കഴിഞ്ഞ പതിനാല് മാസത്തോളമായി തുടരുന്ന ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിന് വെടിനിർത്തലായിരിക്കുകയാണ്. വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ പലായനം ചെയ്ത ആയിരക്കണക്കിന് ലെബനീസ് വംശജരാണ് തെക്കൻ ലെബനനിലേയ്ക്ക് മടങ്ങിയെത്തുന്നത്. കരാർ പ്രകാരം തെക്കൻ ലെബനനിൽ നിലയുറപ്പിക്കേണ്ട ലെബനീസ് സൈന്യവും ഇവിടേയ്ക്ക് എത്തിതുടങ്ങിയിട്ടുണ്ട്. ലെബനീസ് സൈന്യത്തിൻ്റെ ഒരു റെജിമെൻ്റ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായ ക്വലായയിലെത്തുന്നത് നാട്ടുകാർ ആഘോഷിക്കുന്ന ദൃശ്യം സിഎൻഎസ് പങ്കുവെച്ചിട്ടുണ്ട്. ക്വലായി നിവാസികൾ ലെബനീസ് സൈന്യത്തിന് ആഹ്ലാദകരമായ സ്വീകരണം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബുധനാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്ന വെടിനിർത്തലിന് മുൻകൈ എടുത്തത് അമേരിക്കയും ഫ്രാൻസുമാണ്. സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബോഡൻ തന്നെയാണ് വെടിനിർത്തൽ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്ത് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാറിലെ ധാരണകൾ പത്തിനെതിരെ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകരിച്ചത്. ഇതോടെ ഇസ്രയേലിലെ പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഏതാണ്ട് പതിനാല് മാസത്തോളം നീണ്ട ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 3823 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഹിസ്ബുള്ളയെ ഭീകരസംഘടന എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജോ ബൈഡൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ ഹിസ്ബുള്ളയെയും മറ്റ് ഭീകരസംഘടനകളെയും വീണ്ടും സമ്മതിക്കില്ലെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. രണ്ട് പ്രദേശത്തെയും സാധാരണ പൌരന്മാർക്ക് എത്രയും വേഗം അവരുടെ പ്രദേശങ്ങളിലേയ്ക്ക് സുരക്ഷിതരായി മടങ്ങിയെത്താൻ കഴിയുമെന്നായിരുന്നു ബൈഡൻ്റെ പ്രഖ്യാപനം.
I applaud the courageous decision by the leaders of Lebanon and Israel to end the violence.
— President Biden (@POTUS) November 27, 2024
It reminds us that peace is possible.
And so long as that is the case, I will not for a single moment stop working to achieve it. pic.twitter.com/MF57EXflzk
ഹിസ്ബുള്ള നടത്തുന്ന ഏത് വെടിനിർത്തൽ കരാർ ലംഘനങ്ങളോടും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പോടെയായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ചാൽ വിജയം കാണുന്നത് വരെയുള്ള പോരാട്ടം ഉണ്ടാകുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തിരുന്നു. അമേരിക്കയുമായി ചേർന്ന് പൂർണ്ണമായ സൈനിക പ്രവർത്തന സ്വാതന്ത്ര്യം നിലനിർത്തുന്നുവെന്നും ഹിസ്ബുള്ള കരാർ ലംഘിക്കുകയോ പുനഃസജ്ജമാകാൻ ശ്രമിക്കുകയോ ചെയ്താൽ നിർണ്ണായകമായ തിരിച്ചടികൾ ഉണ്ടാകുമെന്നും നെതന്യാഹു ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ദുർബലപ്പെട്ട ആയുധവിതര സംവിധാനത്തെ ശക്തിപ്പെടുത്താനും, സൈന്യത്തിന് വിശ്രമം നൽകാനും, ഹമാസിനെ ഒറ്റപ്പെടുത്താനും ഈ ഉടമ്പടി ഇസ്രായേലിനെ അനുവദിക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. യുദ്ധം ഹിസ്ബുള്ളയെ ദുർബലപ്പെടുത്തിയെന്നും ഉന്നത നേതാക്കളെ വധിച്ചത് വഴി ഹിസ്ബുള്ളയെ പതിറ്റാണ്ടുകൾ പിന്നോട്ട് പിന്നോട്ടടിച്ചെന്നും നെതന്യാഹു പ്രസംഗത്തിൽ അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ ആയുധങ്ങളും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചെന്നുമാണ് നെതന്യാഹുവിൻ്റെ അവകാശവാദം. യുദ്ധത്തിനെതിരായ ഇസ്രയേലിൽ ഉണ്ടായിരിക്കുന്ന ജനരോഷം തണുപ്പിക്കുക എന്നതും വെടിനിർത്തലിൻ്റെയും നെതന്യാഹുവിൻ്റെ പ്രസംഗത്തിൻ്റെയും ലക്ഷ്യമായി വിലയിരുത്തപ്പെടുന്നുണ്ട്.
