കൊളംബോ: ശ്രീലങ്കയിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മാർക്സിസ്റ്റ് ചായ്‌വുള്ള പ്രസിഡൻ്റ് അനുര കുമാര ദിസനായകെയെ സംബന്ധിച്ച് നിർണ്ണായകമാണ്. നിലവിൽ പോസ്റ്റൽ വോട്ടുകളുടെ ഫലും നേരത്തെ പുറത്ത് വന്ന അഭിപ്രായ സർവെകളും എൻപിപിക്ക് അനുകൂലമാണ്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട പോസ്റ്റൽ വോട്ടുകളുടെ കണക്ക് പ്രകാരം എൻപിപി ബഹുദൂരം മുന്നിലാണ്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നവംബർ 14ന് രാത്രി 9 മണിക്കാണ് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് ഫലങ്ങൾ പുറത്ത് വിട്ടത്. ശ്രീലങ്കൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് അനുകൂലമാണ്. ആകെയുള്ള പോസ്റ്റൽ വോട്ടുകളുടെ 79.22 ശതമാനവും എൻപിപിക്ക് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളിൽ രണ്ടാം സ്ഥാനം 9.01 ശതമാനം നേടിയ സജീത് പ്രേമദാസ നയിക്കുന്ന എസ്ജെപിക്കാണ്. പോസ്റ്റൽ വോട്ടുകളിൽ മൂന്നാമതെത്തിയത് 4.9 ശതമാനം വോട്ട് നേടിയ എൻഡിഎഫ് ആണ്.
ശ്രീലങ്കയിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചപ്പോൾ ഏകദേശം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കിയതിന് ശേഷം ഇന്ന് വൈകിട്ട് പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. തപാൽ വോട്ടുകളുടെ ഫലം ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്നും അന്തിമ ഫലം നാളെ പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.
നേരത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൻപിപി സ്ഥാനാർത്ഥിയായി മത്സരിച്ച ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നടന്ന അതിശക്തമായ ജനകീയ സമരത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്തംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നതും അനുര കുമാര ദിസനായകെ അധികാരത്തിൽ എത്തിയതും. ശ്രീലങ്കയിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളെയെല്ലാം അട്ടിമറിച്ച് ദിസനായകെ നോടിയ വിജയം ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നയസമീപനത്തിന് കിട്ടിയ പിന്തുണയായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. നിലവിലുണ്ടായിരുന്ന പാർലമെൻ്റിൽ ദിസനായകെയുടെ പാർട്ടിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 സെപ്തംബർ 24നായിരുന്നു ദിസനായകെ പാർലമെൻ്റ് പിരിച്ചുവിട്ടത്. രാജപക്‌സെ കുടുംബത്തിൻ്റെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിനായിരുന്നു പിരിച്ചുവിടപ്പെട്ട പാർലമെൻ്റിൽ 145 സീറ്റുകളുണ്ടായിരുന്നു. സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബലവേഗയ (എസ്‌ജെബി)ക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും വലിയ തമിഴ് കക്ഷിയായ ഇല്ലങ്കൈ തമിഴ് അരശു കക്ഷി (ഐടിഎകെ)ക്ക് 10 സീറ്റുകളും ഉണ്ടായിരുന്നു. ദിസനായകയുടെ എൻപിപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ള 13 സീറ്റുകൾ മറ്റ് ചെറിയ പാർട്ടികളുടേതായിരുന്നു. 2025 ഓഗസ്റ്റിലായിരുന്നു നിലവിലുണ്ടായിരുന്ന പാർലമെൻ്റിൻ്റെ അഞ്ചുവർഷ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.
അതിനാൽ തന്നെ ശ്രീലങ്ക പാർലമെൻ്റ് തിരഞ്ഞെടുപ്പിലേയ്ക്ക് പോകുമ്പോൾ തൻ്റെ നയസമീപനങ്ങൾ നടപ്പിലാക്കാൻ പറ്റുന്ന അംഗബലമുള്ള പാർലമെൻ്റ് ദിസനായകയെ സംബന്ധിച്ച് നിർണ്ണായകമാണ്. 255 അംഗ ശ്രീലങ്കൻ പാർലമെൻ്റിൽ കേവലഭൂരിപക്ഷത്തിനായി സീറ്റുകളെങ്കിലും ദിസനായകെയുടെ പാർട്ടി നേടേണ്ടതുണ്ട്. ദിസനായകെയുടെ പാർട്ടി അത്ര ജനകീയമായി മാറിയിട്ടില്ലെങ്കിലും ദിസനായകെയുടെ പ്രതിച്ഛായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൻപിപിയ്ക്ക് ഗുണകരമായി മാറിയിരുന്നു. എന്നാൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. എൻപിപിയുടെ പുതുമുഖങ്ങളായ സ്ഥാനാർത്ഥികൾ ശ്രീലങ്കയിലെ പരമ്പരാഗത രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്ന താരതമ്യേന പരിചയസമ്പന്നരായ എതിരാളികളെയാണ് നേരിടുന്നത്. ഈ വെല്ലുവിളി മറികടക്കാൻ എൻപിപി സ്ഥാനാർത്ഥികൾക്ക് ദിസനായകെയുടെ പ്രതിച്ഛായയുടെ പിൻബലമാത്രം മതിയാകുമേയെന്ന ചോദ്യത്തിന് കൂടിയാണ് ശ്രീലങ്ക ഉത്തരം നൽകാനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് ദിവസത്തിന് 48 മണിക്കൂർ മുമ്പ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിരുന്നു. 17.1 ദശലക്ഷം വോട്ടർമാർക്കാണ് ശ്രീലങ്കൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്താൻ അർഹതയുണ്ടായിരുന്നത്. ഇതിൽ 10 ലക്ഷം പേർ ആദ്യമായി വോട്ടുരേഖപ്പെടുത്തുന്നവരാണ്. 8,821 സ്ഥാനാർത്ഥികളാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് കീഴിൽ 22 നിയോജകമണ്ഡലങ്ങളിൽ നിന്ന് 196 അംഗങ്ങളെ വോട്ടർമാർ നേരിട്ട് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കുന്നതാണ് രീതി. ബാക്കിയുള്ള 29 സീറ്റുകൾ നിശ്ചയിക്കുക ഓരോ പാർട്ടിക്കും ലഭിക്കുന്ന ആകെ വോട്ടിൻ്റെ ആനുപാതിക വോട്ട് അനുസരിച്ചായിരിക്കും. ഒരു വോട്ടർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് മൂന്ന് മുൻഗണനാ വോട്ടുകൾ വരെ രേഖപ്പെടുത്താം. വെള്ളിയാഴ്ച ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും താമസിയാതെ തന്നെ മന്ത്രിസഭാ രൂപീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി പുതിയ പാർലമെൻ്റ് നവംബർ 21ന് ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവിൽ പുറത്ത് വന്നിരിക്കുന്ന എക്സിറ്റ് പോൾ എൻപിപിക്ക് അനുകൂലമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസി (ഐഎച്ച്പി)യുടെ എക്സിറ്റ് പോൾ ഫലസൂചനയെ അടിസ്ഥാനപ്പെടുത്തി ഒക്ടോബർ അവസാനവും നവംബർ ആദ്യവും മുതിർന്ന പൗരന്മാർക്കിടയിൽ എൻപിപിയുടെ പിന്തുണ 53 ശതമാനമായിരുന്നു. എസ്ജെപിക്ക് 26 ശതമാനവും എൻഡിഎഫിന് 9 ശതമാനവും പിന്തുണയുണ്ടായിരുന്നു.
Content Highlight: