ഗാസ: ഗാസയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നടന്ന ഇസ്രയേലിന്റെ രണ്ട് വ്യോമാക്രമണങ്ങളില്‍ 50 കുട്ടികളടക്കം 84 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസ മുനമ്പില്‍ നടന്ന ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും കാണാതാകുകയും ചെയ്തിട്ടുണ്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിന്റെ നിരന്തരമുള്ള ആക്രമണത്തില്‍ ആരോഗ്യ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.
മഹാദുരന്തം വിതയ്ക്കുന്ന സ്ഥിതിയിലാണ് വടക്കന്‍ ഗാസയുള്ളതെന്ന് വിവിധ ഐക്യരാഷ്ട്ര സഭ ഏജന്‍സികളുടെ തലവന്മാരും വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ മുഴുവന്‍ പേരും രോഗങ്ങളാലും പട്ടിണിയാലും അക്രമങ്ങളാലും മരിക്കുമെന്ന സ്ഥിതിയാണുള്ളതെന്ന് യുഎന്‍ ഇന്റര്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഡ്രോണുകള്‍ റാന്ത് ചുറ്റുന്നതിനാല്‍ അടിയന്തര സഹായ സേനകള്‍ക്ക് പ്രദേശത്ത് എത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ട് മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങളിലാണ് ആളുകളെ ആശുപത്രിയിലെത്തിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പലസ്തീനിയന്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിന് വേണ്ടി സ്‌കൂളിനെ ക്യാമ്പാക്കി മാറ്റിയതാണ് നുസൈറത്ത് ക്യാമ്പ്. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇത്തരത്തിലുള്ള 200 ക്യാമ്പുകള്‍ ഗാസയില്‍ ആരംഭിച്ചിട്ടുണ്ട്. പലസ്തീന്‍ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ ഇസ്രയേല്‍ ഉത്സാഹം കാണിക്കുന്നുവെന്നും ക്യാമ്പില്‍ അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ആരുമുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷി അബു മുഹമ്മദ് അല്‍ തവീല്‍ പറഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരില്‍ അഞ്ച് മാസം മാത്രമുള്ള കുഞ്ഞുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'മരിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്. ഞാന്‍ ഇന്ന് കൊല്ലപ്പെട്ടില്ല. പക്ഷേ ഞാന്‍ നാളെകളില്‍ കൊല്ലപ്പെടാം. ഗാസ മുനമ്പില്‍ സുരക്ഷിതമായ ഒരു സ്ഥലവുമില്ല. എല്ലായിടത്തും കൂട്ടക്കൊലകള്‍ നടക്കുകയാണ്', അബു മുഹമ്മദ് പറഞ്ഞു.
ഗാസയില്‍ ഇതുവരെ 43, 259 പേര്‍ കൊല്ലപ്പെട്ടു. 101, 827 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലില്‍ 1139 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 2,897 പേര്‍ കൊല്ലപ്പെടുകയും 13, 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Content Highlights: 50 Children killed in Gaza