This is the full statement by Benjamin Netanyahu, with English subtitles, on the ceasefire deal, Gaza, Iran, and many other issues Israel is focusing on.
— Vivid.🇮🇱 (@VividProwess) November 27, 2024
Have a listen.pic.twitter.com/R7qNW6wU2M
ഇസ്രായേലിനെതിരെ വിജയം നേടിയെന്നാണ് ഹിസ്ബുളളയുടെ അവകാശവാദം. പോരാളികള്‍ സജ്ജരെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു. വെടിനിർത്തൽ കരാർ ചർച്ചകളിൽ ഹിസ്ബുള്ള നേരിട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ തന്നെ ഭീഷണി സ്വഭാവത്തിലുള്ള അമേരിക്കൻ-ഇസ്രയേൽ നിലപാടുകളോട് ഹിസ്ബുള്ളയുടെ പ്രതികരണം എന്തായിരിക്കുമെന്നത് വെടിനിർത്തൽ കരാറിൻ്റെ ഭാവിയെ സംബന്ധിച്ച് നിർണ്ണായകമാണ്. ലെബനെതിരായ ഇസ്രയേലിൻ്റെ ആക്രമണം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു വെടിനിർത്തലിനോടുള്ള ഇറാൻ്റെ പ്രതികരണം. ലെബനീസ് സർക്കാരിനും രാഷ്ട്രത്തിനും അവരുടെ പ്രതിരോധത്തിനും ഉറച്ച പിന്തുണ നൽകുന്നുവെന്നായിരുന്നു ഇറാൻ വക്താവ് ഇസ്മയിൽ ബഗായി വ്യക്തമാക്കിയത്. നേരത്തെ നെതന്യാഹു, ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടികൾ ചൂണ്ടിക്കാണിച്ച് ഗാസയിൽ വെടിനിർത്തൽ വേണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നതെന്നും ഇറാൻ വ്യക്തമാക്കി. "അധിനിവേശ ഭരണകൂടത്തിലെ കുറ്റവാളികളെ" വിചാരണ ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നായിരുന്നു ഇറാൻ്റെ പ്രതികരണം.
നിലവിലെ കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നും പിൻവാങ്ങും. ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ പിന്മാറുന്നതോടെ ഐഡിഎഫ് ലെബനനിൽ നിന്നും പൂർണ്ണമായും പിൻവാങ്ങും. ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ലിതാനി നദിയുടെ തെക്ക് ഭാഗത്ത് ഹിസ്ബുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 5,000 സൈനികരെയെങ്കിലും വിന്യസിക്കുകയും ചെയ്യുമെന്നും വെടിനിർത്തൽ കരാർ വിഭാവനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ഒരു ബഹുരാഷ്ട്ര സമിതിയും ഹിസ്ബുള്ളയുടെ നീക്കങ്ങൾ നിരീക്ഷിക്കും.
ഇത്തവണ അമേരിക്കയുടെ അധ്യക്ഷതയിൽ ഒരു എൻഫോഴ്‌സ്‌മെൻ്റ് മെക്കാനിസം ഉണ്ടാകുമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഫ്രാൻസും അതിൽ അംഗമാകും. നയതന്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് വെടിനിർത്തൽ കരാർ ലംഘനങ്ങൾ സംബന്ധിച്ച ഇരുഭാഗത്തിൻ്റെയും പരാതികൾ തീർപ്പാക്കുക. വെടിനിർത്തൽ കരാർ നടപ്പാക്കുന്നത് ഉറപ്പാക്കാൻ ലെബനൻ സൈന്യത്തിന് ശരിയായ പരിശീലനവും സജ്ജീകരണവും ഉണ്ടെന്ന് ഉറപ്പാക്കുന്നതും പാനലിൻ്റെ ചുമതലയാണ്.
