കണ്ണൂര്‍: കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതിരോധത്തിലായി സിപിഐഎം. ഉപതിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം വോട്ടര്‍മാര്‍ക്ക് ഇടയില്‍ അവ്യക്തത സൃഷ്ടിച്ചെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിവാദം വോട്ടെടുപ്പ് പൂര്‍ത്തിയായ ചേലക്കരയില്‍ പ്രതികൂലമായേക്കാമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പാലക്കാടും ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. ഇ പിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുക എന്നാണ് പാര്‍ട്ടിയിലെ ധാരണ. എന്നാല്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരിശോധിക്കാനും പാര്‍ട്ടി തയ്യാറെടുക്കുകയാണ്.
അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇ പി പാലക്കാട്ടേക്ക് എത്തുന്നത്. പി സരിന്‍ അവസരവാദിയാണ് എന്ന് ഇ പിയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥയില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പില്‍ ഇത് ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്. പ്രത്യേകമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് ഇ പി ജയരാജന്‍ പങ്കെടുക്കുക. വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പൊതുയോഗം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ സരിനെ പറ്റിയും ഉയര്‍ന്നുവന്ന ആത്മകഥാ വിവാദത്തെപ്പറ്റിയും പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കുമെന്നാണ് സൂചന.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ഡി സി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടേതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. നൂറിലധികം പേജുള്ള ആത്മകഥയുടെ പിഡിഎഫും വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത് തന്റെ ആത്മകഥയല്ലെന്നും കവര്‍ ചിത്രമോ പേരോ തയ്യാറാക്കിയിട്ടില്ലെന്നും ഇ പി വ്യക്തമാക്കിയിരുന്നു. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസാധനം ചെയ്യാന്‍ ആര്‍ക്കും കരാര്‍ നല്‍കിയിട്ടില്ലെന്നും ഇ പി പ്രതികരിച്ചു. പിന്നാലെ പ്രസാധനം നീട്ടിവെക്കുന്നുവെന്ന് ഡിസിയും അറിയിച്ചു.
വിഷയത്തില്‍ ഡിസി ബുക്‌സിനെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് ഇ പിയുടെ ആവശ്യം. അല്ലാത്തപക്ഷം സിവില്‍ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിക്കും ഇ പി ജയരാജന്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: E P Jayarajan will attend election campaign in Palakkad