ധോണി CSK നായകനായി തിരിച്ചെത്തുമ്പോൾ ജഡേജയുടെ വിധി തന്നെയാവുമോ റുതുരാജിന്?

പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതോടെ രവീന്ദ്ര ജഡേജയുടെ ​ഗതി തന്നെയാവുമോ റുതുരാജ് ​ഗെയ്ക് വാദിനും?

dot image

ക്രിക്കറ്റ് പ്രേമികളെ വീണ്ടും ഞെട്ടിച്ച ഒരു തീരുമാനം കഴിഞ്ഞ ദിനമാണ് ഉണ്ടായത്. പരിതാപകരമായ ഒരു ഐപിഎൽ സീസണിനിടെ സ്ഥിരം നായകന് പരിക്കേൽക്കുന്നു. പുതിയ നായകനായി മുൻ നായകനായ ടീമിനായി അഞ്ചു തവണ ഐപിഎല്‍ കിരീടം നോടിക്കൊടുത്ത വെറ്ററൻ നായകനെ ക്യാപ്റ്റനായി അവരോധിക്കുന്നു. ഈ ദൃശ്യങ്ങൾ നമ്മൾ മുമ്പും കണ്ടിട്ടുണ്ട്. മുമ്പും ഇതേ പോലുള്ള സംഭവവികാസങ്ങളിലൂടെ ക്രിക്കറ്റ് ലോകം കടന്നുപോയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടുമൊരിക്കല്‍ക്കൂടി ടീമിന്റെ കടിഞ്ഞാണ്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയിലേക്കു തന്നെ തിരിച്ചുകൊടുക്കുമ്പോൾ എന്താവും ക്രിക്കറ്റ് ലോകത്തിന് ഇത് നൽകുന്ന സൂചന? സിഎസ് കെയ്ക്ക് ഇതൊരു തിരിച്ചുവരവിന്റെ പാത വെട്ടുമോ? പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതോടെ രവീന്ദ്ര ജഡേജയുടെ ​ഗതി തന്നെയാവുമോ റുതുരാജ് ​ഗെയ്ക് വാദിനും?

സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കൈമുട്ടിലെ പരിക്കു കാരണം പിന്‍മാറിയതോടെയാണ് ക്യാപ്റ്റന്‍സി ധോണിയെ ഏല്‍പ്പിച്ചതെന്നാണ് കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ് നിലവിലെ തലമാറ്റത്തെക്കുറിച്ച് പറയുന്നത്. ഈ പരിക്ക് ഇത്രയും ​ഗുരുതരമാണോ എന്നത് ഇനിയും വ്യക്തവുമല്ല. സത്യത്തിൽ, റുതുരാജിനു കീഴില്‍ ഈ സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ചെന്നൈക്കു ലഭിച്ചരിക്കുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ജയമടക്കം രണ്ടു പോയിന്റ് മാത്രമുള്ള അവര്‍ ഒമ്പതാം സ്ഥാനത്താണ്.

ഐപിഎല്ലില്‍ ഇതു രണ്ടാം തവണയാണ് ഒരു സീസണിന്റെ പകുതിയില്‍ വച്ച് ധോണി വീണ്ടും ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്. ഫ്ളമിങ്ങിന്റെ റിതുവിന്റെ പരിക്കിനെക്കുറിച്ചുള്ള ഔദ്യോ​ഗികഭാഷ്യം ഇതുവരെയും ഫാൻസിന് ദഹിച്ചിട്ടുമില്ല. 2022ലെ ഐപിഎല്‍ സീസണിലെ തനിയാവര്‍ത്തനമാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. തങ്ങളുടെ ക്യാപ്റ്റനെ പുറത്താകുന്ന പതിവ് ചെന്നൈക്കില്ല. പകരം അവര്‍ ഉപയോഗിക്കുന്ന രീതിയാണ് പരിക്ക്. 2022ലെ ഐപിഎല്ലും ഇതു നമ്മള്‍ കണ്ടതാണ്. അന്നു രവീന്ദ്ര ജഡേജയാണ് പരിക്കേറ്റ് പുറത്തായത്. ഇത്തവണ അതു റുതുരാജ് ഗെയ്ക്വാദാണെന്നാണ് ആരാധകര്‍ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

