ബിസിസിഐയുടെ പണക്കൊഴുപ്പും അധികാരവും ഇന്ത്യന്‍ ടീമിന് നല്‍കിയ പ്രിവിലേജുകള്‍ ചെറുതല്ല | സംഗീത് ശേഖര്‍

2023 ലോകകപ്പില്‍ ഇന്ത്യ ഇന്ത്യയില്‍ സഞ്ചരിച്ച ദൂരമൊക്കെ തര്‍ക്കത്തിനായി ഉയര്‍ത്തുന്നുണ്ട്. എല്ലാ ടീമുകള്‍ക്കും സഞ്ചരിക്കേണ്ടി വരുന്ന ഒരു ടൂര്‍ണമെന്റും ഒരു ടീം സ്ഥിരമായി ഒരിടത്ത് കളിക്കുകയും മറ്റുള്ള ടീമുകള്‍ക്ക് മാത്രം സഞ്ചരിക്കേണ്ടി വരുന്ന ടൂര്‍ണമെന്റും രണ്ടും രണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

സംഗീത് ശേഖര്‍
1 min read|10 Mar 2025, 02:14 pm
dot image

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം അമിതമായ ആഹ്ലാദപ്രകടനങ്ങള്‍ അര്‍ഹിക്കാത്തതാണ് എന്നാണ് തോന്നുന്നത്. അപ്രിയ സത്യങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും ദഹിക്കണമെന്നില്ല. ഈ കിരീടനേട്ടത്തിന് തിളക്കം കുറവാണെന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം അണ്‍ഫെയര്‍ ആയൊരു ആനുകൂല്യം ലഭിച്ചത് കൃത്യമായി ഉപയോഗിക്കപ്പെടുന്നു. ഒരിക്കലും രോഹിത് ശര്‍മയുടെയോ അയാള്‍ നയിച്ച ടീമിന്റെയോ കുറ്റമല്ല ഇത്. അവര്‍ മികച്ച രീതിയിലാണ് കളിച്ചത്. പക്ഷെ ബിസിസിഐയുടെ പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ബലത്തില്‍ ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം എന്‍ജോയ് ചെയ്ത പ്രിവിലേജുകള്‍ അവരുടെ എതിരാളികള്‍ക്ക് മേല്‍ അവര്‍ക്ക് അനര്‍ഹമായ മുന്‍തൂക്കമാണ് നല്‍കിയത്.

ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ല എന്നാദ്യമേ പറഞ്ഞിരുന്നു എന്നതൊരു വസ്തുതയാണ്, ടൂര്‍ണമെന്റില്‍ നിന്ന് മാറി നില്‍ക്കാനും തയ്യാറായിരുന്നു. പക്ഷെ അത് കൃത്യമായ ഒരു സമ്മര്‍ദ്ദ തന്ത്രം തന്നെയായിരുന്നു. കാണികളുടെ സാന്നിധ്യം, ടെലിവിഷന്‍ ആന്റ് ഓണ്‍ലൈന്‍ വ്യൂവര്‍ഷിപ് എന്നിങ്ങനെ എങ്ങനെ നോക്കിയാലും ഇന്ത്യയുടെ അഭാവം ടൂര്‍ണമെന്റിനെ കാര്യമായി തന്നെ ബാധിക്കുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്ലാത്തൊരു ചാമ്പ്യന്‍സ് ട്രോഫി എന്നത് നടപ്പില്ലാത്ത കാര്യമാണ്. ഇതെല്ലാം കൃത്യമായി അറിയാവുന്ന ബിസിസിഐയുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ന് ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യത്തെയും ബോര്‍ഡുകള്‍ക്ക് സാധിക്കുകയുമില്ല എന്നതാണ് യാഥാര്‍ഥ്യം.

