സിംഗപ്പൂർ: യാത്രക്കാരുടെ തിരക്കിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആകെ അങ്കലാപ്പിലായിരുന്നു സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തിലെ ജീവനക്കാര്‍. എത്തിയത് മറ്റാരുമല്ല, ഒരു കുരങ്ങനാണ്. വിമാനത്താവളത്തിലെ കാഴ്ചകള്‍ ആസ്വദിച്ച് നടക്കുന്ന കുരങ്ങനോട് പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു ജീവനക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സാവധാനത്തില്‍ കുരങ്ങന് പുറത്തേക്ക് പോകാനുള്ള വഴി കാണിച്ചുകൊടുക്കുന്ന ജീവനക്കാരിയാണ് വീഡിയോയിലെ താരം.
കുരങ്ങുകളോട് പോലും ഇത്രയും ശാന്തതയോടെ സംസാരിക്കുന്ന ജീവനക്കാരിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രസകരമായ പല കമന്റുകളും വീഡിയോക്ക് താഴെ കാണാം. ജസ്റ്റിസ് സണ്‍ എന്ന കോടിപതി 6.2 ദശലക്ഷം ഡോളറിന് വാങ്ങിയ വാഴപ്പഴ കലാസൃഷ്ടി കഴിച്ച് തീര്‍ത്ത സംഭവത്തെ കുറിച്ചും കമന്റുകളില്‍ ചര്‍ച്ചയുണ്ട്. കാണാതായ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ആ വാഴപ്പഴം തേടിയിറങ്ങിയതായിരിക്കാം കുരങ്ങനെന്നും കാഴ്ചക്കാര്‍ പറയുന്നു. കുരങ്ങനായാലും മനുഷ്യനായാലും മര്യാദയാണ് പ്രധാനമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. അതേസമയം ചാംഗി വിമാനത്താവളത്തില്‍ കുരങ്ങന്മാര്‍ കയറുന്നത് സാധാരണ കാഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: A viral video shows woman showing exit path to money at singapore airport