ജനന നിരക്കില്‍ ഇടിവ്; 'മിനിസ്ട്രി ഓഫ് സെക്‌സ്' പദ്ധതിയുമായി റഷ്യ

രാത്രികളില്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്ത് പങ്കാളികള്‍ സ്വകാര്യ നിമിഷമുണ്ടാക്കുക, ആദ്യ ഡേറ്റിന് ധനസഹായം തുടങ്ങിയവ പരിഗണനയിലാണ്

dot image

മോസ്‌കോ: രാജ്യത്തെ ജനന നിരക്കില്‍ വന്‍ ഇടിവുണ്ടായതോടെ 'സെക്‌സ് മന്ത്രാലയം' സ്ഥാപിച്ച് പ്രതിവിധി കാണാനൊരുങ്ങി റഷ്യ. തിരക്കാണെങ്കിലും പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമയം കണ്ടെത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെക്‌സ് മിനിസ്ട്രി സ്ഥാപിക്കാനുള്ള നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ഫാമിലി പ്രൊട്ടക്ഷന്‍ സമിതി വക്താവ് നീന ഒസ്താനിയയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വിവിധ നിര്‍ദേശങ്ങളാണ് അധികൃതര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. രാത്രി പത്തിനും പുലര്‍ച്ചെ രണ്ട് മണിക്കുമിടയില്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്ത് പങ്കാളികള്‍ക്ക് പരസ്പരം സ്വകാര്യ നിമിഷങ്ങളുണ്ടാക്കാനുള്ള സാഹചര്യമുണ്ടാക്കുക, മക്കളുള്ള വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക, ആദ്യ ഡേറ്റിങ്ങിന് 5000 റൂബിള്‍ വരെ ധനസഹായം നല്‍കുക, വിവാഹദിനം രാത്രി പ്രമുഖ ഹോട്ടലുകളില്‍ ചിലവഴിക്കാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം നിര്‍ദേശങ്ങള്‍ പരിശോധിച്ച് അവ സെക്‌സ് മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കണമെന്നാണ് ആവശ്യം.

വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി പുതുതായി കുഞ്ഞുണ്ടാകുന്ന ദമ്പതികള്‍ക്ക് പണം നല്‍കാനും നിര്‍ദേശമുണ്ട്. ഖബറോവ്സ്‌ക് മേഖലയില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ കുഞ്ഞിന് ജന്മം നല്‍കിയാല്‍ പുതിയ പദ്ധതിപ്രകാരം 900 യൂറോ വരെ (ഏകദേശം 97,311 രൂപ) സാമ്പത്തികസഹായം ലഭിക്കും. എന്നാല്‍ ചെല്‍യാബിന്‍സ്‌കില്‍ മേഖലയില്‍ ഇത് 8500 യൂറോ വരെയാണ് (ഏകദേശം 9.19ലക്ഷം രൂപ) സഹായം നല്‍കുന്നത്.

അടുത്തിടെ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവര ശേഖരണത്തിന്‌റെ ഭാഗമായി പ്രത്യേക ചോദ്യാവലികള്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. ലൈംഗികതയും ആര്‍ത്തവവുമായി ബന്ധപ്പെട്ടതായിരുന്നു പ്രധാന ചോദ്യങ്ങള്‍.

2022ല്‍ യുക്രൈനുമായി യുദ്ധം ആരംഭിച്ചത് മുതല്‍ നിരവധി പേര്‍ക്കാണ് റഷ്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ ജനനനിരക്ക് ഉയരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

Content Highlight: Russia to begin 'Ministry of sex' to tackle the dip in birth rate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us