ചാംപ്യന്‍സ് ട്രോഫി കിരീടവുമായി ഇന്ത്യന്‍ ടീം

പാകിസ്ഥാന്‍ ശ്രമിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. പാക്കിസ്ഥാന് ഈ ടൂര്‍ണമെന്റ് നടത്തുന്നതിലൂടെ ലഭിക്കേണ്ട ഹോസ്റ്റിങ് ഫീസ് കൂടെ പ്രശ്‌നത്തില്‍ ആകുമെന്ന് കണ്ടപ്പോള്‍ ഹൈബ്രിഡ് മോഡല്‍, അതായത് ഇന്ത്യയുടെ കളികള്‍ മാത്രം ന്യുട്രല്‍ വെന്യുവില്‍ നടത്തുക എന്ന രീതി അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങനെയാണെങ്കില്‍ ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ തങ്ങളും ഇതേ രീതിയില്‍, അതായത് ഇന്ത്യയില്‍ കളിക്കാതെ ന്യൂട്രല്‍ വെന്യുകളില്‍ കളിക്കുന്ന രീതി പിന്തുടരുമെന്ന് പാകിസ്ഥാന്‍ പറഞ്ഞെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

ഐസിസി ടൂര്‍ണമെന്റുകളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ നടക്കുന്നത്. ഇന്ത്യയുമായിട്ടാണ് ഒരു സെമിഫൈനല്‍, നടക്കുന്നത് ദുബായില്‍. പക്ഷെ ആരാണ് കളിക്കേണ്ടതെന്ന് അറിയില്ല. അതുകൊണ്ട് രണ്ടു ടീമുകള്‍ സെമി ഫൈനല്‍ കളിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ദുബായിലേക്ക് വരുന്നു. ഒരു ടീം ഇന്ത്യയുമായി ദുബായില്‍ സെമി കളിക്കണം, അടുത്ത ടീം മടങ്ങിപ്പോയി പാകിസ്ഥാനില്‍ അടുത്ത സെമിഫൈനല്‍ കളിക്കണം.

എന്നിട്ട് അതില്‍ ജയിക്കുന്നവര്‍ ഫൈനല്‍ കളിക്കാന്‍ തിരികെ ദുബായിലേക്ക് വരണം.

ദുബായില്‍ ഓസ്ട്രേലിയക്കൊപ്പം ലാന്‍ഡ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് 12 മണിക്കൂറിനുള്ളില്‍ തിരികെ പാകിസ്താനിലേക്ക് മടങ്ങേണ്ടി വന്നു. ഫൈനലില്‍ തോറ്റ ന്യൂസിലാന്‍ഡ് ഈ ടൂര്‍ണമെന്റ് കളിക്കാന്‍ മൊത്തം സഞ്ചരിച്ചത് ഏകദേശം 7048 കിലോമീറ്ററാണ്. കറാച്ചി,റാവല്‍ പിണ്ടി,ലാഹോര്‍,ദുബായ് എന്നിങ്ങനെ 4 വ്യത്യസ്ത സ്ഥലങ്ങളില്‍ കളിച്ച ശേഷം ഫൈനലിനായി വീണ്ടും ദുബായില്‍.


2023 ലോകകപ്പില്‍ ഇന്ത്യ ഇന്ത്യയില്‍ സഞ്ചരിച്ച ദൂരമൊക്കെ തര്‍ക്കത്തിനായി ഉയര്‍ത്തുന്നുണ്ട്. എല്ലാ ടീമുകള്‍ക്കും സഞ്ചരിക്കേണ്ടി വരുന്ന ഒരു ടൂര്‍ണമെന്റും ഒരു ടീം സ്ഥിരമായി ഒരിടത്ത് കളിക്കുകയും മറ്റുള്ള ടീമുകള്‍ക്ക് മാത്രം സഞ്ചരിക്കേണ്ടി വരുന്ന ടൂര്‍ണമെന്റും രണ്ടും രണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

New Zealand cricket team
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം

ദുബായ് ആയിരിക്കും തങ്ങളുടെ ഗ്രൗണ്ട് എന്നത് ഉറപ്പായത് കൊണ്ടുതന്നെ ഇന്ത്യക്ക് പിച്ച് കണ്ടീഷന്‍സിനെ പറ്റി കൃത്യമായൊരു ധാരണ കിട്ടുന്നു എന്നിരിക്കെ അവരുടെ ടീം സെലക്ഷനാണ് ഈ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഒന്ന്. 3 സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍ ഉള്‍പ്പെടെ 5 സ്പിന്നര്‍മാരാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കുന്നത്. മൂന്നാമത്തെ കളി മുതല്‍ അതില്‍ 4 പേരും ഫസ്റ്റ് ഇലവനിലുണ്ട്. ദുബായിലാണ് എല്ലാ കളികളും എന്നിരിക്കെ ഇന്ത്യക്ക് അവിടെ തന്നെ താമസിച്ചു ഗ്രൗണ്ടും പിച്ചുകളുമായി താദാത്മ്യം പ്രാപിക്കാനുള്ള അവസരമുണ്ട്. പരിശീലനവും കളികളും ഒരേ ഗ്രൗണ്ടില്‍ അതെ പിച്ചുകളില്‍ തന്നെയാണ്. ഇന്ത്യയുമായി കളിക്കേണ്ട മറ്റു ടീമുകള്‍ക്കാവട്ടെ പാകിസ്ഥാനില്‍ നിന്ന് വന്നു ദുബായില്‍ കളിച്ചു മടങ്ങിപ്പോകേണ്ട അവസ്ഥയാണ്.