2006-ലെ യുഎൻ സന്ധിയായ 'പ്രമേയം 1701' അടിസ്ഥാനത്തിലാണ് നിലവിലെ വെടിനിർത്തൽ കരാറിന്റെ ചർച്ചകൾ നടന്നത്. ലെബനനിലെ ലിറ്റാനി നദിക്ക് തെക്ക് ഭാഗത്ത് ലെബനൻ സൈന്യവും യുഎൻ സമാധാന സേനയും (UNIFIL) മാത്രമേ സായുധ സംഘങ്ങളായി ഉണ്ടാകാവു എന്നായിരുന്നു രണ്ടാം ലെബനൻ യുദ്ധത്തെത്തുടർന്ന് നിലവിൽ വന്ന 'പ്രമേയം 1701' എന്ന 2006 ലെ യുഎൻ ഉടമ്പടിയുടെ വ്യവസ്ഥ.
എന്നിരുന്നാലും, ഹിസ്ബുള്ള ഒരിക്കലും പിൻവാങ്ങിയിട്ടില്ലെന്നും യുണിഫിലിന് ഒരിക്കലും 'പ്രമേയം 1701' പ്രകാരമുള്ള ചുമതല നിർവഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇസ്രായേൽ ആരോപണം. 'പ്രമേയം 1701' നിലവിഷ വന്നതിന് ശേഷം നടന്ന കരാർ ലംഘനങ്ങൾ യുഎൻ സേന പ്രോസിക്യൂട്ട് ചെയ്തില്ലെന്നും ഇസ്രയേൽ ആരോപിക്കുന്നു.
എന്നാൽ ഈ വീഴചകളൊന്നും ഇല്ലാതെ ഇത്തവണ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ കർശനമായി നടക്കിലാക്കുമെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം ലെബനൻ യുദ്ധത്തെ തുടർന്നുള്ള വർഷങ്ങളിലെ പോലെ എൻഫോഴ്‌സ്‌മെൻ്റ് കമ്മിറ്റി ഒരു "മെയിൽബോക്‌സ്" ആയിരിക്കില്ലെന്നാണ് ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്. കരാർ ലംഘനങ്ങൾ ഉണ്ടായാൽ അതേ സമയം ശക്തമായി പ്രതികരിക്കുമെന്ന സൂചനകളാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയ അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
2006ൽ സംഭവിച്ച പാളിച്ചകൾ ഉണ്ടാകില്ലെന്ന് അമേരിക്ക ഉൾപ്പെടെയുള്ളവർ പറയുമ്പോൾ ഹിസ്ബുള്ളയുടെ തിരിച്ചവരവിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് കൂടിയാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇത്തരം നീക്കങ്ങളോട് ഹിസ്ബുള്ള എത്രകാലം സഹകരിക്കും, ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതൊക്കെ വെടിനിർത്തൽ കരാറിൻ്റെ ആയുസ്സിനെ നിർണ്ണയിക്കുമെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേൽ ഗാസയെ ലക്ഷ്യംവെച്ച് ആരംഭിച്ച യുദ്ധമാണ് ആരംഭിച്ച യുദ്ധമാണ് പതിനാല് മാസം നീണ്ട ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൻ്റെ ആസന്നമായ കാരണം. പിന്നീട് തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തെയും ഇതിലൂടെ ഇസ്രയേൽ ലക്ഷ്യമിട്ടു. ഹിസ്ബുള്ളയുടെ സമുന്നത നേതാവായിരുന്ന ഹസൻ നസ്റല്ലയെ അടക്കം ഇസ്രയേേൽ തിരഞ്ഞുപിടിച്ച് വധിച്ചിരുന്നു.
കഴിഞ്ഞ പതിനാല് മാസത്തിനിടെ ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ടവത് 3,500 ലേറെ ലെബനനികളാണെന്നാണ് ലെബനീസ് ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക്. ഇസ്രയേലിൽ കൊല്ലപ്പെട്ടത് 75 സാധാരണക്കാരാണ്. പോരാട്ടത്തെ തുടർന്ന് 60,000 ഇസ്രായേലികളെയാണ് ലെബനീസ് അതിർത്തിയിൽ നിന്നും മാറ്റിപാർപ്പിച്ചത്.
Content Highlights: Residents cheer as Lebanese army arrives in southern Lebanon village