ദമാസ്കസ്: വിമതർ തലസ്ഥാന നഗരമായ ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്.
ദമസ്കസിലെത്തിയ വിമതർ അവിടുത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ വിമതർ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതർ എത്തിയതോടെ ബാഷർ അൽ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമായിരുന്നു. ഇതിന് പിന്നാലെയാണ് ദമാസ്കസിലേക്ക് വിമതർ എത്തുന്നത്. അസ്സദ് രാജ്യം വിട്ടതോടെ സർക്കാരിന്റെ ആയുസ് ഇനി എത്ര നേരമെന്ന ആശങ്ക ശക്തമായി നിലനിൽക്കുകയാണ്.
ദമാസ്കസ് പിടിച്ചെടുത്തതോടെ സിറിയയില്‍ പുതുയുഗമെന്ന് എച്ച്ടിഎസ് മേധാവി അല്‍ ജുലാനി പറഞ്ഞു. ഏകാധിപത്യത്തിന് അന്ത്യമായി. സിറിയ സ്വതന്ത്രമായെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യവും പുതുയുഗത്തിന്റെ തുടക്കവും ആണെന്നും അല്‍ ജുലാനി തന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു. ബാഷർ അൽ അസദ് നാടുവിട്ടതോടെ സെന്‍ട്രല്‍ ദമാസ്കസില്‍ ജനങ്ങള്‍ ഒത്തുകൂടുന്നുവെന്നും റിപ്പോര്‍ട്ട്.
സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം വിളിച്ച് ആഘോഷമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആസ്ഥാനം ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍ സ്വീകരക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയില്‍ നിലവില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര് എംബസിയുമായി ആശയവിനിമയം നടത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
'സിറിയയിലെ ആഭ്യന്തര കലാപം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ സിറിയയില്‍ തുടരുന്ന പൗരന്മാര് ദമാസ്കസിലുള്ള ഇന്ത്യന്‍ എംബസിയുമായി ഇമെയില്‍/വാട്സ്ആപ്പ്/എമര്‍ജന്‍സി നമ്പര്‍ എന്നിവ മുഖേന ബന്ധപ്പെടണം. ലഭ്യമായ വിമാനത്തില്‍ സാധിക്കുന്നവര്‍ എത്രയും വേഗത്തില്‍ സിറിയയില്‍ നിന്നും മാറണം. രാജ്യത്ത് തുടരുന്നവര്‍ ജാഗ്രത പുലര്‍ത്തണം,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Content Highlights: Syrian president Fled country after rebels took control of Damascus