എല്ലാവർക്കുമത് കളി; അയാൾക്കത് കളിയും കലയും; കളിയോടൊപ്പം കാണികളെ ജയിച്ച ഡീഞ്ഞോ

ഫുട്ബാളിന്റെ നർത്തകനും സൗന്ദര്യ ഫുടബോളിന്റെ ഉസ്താദുമായ ഡീഞ്ഞോയ്ക്ക് 44 ആം പിറന്നാൾ ആശംസകൾ

dot image

വർഷം 2005, സാന്റിയാഗോ ബർണബ്യൂവിൽ റയലും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം. ചിര വൈരികളായ കാറ്റലോണിയക്കാരെ നാണം കെടുത്തി വിടുന്നത് കാണാനെത്തിയ റയൽ കാണികൾ അന്ന് ആ ബാഴ്സലോണ താരത്തിന് വേണ്ടി എണീറ്റ് നിന്ന് കയ്യടിച്ചു. ശൂന്യതയിൽ നിന്നും റൊണാൾഡിഞ്ഞോ നേടിയ ആ രണ്ട് അത്ഭുത സോളോ ഗോളുകൾക്ക് അതല്ലാതെ അയാൾ മറ്റൊന്നും അർഹിക്കുന്നില്ലായിരുന്നു. റൊണാൾഡോയും സിദാനും ബെക്കാമും ഫിഗോയും റൗളുമടങ്ങുന്നതായിരുന്നു അന്ന് റയലിന്റെ ലൈനപ്പ്. 1984 ൽ മറഡോണയ്ക്ക് ശേഷം ബർണബ്യൂ, സ്റ്റാൻഡിങ് ഒവേഷനോടെ യാത്രയാക്കിയ തങ്ങളുടെതല്ലാത്ത ഒരേയൊരു താരം, ബ്രസീലിന്റെയും ബാഴ്സലോണക്കാരുടെയും ഫുട്ബാളിന്റെയും സ്വന്തം ഡീഞ്ഞോ….

കാലുകൊണ്ട് കളിക്കുന്ന കളിയായ ഫുട്ബോളിൽ പന്തിനെ നിയന്ത്രിക്കാൻ ഏറ്റവും സമർത്ഥമായി ശരീരം കൂടി ഉപയോഗിച്ചത് റൊണാൾഡീഞ്ഞോയായിരിക്കണം. പന്ത് കാലിലും തോളിലും നെഞ്ചിലും തലയിലും ചുണ്ടിലും പറ്റിപിടിപ്പിച്ചു വെച്ച കാന്തം പോലെയായിരുന്നു അയാൾക്ക്. അയാളുടെ പലക പല്ല് കൊണ്ടുള്ള ചിരിയായിരുന്നു ഞാൻ മൈതാനത്ത് കണ്ട ഏറ്റവും മനോഹരമായ ചിരി.

അയാൾ ഗോളടിക്കുന്നത് തടയുന്നതിലേറെ പ്രയാസമാണ് കാലിലും തുടയിലും കക്ഷത്തിലും വരെ അയാൾ ഒട്ടിച്ചു വെച്ച പന്ത് പിടിച്ചെടുക്കാൻ. ഡിഫൻഡർക്ക് ഇമവെട്ടാൻ മാത്രം സമയം നൽകിയുള്ള ഇരുവശത്തേക്കുമുള്ള ഫ്ളയ്ന്റുകൾ, നാലും അഞ്ചും താരങ്ങൾക്കിടയിലൂടെയുള്ള അൺസ്റ്റോപ്പബിൾ ജംഗ്ലിങ്ങുകൾ, നോ ലുക്ക് പാസുകൾ, ലൂപ്പുകൾ, നട്ട്മംഗ് കൾ,ഫ്രീകിക്കുകൾ എല്ലാത്തിനും മീതെ മനോഹരമായ ഒരു ചിരി. അയാളെ പോലെ സർഗാത്മകത കാണിക്കാനുള്ള കലായിടമായി മൈതാനത്തെ കണ്ട മറ്റൊരാളുണ്ടാവില്ല. റൊണാൾഡിഞ്ഞോയുടെ കളിക്ക് റിവാൾഡോയുടെ ഡ്രിബ്ളിങ്ങും ഗാരിഞ്ചയുടെ ചൈതന്യവും റൊണാൾഡോയുടെ സ്കിൽ പവറും സീപ്പോയുടെ സാങ്കേതിക തികവും അയാളുടെത് മാത്രമായ പന്തടക്കവുമുണ്ടായിരുന്നു.

