ജെറുസലേം: ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പുറത്താക്കി ബെഞ്ചമിൻ നെതന്യാഹു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനമെന്നത് അത്ഭുതം ഉളവാക്കിയിരിക്കുകയാണ്. നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു ആക്രമണത്തിന്റെ പേരിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.' കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗല്ലാന്റിനോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനമെടുക്കുന്നു'വെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേൽ വിദേശകാര്യമന്ത്രിയായ 'ഇസ്രയേൽ കാട്സ്' ആണ് ഗല്ലാന്റിന് പകരക്കാരനായെത്തുക. പുറത്താക്കിയ ശേഷവും രാജ്യത്തിന്റെ സുരക്ഷ തന്നെയാകും തന്റെ ലക്ഷ്യമെന്ന് ഗല്ലാന്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹിസ്ബുള്ളയുടെ കമാന്‍ഡര്‍ അബു അല്‍ റിദയെ വധിച്ചതായും ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ തുടര്‍ച്ചയായി നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളാണ് അബു അലി റിദ എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. അതേസമയം, റിദയുടെ മരണം എപ്പോഴായിരുന്നുവെന്ന കാര്യം ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല.
Content Highlights: Israels defence minister sacked by netanyahu