നോർത്ത് കരോലിന: ലോട്ടറി ടിക്കറ്റുകൾ വാങ്ങുക എന്നത് ചില ആളുകളെ സംബന്ധിച്ച് ഒരു ദിനചര്യയോടടുത്തു നിൽക്കുന്ന സംഭവമാണ്. ദിവസേന അല്ലെങ്കിൽ ആഴ്ചയിൽ ഇത്രയെന്ന തരത്തിൽ ചിലർ ലോട്ടറി ടിക്കറ്റുകൾ വാങ്ങാറുണ്ട്. ഏത് വഴിയാണ് ഭാഗ്യം വരികയെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്. ഇത്തരത്തിൽ അവിചാരിതമായി ലോട്ടറി വാങ്ങി കോടിപതികളായവർ നിരവധിയാണ്. എന്നാൽ ഒരു ഓറഞ്ച് ജ്യൂസ് കാരണം കോടിപതിയായ ഒരാളെക്കുറിച്ച് കേട്ടാലോ?
അങ് അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. കെല്ലി സ്പാർ എന്ന യുവതിയാണ് ഇത്തരത്തിൽ കോടീശ്വരിയായത്. നോർത്ത് കരോലിനയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ വണ്ടിക്ക് ഇന്ധനം നിറയ്ക്കാനായി നിർത്തിയ കെല്ലിക്ക് പൊടുന്നനെ ഒരു ഓറഞ്ച് കുടിക്കാൻ തോന്നി. തൊട്ടടുത്ത് ഒരു കടയിൽ ഓറഞ്ച് ജ്യൂസ് കണ്ട കെല്ലി അത് വാങ്ങാൻ അങ്ങോട്ട് പോവുകയും ചെയ്തു.
അപ്പോഴാണ് കെല്ലി അവിടെ ലോട്ടറികൾ കണ്ടത്. ഒന്ന് ഭാഗ്യം പരീക്ഷിച്ചേക്കാമെന്ന തോന്നലിൽ കെല്ലി ഇരുപത് ഡോളറുടെ ടിക്കറ്റുകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. എന്നാൽ അവ 'മെറി മൾട്ടിപ്ലയർ സ്ക്രാച്ച് ടിക്കറ്റുകളായിരുന്നുവെന്ന്, സമ്മാനമാടിച്ചപ്പോളാണ് കെല്ലിക്ക് മനസിലായത് !
രണ്ട് കോടി രൂപയാണ് കെല്ലിക്ക് സമ്മാനമായി ലഭിച്ചത്. ' എന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. തീർച്ചയായും ഇത് ഞങ്ങളുടെ കുടുംബത്തെ സഹായിക്കും', എന്നായിരുന്നു കെല്ലിയുടെ ആദ്യ പ്രതികരണം. ഗ്യാസ് സ്റ്റേഷനിൽ നിർത്തി, ഒരു ഓറഞ്ച് ജ്യൂസ് കുടിക്കാൻ തോന്നിയില്ലായിരുന്നുവെങ്കിൽ തനിക്ക് ഈ ഭാഗ്യം കൈവരില്ലായിരുന്നുവെന്നും കെല്ലി പറഞ്ഞു. എന്തുതന്നെയായാലും കെല്ലിയുടെ ജീവിതത്തിൽ ഓറഞ്ച് ജ്യൂസ് വഴി ഒരു ഭാഗ്യം വന്നു. മറ്റുള്ളവരുടെ ജീവിതങ്ങളിൽ ഏത് വഴിക്കായിരിക്കുമാവോ ഭാഗ്യം വരിക?
Content Highlights: Orange juice helps women win lottery