വാഷിങ്ടണ്‍: വാക്‌സിന്‍ വിരുദ്ധന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആരോഗ്യ മനുഷ്യ സേവന വകുപ്പ് സെക്രട്ടറിയായാണ് കെന്നഡി ജൂനിയറെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ട്രംപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോബര്‍ട്ട് എഫ് കെന്നഡിയെ തിരഞ്ഞെടുത്തതില്‍ താന്‍ ത്രില്ലില്ലാണെന്നും ട്രംപ് പറഞ്ഞു.
'ഏതൊരു ഭരണകൂടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് എല്ലാ അമേരിക്കക്കാരുടെയും ആരോഗ്യവും സുരക്ഷയും. മാരകമായ കെമിക്കലുകള്‍, മലിനീകരണം, കീടനാശിനികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി രാജ്യത്തെ ആരോഗ്യ സംവിധാനത്തെ ബാധിക്കുന്ന ഘടകങ്ങളില്‍ നിന്നും എല്ലാവരെയും സംരക്ഷിക്കും', ട്രംപ് എക്‌സില്‍ കുറിച്ചു. ക്രോണിക് ഡിസീസ് പകര്‍ച്ചവ്യാധികളെ അവസാനിപ്പിക്കുന്നതിനും വീണ്ടും ആരോഗ്യകരമായി അമേരിക്കയെ മാറ്റുന്നതിനും കെന്നഡി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി അമേരിക്കയിലെ വാക്‌സിന്‍ വിരുദ്ധ സൈദ്ധാന്തികരിലൊരാളാണ് കെന്നഡി. മാത്രവുമല്ല, വാക്‌സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് തെറ്റായ സിദ്ധാന്തങ്ങളും ഇദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്.
അതേസമയം കാര്യക്ഷമതാ വകുപ്പ് നല്‍കിയ ഇലോണ്‍ മസ്‌കിനും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കും ശമ്പളമില്ലെന്ന് വ്യക്തമാക്കി മസ്‌ക് തന്നെ രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സെനറ്ററായ എലിസബത്ത് വാറന്‍ ഒരാള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേര്‍ എന്ന് പരിഹാസരൂപേണ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മസ്കിന്റെ മറുപടി.
നിങ്ങളെപ്പോലെയല്ല, തങ്ങള്‍ രണ്ട് പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാന്‍ ശമ്പളം വാങ്ങുന്നില്ലെന്ന് മസ്‌ക് മറുപടി നല്‍കുകയായിരുന്നു. 'ഡോഗ്' ജനങ്ങള്‍ക്കായി വലിയ കാര്യങ്ങള്‍ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം' എന്നായിരുന്നു മസ്‌കിന്റെ മറുപടി. ശമ്പളമില്ലാത്ത മന്ത്രിമാര്‍ എന്ന ഈ ട്വീറ്റ് ഇപ്പോള്‍ തന്നെ അമേരിക്കക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Content Highlights: Donald Trump appointed Anti vaccine conspiracy theorist Robert F Kennedy Jr as health secretary