ബെയ്ജിങ്: അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ നടപടി പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായ അഡ്മിറൽ മിയാവോ ഹുവയെ ആണ് ഏറ്റവും ഒടുവിൽ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹുവയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജൂനെയും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് അന്വേഷണവിധേയനാക്കിയതായി മുൻ അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന ഈ റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്.
നിലവിൽ നടപടിക്ക് വിധേയനായിരിക്കുന്ന 69 കാരനായ അഡ്മിറൽ മിയാവോ ഹുവ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി സംശയിക്കുന്നുവെന്നാണ് ചൈനീസ് പ്രതിരോധ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. മിയാവോയ്‌ക്കെതിരായ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയരുമ്പോൾ നൽകുന്ന വിശദീകരണമാണ് ചൈന ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെയും പരമോന്നത സൈനിക നേതൃത്വമായ സെൻട്രൽ മിലിട്ടറി കമ്മീഷനിലെ (സിഎംസി) അംഗമായിരുന്നു അഡ്മിറൽ മിയാവോ. പാർട്ടി പ്രത്യയശാസ്ത്രവും വ്യക്തിത്വ മാറ്റങ്ങളും കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ സിഎംസിയിലെ രാഷ്ട്രീയ പ്രവർത്തന വിഭാഗത്തിൻ്റെ ഡയറക്ടർ കൂടിയാണ് മിയാവോ. നിലവിൽ മിയാവോ സസ്പെൻഡ് ചെയ്യപ്പെട്ടതോടെ ഏഴംഗ സിഎംസിയിൽ അഞ്ച് അംഗങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. പ്രസിഡൻ്റ് ഷി ജിൻപിങ് അധ്യക്ഷനായ സമിതിയിൽ ഷിയ്ക്കും രണ്ട് വൈസ് ചെയർമാൻമാർക്കും പുറമെ രണ്ട് അംഗങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ചൈനയെ സംബന്ധിച്ച് കഴിഞ്ഞ ദശാബ്ദത്തിനിടയ്ക്ക് ഇത് അപൂർവ്വ സാഹചര്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഡോങ്ങിൻ്റെ മുൻഗാമികളായിരുന്ന ലീ ഷാങ്ഫുവിനെയും ലി വെയ് ഫെംഗെയെയും നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയിരുന്നു. ഏഴുമാസം മാത്രം പ്രതിരോധമന്ത്രി സ്ഥാനത്ത് ഉണ്ടായിരുന്ന ലീ ഷാങ്ഫുവിനെ 2023 ഒക്ടോബറിൽ മാറ്റിയാണ് ലി വെയ് ഫെംഗെയെ പിൻഗാമിയായി നിശ്ചയിച്ചത്.എന്നാൽ 2024 ജൂണിൽ ലീയെയും വെയ് ഫെംഗെയെയും അഴിമതി ആരോപണത്തിൻ്റെ പേരിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കുകയായിരുന്നു. 2023 ൽ നീക്കം ചെയ്യപ്പെട്ട മുൻ പ്രതിരോധമന്ത്രി മുൻ പ്രതിരോധ മന്ത്രി ലി ഷാങ്ഫുവും ഏഴംഗ സെൻട്രൽ മിലിട്ടറി കമ്മീഷൻ്റെ ഭാഗമായിരുന്നു.
2023 സെപ്തംബറിൽ, അന്നത്തെ പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സൈന്യത്തിനുള്ളിൽ ഉയർന്ന സമഗ്രതയുടെയും ഐക്യത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് അതേ മാസം തന്നെ ഷി ജിൻപിങ് സംസാരിച്ചിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കുള്ള സന്ദേശമാണ് അതെന്ന് അന്ന് തന്നെ വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
2023 ജൂലൈയിൽ രണ്ട് റോക്കറ്റ് ഫോഴ്‌സ് കമാൻഡർമാരുടെ സ്ഥാനക്കയറ്റത്തിൽ ഷി ഒപ്പുവെച്ച് വാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കീഴിൽ കര അധിഷ്ഠിത ആണവ, പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളുടെ ചുമതല വഹിക്കുന്നവരാണ് റോക്കറ്റ് ഫോഴ്സ് കമാൻഡർമാർ. വാങ് ഹൂബിൻ, പൊളിറ്റിക്കൽ കമ്മീഷണർ സൂ സിഷെങ് എന്നിവരെയായിരുന്നു ഈ ചുമതലയിലേയ്ക്ക് ഷി നിയമിച്ചത്.
മുൻ കമാൻഡർമാരായ ജനറൽ ലിയു ഗ്വാങ്‌ബിൻ, ജനറൽ ലി യുചാനോ എന്നിവരെ അഴിമതി വിരുദ്ധ നീക്കത്തിൻ്റെ ഭാഗമായി നീക്കം ചെയ്തതായി ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2023 അവസാനമായപ്പോഴേയ്ക്കും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഒമ്പത് ജനറൽമാരെയും രാജ്യത്തിൻ്റെ നിയമനിർമ്മാണ സമിതിയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
മുൻ പ്രതിരോധ മന്ത്രി വെയ് ഫെംഗെ വ്യക്തിപരമായ ക്രമീകരണങ്ങളിലൂടെ അനുചിതമായ ആനുകൂല്യങ്ങൾ നേടാൻ മറ്റുള്ളവരെ സഹായിച്ചുവെന്നും അതിലൂടെ രാഷ്ട്രീയവും സംഘടനാപരവുമായ ഗുരുതരമായി അച്ചടക്കം ലംഘനം നടത്തിയെന്നും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.
2013ൽ അധികാരത്തിൽ എത്തിയത് മുതൽ അഴിമതിയാരോപണങ്ങളിൽപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരെ 'ശുദ്ധീകരിക്കുന്ന' നടപടികൾ കണിശമായി തന്നെയാണ് ഷി ജിൻപിങ് മുന്നോട്ടു കൊണ്ടുപോകുന്നത്. ചില ഉദ്യോഗസ്ഥർക്ക് പകരം തനിക്ക് കൂടുതൽ അനുകൂലമായ ആളുകളെ നിയമിക്കുന്നതിനും അധികാരം അദ്ദേഹത്തിന് അനുകൂലമായി കേന്ദ്രീകരിക്കുന്നതിനുമായാണ് ഷി ഇത്തരം നടപടികൾക്ക് മുതിരുന്നതെന്നും വിമർശനങ്ങളുണ്ട്. എന്നാൽ ഉദ്യോഗസ്ഥരെ അനായാസം 'ശുദ്ധീകരിക്കാനുള്ള' ഷിയുടെ കഴിവ് ചൈനീസ് കമ്മ്യണിസ്റ്റ് പാർട്ടിയിലും ഭരണകൂടത്തിലുമുള്ള ഷിയുടെ പൂർണ്ണമായ നിയന്ത്രണത്തിൻ്റെ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: China’s corruption ‘purge Xi Jinping suspended two senior military officials