അയാൾ നേടിയ മൂന്ന് ലീഗ് ടൈറ്റിലുകൾ, ചാമ്പ്യൻസ് ലീഗ് കിരീടം, ബ്രസീലിന് വേണ്ടി നേടിയ ലോകകപ്പ് കിരീടം, കോപ്പ കിരീടം, ബാലൻഡിയോർ, രണ്ട് ഫിഫ പ്ലെയർ ഓഫ് ദി ഇയർ തുടങ്ങി സ്റ്റാറ്റസ്നേക്കാൾ അയാളുടെ കളി ഓർക്കപ്പെടുന്നത് അയാൾ പന്ത് കൊണ്ട് ഒരുപോലെ തന്നെയും കാണികളെയും ആസ്വദിപ്പിച്ചു എന്നതിലാണ്. ഓരോ തവണ പന്ത് അയാളുടെ ശരീരത്തിലും തൊടുമ്പോഴും സ്പെഷ്യൽ ആയതെന്തോ സംഭവിക്കുന്നുവെന്ന് പറഞ്ഞത് ബാഴ്സലോണയുടെ മുൻ പരിശീലകനായിരുന്ന ഫ്രാങ്ക് റൈക്കാർഡാണ്.
ബാഴ്സലോണയിൽ തന്റെ കിരീട നേട്ടത്തിന് നിലമൊരുക്കിയത് ഡീഞ്ഞോയാണെന്ന് മെസ്സി പറയുമ്പോൾ, ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് നാനിയും ബെക്കാമും മറഡോണയും ആവർത്തിക്കുമ്പോൾ തീർത്തും അയാൾ ഒരു സ്പെഷ്യലായിരുന്നു. ടാക്റ്റിക്സുകളുടേതല്ല, കാണികളെ ആനന്ദിപ്പിക്കുന്ന സർഗാത്മകതയായിരുന്നു ഡീഞ്ഞോയ്ക്ക് ഫുട്ബോൾ.

ഏതൊരു ബ്രസീലിയരെ പോലെ തന്നെ ജനനത്തോടൊപ്പം തനിക്ക് കിട്ടിയ കളിപ്പാട്ടമായിരുന്നു ഡീഞ്ഞോയ്ക്ക് ഫുട്ബോൾ. ബ്രസീലിലെ ഗ്രാമിയോ ക്ലബ് അക്കാദമിയിൽ കളിച്ചിരുന്ന റോബർട്ടോയെന്ന മൂത്ത സഹോദരനെ തെരുവിൽ അനുകരിച്ചായിരുന്നു തുടക്കം. പരിക്കമൂലം നേരത്തെ കരിയർ അവസാനിപ്പിക്കേണ്ടി വന്ന റോബർട്ടോ റൊണാൾഡീഞ്ഞോയിലെ ഫുട്ബോളിനെ വളർത്തി. റൊണാൾഡോ ഡി അസീസോ മൊറൈറ എന്നായിരുന്നു അയാളുടെ യഥാർത്ഥ പേര്. ബ്രസീലിലെ പോർട്ടോ അലെഗ്രായിലാണ് ജനനം. രാജ്യത്തെ പ്രധാന ലീഗുകളിൽ പ്രായമായവർക്കൊപ്പം പന്ത് തട്ടി മികവ് കാണിച്ച കുഞ്ഞു റൊണാൾഡോയെ ആളുകൾ “ ചെറിയ “എന്നർത്ഥം വരുന്ന ബ്രസീൽ വാക്കായ ഇഞ്ഞോ കൂട്ടി വിളിച്ചു തുടങ്ങി. അങ്ങനെയാണ് അയാൾ റൊണാൾഡീഞ്ഞോയാകുന്നത്.

ചെറുപ്രായത്തിൽ തന്നെ സഹോദരനൊപ്പം ഗ്രാമിയോ ക്ലബിലെത്തി. ഒരു ലോക്കൽ മത്സരത്തിൽ 23 ഗോളുകൾ ഒറ്റയ്ക്ക് നേടി. അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് വേണ്ടി നടത്തിയ മികച്ച പ്രകടനം വമ്പൻമാരുടെ കണ്ണിലെത്തിച്ചു. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലെത്തുന്നത് അങ്ങനെയാണ് . അവിടെ നിന്നും സ്പെയ്നിലെ കാറ്റലോണിയയുടെ തട്ടകത്തിലേക്ക്. അവിടെയാണ് യുഗ പിറവിയുണ്ടാകുന്നത്.

