ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്.
‘You Feel Like You Are Subhuman’: Israel’s Genocide Against Palestinians in Gaza' എന്ന റിപ്പോർട്ടിലാണ് ഇസ്രയേലിനെതിരെ ആംനസ്റ്റിയുടെ രൂക്ഷവിമർശനമുള്ളത്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പ്രധാന പങ്കുണ്ടെന്നും ആംനസ്റ്റി പറയുന്നു.
എല്ലാ നിലയിലും ഇസ്രയേൽ ഗാസയെ വരിഞ്ഞുമുറുക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രൂക്ഷമായ അക്രമണങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നു. എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ഭക്ഷണവും മരുന്നും മറ്റും തടസ്സപ്പെടുത്തുന്നു. പലസ്തീനികളെ കരുതിക്കൂട്ടി ഇല്ലാതാകാൻ ശ്രമിക്കുന്നു എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. അന്താരാഷ്ട്ര നിയമങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയുമെല്ലാം പുച്ഛിച്ചുകൊണ്ടാണ് ഇസ്രയേൽ ഈ വംശഹത്യ നടത്തുന്നത്. ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നത് കൂടിയാണ് ഇസ്രയേലിന്റെ പദ്ധതിയെന്നും ആംനസ്റ്റി ആരോപിച്ചു.
ഇസ്രയേലിന്റെ മേൽ കൂടുതൽ ഉപരോധങ്ങളും മറ്റും ഏർപ്പെടുത്തി കൊണ്ട് വിഷയത്തിൽ യുഎൻ കർശനമായി ഇടപെടണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നുണ്ട്. സംഘർഷ മേഖലയിൽ നേരിട്ട് പോയി നിരവധി പേരെ അഭിമുഖം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് ആംനസ്റ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാൽ ആംനസ്റ്റിയുടെ ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ഇസ്രയേൽ. റിപ്പോർട്ട് കെട്ടിച്ചമച്ചതെന്നും എല്ലാം കള്ളമെണെന്നുമായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Content Highlights: Amnesty calls israel attack on gaza a genocide