ഇസ്‌ലമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇമ്രാന്‍ അനുയായികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നാല് അര്‍ധസൈനികരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ശക്തമായി അപലപിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഷെഹ്ബാസ് ഷരീഫ് പറഞ്ഞു. സംഘര്‍ഷത്തിന് പിന്നാലെ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിയുതിര്‍ത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
തോഷഖാന കേസ് അടക്കമുള്ള വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍. താനടക്കമുള്ള തടവുകാരെ മോചിപ്പിക്കണമെന്ന ഇമ്രാന്റെ ആഹ്വാനം ഏറ്റെടുത്താണ് അനുയായികള്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈവേകള്‍ അടച്ചതായും വിവരമുണ്ട്.
Content Highlights- Imran khan supporters breach lockdown in Islamabad, 6 killed in violence