റൊണാൾഡീഞ്ഞോ ബാഴ്സലോണയിലെത്തുമ്പോൾ ടീം ചരിത്രത്തിലെ ഏറ്റവും വലിയ മോശം അവസ്ഥയിലായിരുന്നു. കിരീടമില്ലാത്ത അഞ്ചു വർഷങ്ങൾ. 2002-03 സീസണുകളിൽ ആറാം സ്ഥാനത്ത്, ആ സമയത്ത് ബാഴ്സലോണയുടെ ആസ്ഥാനത്ത് ടീം മാനേജ്മെന്റിനെതിരെ ആരാധകരുടെ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പുതിയ പ്രസിഡന്റായി ലപ്പേർഡ സ്ഥാനമേറ്റു. തിയറി ഹെന്ററിയെയോ ബെക്കാമിനെയോ റൊണാൾഡീഞ്ഞോയെയോ ടീമിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ ഞാൻ നിങ്ങൾക്ക് അത്ഭുതങ്ങൾ കാണിച്ചുതരാമെന്ന് ലപ്പേർഡ ആരാധകർക്ക് ഉറപ്പ് നൽകി. റൊണാൾഡീഞ്ഞോയെ ബാഴ്സ ടീമിലെത്തിച്ചു. അവിടെ നിന്നും അയാൾ രണ്ട് ലീഗ് കപ്പും ചാമ്പ്യൻസ് ലീഗും രണ്ട് സൂപ്പർ കപ്പും ടീമിന് നേടി കൊടുത്തു. ബാഴ്സയുടെ സ്വർണ്ണ കാലത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

ലാലിഗയിൽ അദ്ദേഹം നേടിയ ആദ്യം ഗോൾ തന്നെ ലാലിഗ ചരിത്രത്തിലെ മഹത്തായ ഗോളായി മാറി. സെവില്ല ഡിഫൻഡേഴ്സിനെ വെട്ടി ഒഴിഞ്ഞു മുപ്പത് വാര അകലെ നിന്നുള്ള ഗോളിൽ മുഴുവൻ ലോകവും അയാളിലേക്ക് കണ്ണെടുക്കാതെ നോക്കി. 2002 ൽ തന്നെയുള്ള ലോകകപ്പിൽ ബെക്കാമിന്റെ ഇഗ്ലണ്ടിനെതിരെ ക്വാർട്ടർ ഫൈനലിൽ നേടിയ ലോങ്ങ് റേഞ്ച് ഫ്രീകികിക്ക് ഗോളും തൊട്ടടുത്ത വർഷത്തെ ലാലിഗയിൽ വിയ്യാറലിനെതിരെ നേടിയ ബൈസിക്കിൾ ഗോളും ഇന്നും വിസ്മയമായി നിലനിൽക്കുന്നു.

2005 ൽ ബ്രസീലിന് കോൺഫെഡറേഷൻ കപ്പ് നേടി കൊടുത്ത താരം തൊട്ടടുത്ത വർഷത്തെ ലോകകപ്പിൽ പക്ഷെ നിരാശയായി. തൊട്ടടുത്ത വർഷം പക്ഷെ കൂടുതൽ ശക്തമായി തിരിച്ചു വന്ന താരം 14 വർഷങ്ങൾക്ക് ശേഷം ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുത്തു. തന്റെ 25 വയസ്സിനുള്ളിലായിരുന്നു ഈ നേട്ടങ്ങളൊക്കെയും.


25 വയസ്സോടെ ഡീഞ്ഞോയുടെ ഫോം പരിക്കിൽ തട്ടി നഷ്ട്ടമായി കൊണ്ടിരുന്നു. പിന്നീട് എസി മിലാനിലേക്കും ഫ്ലമിംഗോയിലേക്കും അത്ലറ്റിക്കോ മിനറോയിലേക്കും കൂടുമാറിയെങ്കിലും മികവ് തെളിയിക്കാനാവാതെ 2018 ൽ റൊണാൾഡിഞ്ഞോ ബൂട്ടഴിച്ച് ഫുട്ബോളിൽ നിന്ന് തിരിച്ചു നടന്നു.


പത്ത് വർഷത്തിന് താഴെ മാത്രമായിരുന്നു അയാളുടെ അസാമാന്യ കരിയറിന്റെ നീളം. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് അയാൾ നേടേണ്ടതെല്ലാം നേടി, വിസ്മയിപ്പിച്ചു ,ചിരിപ്പിച്ചു, പിന്നീട് ഒരു ഭൂതകാല കുളിർ പോലെയൊന്ന് ഓർക്കാനും കാണാനും ബാക്കിവെച്ച് മറ്റു ബ്രസീലിയരെ പോലെ ആൾകൂട്ടത്തിലേക്ക് മറഞ്ഞു.

ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫഡറേഷൻ കപ്പ്, ചാമ്പ്യൻസ് ലീഗ്, കോപ്പ ലിബർറ്റഡോറസ്, ബാലൻഡിയോർ, ഫിഫ പ്ലെയർ ഓഫ് ദി ഇയർ, യുവഫ പ്ലെയർ ഓഫ് ദി ഇയർ തുടങ്ങിയവയെല്ലാം നേടിയ ചരിത്രത്തിലെ ഒരേയൊരു താരം, ഫുട്ബാളിന്റെ നർത്തകനും സൗന്ദര്യ ഫുടബോളിന്റെ ഉസ്താദുമായ ഡീഞ്ഞോയ്ക്ക് 44 ആം പിറന്നാൾ ആശംസകൾ.

Content Highlights:The magician who made football an art form; Happy birthday Ronaldinho Gaúcho

dot image
To advertise here,contact us
dot image