ബെയ്റൂട്ട്: ഇസ്രയേൽ സൈന്യം വെടിനിർത്തൽ ലംഘിച്ചതായി ലെബനൻ സൈന്യം. തെക്കൻ ലെബനനിലെ അതിർത്തി പ്രദേശങ്ങളിൽ ഇസ്രയേലി സൈന്യം ആറ് വട്ടം വെടിയുതിർത്തെന്നാണ് ലെബനൻ സൈന്യം ആരോപിക്കുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ തെക്കൻ ലെബനനിലെ അതിർത്തി പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയ ലൈബനീസ് വംശജർക്ക് നേരെ വെടിയുതിർത്തെന്നാണ് സൈന്യം ആരോപിക്കുന്നത്. വീടുകളിലേയ്ക്ക് മടങ്ങുന്നവർക്കൊപ്പം ഹിസ്ബുള്ള പോരാളികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇസ്രയേൽ സൈന്യം വെടിയുതിർത്തത്.
ഇതിനിടെ ഇസ്രയേൽ സൈന്യം വീണ്ടും തെക്കൻ ലെബനനിൽ കർഫ്യൂ പ്രഖ്യാപിച്ചു. മുമ്പ് അധിനിവേശം നടത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിൽ നിന്ന് ലെബനൻ ജനതയോട് വിട്ടുനിൽക്കണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 ചതുരശ്ര കിലോമീറ്റർ (193 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള തെക്കൻ ലെബനനിലെ 62 ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിനെതിരെയും ഇസ്രായേലി സൈനിക വക്താവ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി.
തെക്കൻ ലെബനനിൽ മിഡ് റേഞ്ച് റോക്കറ്റുകൾ സൂക്ഷിക്കാൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന സൗകര്യം തങ്ങളുടെ വ്യോമസേന വ്യാഴാഴ്ച ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണ് ഹിസ്ബുള്ള നടത്തിയതെന്നും ഇസ്രയേൽ ആരോപിച്ചു.
ബുധനാഴ്ച പുലർച്ചെ മുതൽ നിലവിൽ വന്ന ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തലിന് മുൻകൈ എടുത്തത് അമേരിക്കയും ഫ്രാൻസുമാണ്. സ്ഥാനമൊഴിയാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബോഡൻ തന്നെയാണ് വെടിനിർത്തൽ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്ത് രൂപപ്പെടുത്തിയ വെടിനിർത്തൽ കരാറിലെ ധാരണകൾ പത്തിനെതിരെ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇസ്രയേലിലെ പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. ഏതാണ്ട് പതിനാല് മാസത്തോളം നീണ്ട ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടത്തിൽ 3823 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
നിലവിലെ കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നും പിൻവാങ്ങും. ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ പിന്മാറുന്നതോടെ ഐഡിഎഫ് ലെബനനിൽ നിന്നും പൂർണ്ണമായും പിൻവാങ്ങും. ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ലിതാനി നദിയുടെ തെക്ക് ഭാഗത്ത് ഹിസ്ബുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 5,000 സൈനികരെയെങ്കിലും വിന്യസിക്കുകയും ചെയ്യുമെന്നും വെടിനിർത്തൽ കരാർ വിഭാവനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ഒരു ബഹുരാഷ്ട്ര സമിതിയും ഹിസ്ബുള്ളയുടെ നീക്കങ്ങൾ നിരീക്ഷിക്കും.
Content Highlights: The Lebanese army says Israeli forces have violated the new ceasefire