് കരുതിയ കാലം. റിക്കി പോണ്ടിങ്ങെന്ന ഇതിഹാസത്തിന് പകരക്കാരില്ലെന്ന് വിശ്വസിച്ചിരുന്ന സമയം. പക്ഷേ പ്രതീക്ഷയുണർത്തി ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഒരു യുവതാരം ഉയർന്നുവന്നു. അയാളുടെ പേരാണ് സ്റ്റീവ് സ്മിത്ത്. കോഹ്‍ലിയും വില്യംസണും ജോ റൂട്ടും ഉൾപ്പെടുന്ന ഫാബുലസ് ഫോറിലെ തലയെടുപ്പുള്ള താരങ്ങളിലൊരാൾ.
ലെഗ് സ്പിൻ ഓൾ റൗണ്ടറായാണ് അയാളുടെ കരിയറിന് തുടക്കം. പക്ഷേ കുറഞ്ഞ സമയത്തിനുള്ളിൽ എതിരാളികൾക്ക് വീഴ്ത്താൻ കഴിയാത്ത വിക്കറ്റായി സ്മിത്ത് മാറി. റിക്കി പോണ്ടിങ്ങിനെപ്പോലെ മൂന്നാം നമ്പറിൽ ക്രീസിലെത്തും. എതിരാളികളുടെ ക്ഷമ കെടുത്തുന്ന ബാറ്റിങ്. പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഷോട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിലാണ് സ്മിത്തിന്റെ ബാറ്റിങ് വിസ്മയം ക്രിക്കറ്റ് ലോകം അറിഞ്ഞത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരുടെ പട്ടികയിൽ സ്മിത്ത് ഇടംപിടിച്ചു.
ഒരു നായകനായും സ്മിത്ത് തിളങ്ങി. എല്ലാ ഫോർമാറ്റിലുമായി 112 മത്സരങ്ങളിൽ ഓസ്ട്രേലിയെ നയിച്ചതിൽ 59തിലും വിജയം. ലോകക്രിക്കറ്റിന്റെ കൊടുമുടിയിൽ നിന്നപ്പോഴാണ് അയാളെ തേടി ജീവിതത്തിലെ മോശം ദിവസങ്ങളെത്തിയത്. 2018ലെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കിടെ പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് ഉൾപ്പെട്ടു. ഡേവിഡ് വാർണറിനൊപ്പം സ്മിത്തിനും ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ടു. ഒരു വർഷത്തിന് ശേഷം ഇരുവരെയും ക്രിക്കറ്റിലേക്ക് തിരിച്ചുവിളിക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് തയ്യാറായി.
തിരിച്ചുവരവിൽ 2019ലെ ആഷസ് പരമ്പരയിൽ തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് സ്മിത്ത് തെളിയിച്ചു. ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി 774 റൺസ് സ്മിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 110ലധികം വരുന്ന ബാറ്റിങ് ശരാശരി. 2025ലെത്തുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് കടക്കുന്ന താരമായി സ്മിത്ത് മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഏകദിന ക്രിക്കറ്റിൽ സ്മിത്തിന് ആ മികവ് പുറത്തെടുക്കാൻ പലപ്പോഴും സാധിച്ചില്ല. എങ്കിലും പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് നായകസ്ഥാനം വിശ്വസിച്ച് ഏൽപ്പിക്കുന്നത് ഈ 35കാരനെയാണ്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കെ ഇനി ടെസ്റ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്മിത്തിന്റെ ശ്രമം. തന്റെ ഇഷ്ടഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റിൽ…..
Content Highlights: Steve Smith announced retirement from ODI Cricket