ഐപിഎല്‍ 2024 ന് തൊട്ടുമുമ്പാണ് ധോണിയില്‍ നിന്ന് സിഎസ്‌കെയുടെ ക്യാപ്റ്റനായി ഗെയ്ക്വാദ് ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായിരുന്നില്ല. അതേസമയം ഗെയ്ക്വാദിന് പരിക്കേറ്റതോടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനുള്ള ടീമിന്റെ ആവശ്യം ധോണി ഏറ്റെടുക്കുകയായിരുന്നു എന്നാണ് സിഎസ്‌കെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് പറയുന്നത്.

ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ധോണിക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയാണ് ഉള്ളത്. 43കാരനായ ധോണി ക്യാപ്റ്റനാവുമ്പോള്‍ പഴയ അത്ഭുതം ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ധോണി ബാറ്റിങ് ഓഡറില്‍ താഴേക്ക് ഇറങ്ങുന്നതിനെതിരേയും വിജയതൃഷ്ണയില്ലാത്ത ബാറ്റിങ് പ്രകടനത്തിനെതിരേയും വിമര്‍ശനം ശക്തമാണ്. അതിനിടെയാണ് ധോണി വീണ്ടും ക്യാപ്റ്റനാവുന്നത്. മറ്റ് ടീമുകളെല്ലാം ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്തിയെടുത്തിട്ടുണ്ടെങ്കിലും സിഎസ്‌കെ സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കിരീടം നേടുകയെന്ന പഴയ തന്ത്രത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഇത് ടീമിനെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. പണ്ട് ടീമിൽ ഏത് സിറ്റുവേഷനിലും വിശ്വസിക്കാൻ കഴിയുന്ന ഡ്വൈൻ ബ്രാവോയും അമ്പാട്ടി റായുഡുവും സുരേഷ് റെയ്നയുമൊക്കെ ഉണ്ടായിരുന്നു. ഇന്ന് അതേ സ്ഥാനത്തുള്ളത് വിജയ് ശങ്കറും മറ്റുമൊക്കെയാണ്. എന്തായാലും സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ ധോണി നായകനായാലും എളുപ്പമാവില്ലെന്നുറപ്പാണ്.

അതുപോലെ റിതുരാജ് പരിക്ക് മാറി തിരിച്ചെത്തിയാലും ക്യാപ്റ്റൻസി കിട്ടുമോ എന്ന കാര്യവും സംശയമാണ്. കാരണം ചരിത്രം അങ്ങനെയാണ്. നമുക്കറിയാം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസൺ തുടങ്ങുന്നതിനു തൊട്ടുമുമ്പ് എല്ലാവരെയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ധോണിയുടെ ക്യാപ്റ്റൻസി മാറ്റം. അന്ന് അദ്ദേഹം തന്റെ ക്യാപ്റ്റൻസി രവീന്ദ്ര ജഡേജയെ ഏൽപിക്കുകയായിരുന്നു. ചടുലനീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന മൈതാനത്തെ അതേ ശൈലി ഒരിക്കൽക്കൂടി മുഖമുദ്രയാക്കിയായിട്ടായിരുന്നു ഐപിഎല്ലിൽ ചെന്നൈയുടെ നായകസ്ഥാനത്തുനിന്നുള്ള മഹേന്ദ്രസിങ് ധോണിയുടെ പടിയിറക്കം. ആർക്കും ഒരു സൂചനയും നൽകാതെ, അപ്രതീക്ഷിതമായിട്ടായിരുന്നു ആ വിടവാങ്ങൽ.

നായകസ്ഥാനം രവീന്ദ്ര ജഡേജയ്ക്കു നൽകാനുള്ള തീരുമാനം ധോണിയുടേതു മാത്രമായിരുന്നുവെന്നാണ് ടീം അധികൃതർ അന്ന് ആ തീരുമാനത്തെ വിലയിരുത്തിയത്. അതിനു മുമ്പ് ടീമിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിച്ചു വന്നത് ധോണിയാണ്. ഇടയ്ക്ക് ധോണി വിശ്രമമായപ്പോൾ കുറച്ച് കളികളിൽ സുരേഷ് റെയ്ന ക്യാപ്റ്റനായി എന്നതൊഴിച്ചാൽ മറ്റാരും ടീമിനെ നയിച്ചിട്ടുണ്ടായിരുന്നില്ല.

