'ഇങ്ങനെ യോർക്കർ എറിഞ്ഞാൽ എങ്ങനെ കളിക്കും?'; ​ഗില്ലിനെ അത്ഭുതപ്പെടുത്തിയ വൈശാഖ്

സിക്സറുകളും ബൗണ്ടറികളുമായി കളം നിറഞ്ഞിരുന്ന ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്‌ വൈശാഖിന്റെ പന്തുകൾ നേരിടാൻ ശരിയ്ക്കും വിയർത്തു

dot image

ഐപിഎല്ലിൽ ​പഞ്ചാബ് കിങ്സ് - ​ഗുജറാത്ത് ടൈറ്റൻസ് മത്സരം. പഞ്ചാബ് ഉയർത്തിയ 244 റൺസിന്റെ ​വമ്പൻ ലക്ഷ്യം ​ഗുജറാത്ത് പിന്തുടരുകയാണ്. ​14 ഓവറിൽ രണ്ടിന് 169 എന്ന ശക്തമായ നിലയിലെത്തി ഗുജറാത്ത്. പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ പുതിയൊരു ബൗളറെ പന്തേൽപ്പിച്ചു. വൈശാഖ് വിജയകുമാർ എന്ന പേസ് ബൗളർ.

സിക്സറുകളും ബൗണ്ടറികളുമായി കളം നിറഞ്ഞിരുന്ന ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്‌ വൈശാഖിന്റെ പന്തുകൾ നേരിടാൻ ശരിയ്ക്കും വിയർത്തു. ആദ്യ രണ്ട് ഓവറിൽ വൈശാഖ് വിട്ടുകൊടുത്തത് 10 റൺസ് മാത്രം. പതിയെ ​ഗുജറാത്ത് ടൈറ്റൻസ് സമ്മർദ്ദത്തിലായി. മൂന്നാം ഓവറിൽ വൈശാഖ് ഒരൽപ്പം അധികം റൺസ് വിട്ടുകൊടുത്തു. മത്സരത്തിൽ വിക്കറ്റ് നേടാനും കഴിഞ്ഞില്ല. പക്ഷേ വൈശാഖിന്റെ ഓവറുകൾ മത്സരത്തിന്റെ മൊമന്റം മാറ്റിക്കഴിഞ്ഞിരുന്നു. ഒടുവിൽ 11 റൺസ് അകലെ ​ഗുജറാത്ത് വീണു. മത്സരം കഴിഞ്ഞപ്പോൾ ​ശുഭ്മൻ ​ഗിൽ പറയുന്നത് ഇങ്ങനെ.

ഇത് എളുപ്പമല്ല. 15 ഓവർ കളത്തിന് പുറത്തിരുന്ന ഒരാൾ വന്ന് യോർക്കറുകൾ എറിയുന്നു. അത് എങ്ങനെ നേരിടാൻ കഴിയും. മത്സര ഫലം നിർണയിക്കുന്ന നിർണായക നിമിഷങ്ങളിലാണ് യോർക്കറുകൾ ലഭിക്കുന്നത്. വൈശാഖ് അഭിനന്ദനം അർഹിക്കുന്നു. ഇതായിരുന്നു ​ഗുജറാത്ത് നായകന്റെ വാക്കുകൾ.

ശരിക്കും പഞ്ചാബിന്റെ ഡ​ഗ് ഔട്ടിൽ നിന്നല്ല വൈശാഖ് കളത്തിലെത്തിയത്. മറിച്ച് ആർസിബിയുടെ ബൗളിങ് നിരയിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ വൈശാഖ് ആർസിബിയുടെ പേസറായിരുന്നു. നെറ്റ് ബൗളറായി സീസൺ തുടങ്ങി. പിന്നാലെ ബൗളറായി ലഭിച്ച അവസരം നന്നായി ഉപയോ​ഗിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ. മോശമല്ലാതെ പന്തെറിഞ്ഞിട്ടും ആർസിബി വൈശാഖിനെ നിലനിർത്തിയില്ല. ഇനി പഞ്ചാബിന്റെ പ്രതീക്ഷ. അതാണ് വൈശാഖ് വിജയകുമാർ.

Content Highlights: Shubman Gill praises Vyshak Vijay Kumar's brilliant bowling against GT

dot image
To advertise here,contact us
dot image