ഈ യാത്ര അസാധാരണമായ ദൈര്‍ഘ്യമുള്ള ഒന്നല്ലെങ്കില്‍ കൂടെ ഒരു ടീമിന് മാത്രം ഈ യാത്ര ചെയ്യേണ്ടതില്ല എന്നത് പ്രിവിലേജ് തന്നെയാണ്. ആതിഥേയര്‍ പാകിസ്ഥാനും ഹോം ആനുകൂല്യം ഇന്ത്യക്കും. ഇതൊരു പ്രീ ടൂര്‍ണമെന്റ് തീരുമാനമാണ്, ഇതിനെ പറ്റി എല്ലാ ടീമുകള്‍ക്കും അറിയാമായിരുന്നു, പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നതെല്ലാം ടെക്‌നിക്കലി ശരിയാണെന്നു പലര്‍ക്കും തോന്നുമെങ്കിലും ബിസിസിഐയുടെ പവര്‍ പൊളിറ്റിക്‌സും പണക്കൊഴുപ്പും തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സത്യം നിഷേധിക്കാന്‍ കഴിയില്ല. ഐസിസിക്ക് ബിസിസിഐയെ മറികടന്നു ഒരു തീരുമാനമെടുക്കാനും സാധിക്കില്ല.

ഫലത്തില്‍ ഐസിസി,ബിസിസിഐ തന്നെയാണ് എന്നിരിക്കെ ആരും നേരത്തെ പരാതി പറഞ്ഞില്ലല്ലോ എന്ന വാദത്തിന് പ്രസക്തിയില്ല, കാരണം പരാതി പറയേണ്ടത് ഐസിസിയോടാണ്, പരാതി പറഞ്ഞിട്ട് കാര്യവുമില്ല, ടീമുകള്‍ക്ക് വേറെ വഴിയുമില്ല. ജയ് ഷായും അയാള്‍ ഭരിക്കുന്ന ബോര്‍ഡും ഈ ഗെയിമിനെ തന്നെ വിഴുങ്ങി കഴിഞ്ഞു.അവര്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നിരിക്കെ ഈ വിഷയത്തില്‍ ചെറുതായെങ്കിലും പ്രതികരിക്കുന്ന കളിക്കാരും മുന്‍ കളിക്കാരും അസാധാരണമായ ധൈര്യമാണ് കാട്ടുന്നത്.

ബിസിസിഐ, ഐസിസി

ആയതിനാല്‍, നമുക്ക് സുനില്‍ ഗവാസ്‌കര്‍മാരാവാം. നിങ്ങള്‍ക്കുള്ള സാലറി വരെ ബിസിസിഐയുടെ ഔദാര്യമാണെന്ന് പറഞ്ഞ് എതിര്‍ ശബ്ദമുയര്‍ത്തിയ സഹ കമന്റെറ്റര്‍മാരുടെ വായടപ്പിക്കാം. നമുക്കയാള്‍ ചെയ്തത് പോലെ ബിസിസിഐയുടെ വരുമാനത്തെ പറ്റി, കരുത്തിനെ പറ്റി ക്ലാസ് എടുക്കാം, ഐപിഎല്‍ കോണ്‍ട്രാക്റ്റുകള്‍ കാട്ടി എതിര്‍ ടീമുകളിലെ കളിക്കാരെ ഭയപ്പെടുത്താം. ഞങ്ങളുടെ സൗകര്യത്തിനനുസരിച്ചു വേണമെങ്കില്‍ കളിച്ചാല്‍ മതി…. Hail BCCI

Content Highlights: Sangeeth Sekhar writes about the unfair privilleges enjoyed by Indian team at Champions Trophy because of BCCI

dot image
To advertise here,contact us
dot image