‘മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്തുനിന്ന് മാറാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് അദ്ദേഹം. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും’ – ചെന്നൈ സൂപ്പർ കിങ്സ് അന്ന് പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു.

എന്നാൽ ജഡ്ഡുവിനു കീഴില്‍ സിഎസ്‌കെ തോല്‍വികളിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയാണ് പിന്നെ നമ്മൾ ആ ഐ പി എല്ലിൽ കണ്ടത്. ഗ്രൗണ്ടില്‍ പലപ്പോഴും തീരുമാനങ്ങളെടുക്കാന്‍ പോലും മുന്നോട്ടുവരാതെ ജഡേജ മാറിനില്‍ക്കുന്ന കാഴ്ചയും നമ്മൾ അന്ന് കണ്ടു. ഇതിനൊപ്പം മുമ്പുള്ള സീസണുകളിൽ കണ്ടിരുന്ന ജഡേജയുടെ നിഴൽ മാത്രമായിരുന്നു പ്രകടനത്തിലും. ഇതേ തുടര്‍ന്ന് ടീമിനു നിര്‍ദേശങ്ങള്‍ നല്‍കുകയും ഫീല്‍ഡിങ് ക്രമീകരിക്കുകയും ചെയ്തത് ധോണിയായിരുന്നു. ഒടുവില്‍ സിഎസ്‌കെയുടെ പ്ലേഓഫ് ഭീഷണിയിലായതോടെ സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റന്‍സി ഒഴിയുകയും ധോണിയെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

ശരിക്കും, അന്ന് ചെന്നൈ മാനേജ്മെന്റ് ഇടപെട്ട് ജഡേജയുടെ ക്യാപ്റ്റൻസി എടുത്തുമാറ്റുകയായിരുന്നു. അതിനു പിന്നാലെ പരിക്കാണെന്നു അറിയിച്ച് ജഡ്ഡു ടീം വിടുകയും ചെയ്തു. ആ സീസണിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം നീക്കം ചെയ്തിരുന്നു. ഇതൊടെ ജഡ്ഡുവിനു സിഎസ്‌കെയിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷമുള്ള സീസണിനു മുമ്പ് ധോണി പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്ന് അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതോടെ ജഡേജ ടീമില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് അന്ന് പുറത്തുവന്ന വിവരങ്ങൾ.

എംഎസ് ധോണിയെന്ന പേരിനൊപ്പം ക്യാപ്റ്റന്‍ എന്ന പട്ടവും ആരാധക ഹൃദയങ്ങള്‍ നല്‍കിയിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു. എവിടെയായാലും ധോണിയെന്ന താരത്തിന് മറ്റാരേക്കാളും സ്‌നേഹം ആരാധകര്‍ നല്‍കിയിരുന്നു. പ്രഥമ സീസണില്‍ സിഎസ്‌കെയെ ഫൈനലിലെത്തിച്ച ധോണിക്ക് പക്ഷെ കപ്പ് നേടിക്കൊടുക്കാനായില്ല. അന്ന് വോണിന്റെ രാജ്സ്ഥാനു മുന്നിൽ കീഴടങ്ങാനായിരുന്നു വിധി. എന്നാല്‍ 2008ല്‍ നിന്ന് 2025 ലേക്കെത്തിയപ്പോള്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് സിഎസ്‌കെയുടെ അലമാരയിലുള്ളത്. ആ ധോണി തിരിച്ചെത്തുമ്പോൾ തീർച്ചയായും ഇതൊരു ആവേശവരവ് തന്നെയാണ് സി എസ് കെയ്ക്ക്. പക്ഷേ, ഈ ടീമിനേയും വെച്ച് സി എസ് കെ കപ്പടിക്കുമോ എന്ന് കണ്ടറിയണം.

Content highlights: What will be the future of ruthuraj gaekwad when dhoni becomes the captain?

dot image
To advertise here,contact us
dot image