'മുറിവേറ്റ ലോകത്തെക്കുറിച്ചുള്ള പുസ്തകം'; ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്

സാമന്ത ഹാര്‍വേയുടെ 'ഓര്‍ബിറ്റല്‍' എന്ന നോവലാണ് ബുക്കര്‍ പ്രൈസിന് അര്‍ഹത നേടിയത്

dot image

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. സാമന്ത ഹാര്‍വേയുടെ 'ഓര്‍ബിറ്റല്‍' എന്ന നോവലാണ് ബുക്കര്‍ പ്രൈസിന് അര്‍ഹത നേടിയത്. ലണ്ടനിലെ ഓള്‍ഡ് ബില്ലിങ്‌സ്‌ഗേറ്റില്‍ വെച്ച് പുരസ്‌കാരം പ്രഖ്യാപിച്ചതോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബുക്കര്‍ പ്രൈസ് നേടുന്ന വനിതയായി സാമന്ത ഹാര്‍വേ മാറി. 50000 യൂറോയാണ് ബുക്കര്‍ പ്രൈസിന്റെ സമ്മാനത്തുക.

Booker prize winner Samantha Harvey
സാമന്ത ഹാർവേ

ലണ്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പുസ്തകമാണ് ഓര്‍ബിറ്റല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികരെ പിന്തുടരുന്ന, മറ്റൊരു കോണിലൂടെ ലോകത്തെ വീക്ഷിക്കുന്ന രീതിയിലാണ് ഓര്‍ബിറ്റലിനെ എഴുത്തുകാരി സമീപിച്ചിരിക്കുന്നത്. ഭൂമിക്ക് സംസാരിക്കുന്ന, ഭൂമിക്കെതിരെയല്ലാത്ത, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, സമാധാനത്തിന് എതിരല്ലാത്ത എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ഹാര്‍വേ പറഞ്ഞു.

'വില്‍റ്റ്‌ഷെയറിലെ ഒരു ഡെസ്‌കിലിരുന്ന് ഒരു സ്ത്രീ ബഹിരാകാശത്തെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ ആരെങ്കിലും തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ഈ പുസ്തകം എഴുതുമ്പോള്‍ ആലോചിച്ചിരുന്നു', ഹാര്‍വേ പറയുന്നു. പുരസ്‌കാരം ലഭിച്ചതില്‍ ഞെട്ടലും സന്തോഷവുമുണ്ടെന്നും ഈ പുരസ്‌കാരം തന്റെ ജീവിതം മാറ്റിമറിക്കുമെന്നും ഹാര്‍വേ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുരസ്‌കാര തുകയില്‍ ഒരു പുതിയ ബൈക്ക് വാങ്ങണമെന്നും അവര്‍ പറഞ്ഞു.

മുറിവേറ്റ ലോകത്തെക്കുറിച്ചുള്ള പുസ്തകമെന്നാണ് ജൂറിയായ എഡ്മണ്ട് ഡി വാല്‍ ഓര്‍ബിറ്റലിനെ വിശേഷിപ്പിച്ചത്. വിധികര്‍ത്താക്കള്‍ ഓര്‍ബിറ്റലിന്റെ എഴുത്തിന്റെ ഭംഗി തിരിച്ചറിയുകയും ഹാര്‍വേയുടെ ഭാഷയെ പ്രശംസിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. 136 പേജുള്ള ഓര്‍ബിറ്റല്‍ ഹാര്‍വേയുടെ അഞ്ചാമത്തെ നോവലാണ്. ആറ് ബഹിരാകാശ യാത്രികരുടെ ഒരു ദിവസത്തെ ജീവിതമാണ് പ്രമേയം. ഒരു ദിവസത്തെ 24 മണിക്കൂറില്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ കാണുന്നു.

Orbital by Samantha Harvey
പുരസ്കാരത്തിന് അർഹമായ പുസ്തം

ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് ഓര്‍ബിറ്റല്‍. 1979ല്‍ ബുക്കര്‍ പ്രൈസ് നേടിയ പെനെലോപ് ഫിറ്റ്‌സ്‌ഗെറാല്‍ഡിന്റെ ഓഫ്‌ഷോര്‍ എന്ന പുസ്തകമാണ് പുരസ്‌കാരം നേടിയ ഏറ്റവും ചെറിയ പുസ്തകം. 132 പേജായിരുന്നു ഓഫ്‌ഷോറിനുണ്ടായത്. ആദ്യ നോവലായ ദ വില്‍ഡെര്‍നെസില്‍ 2009ല്‍ തന്നെ ബുക്കര്‍ പ്രൈസിന്റെ ലോങ്‌ലിസ്റ്റില്‍ ഹാര്‍വേ ഇടംനേടിയിരുന്നു.

Content Highlights: British author Samantha Harvey wins Booker prize for Orbital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us