ചണ്ഡീഗഡ്: പൊലീസുകാരനായ അച്ഛൻ കൂടെയുണ്ടെന്ന അഹങ്കാരത്തിൽ ഓടുന്ന ഥാറിന്റെ മുകളിലിരുന്ന് യുവാവിന്റെ റീൽ പ്രകടനം. ഇൻസ്റ്റാഗ്രാമിൽ നാല്പതിനായിരം ഫോളോവേഴ്സ് ഉള്ള രക്ഷിത് ബെനിവാൾ എന്ന വ്‌ളോഗറാണ് സുരക്ഷയെയും നിയമസംവിധാനങ്ങളെയുമെല്ലാം വെല്ലുവിളിച്ച്, ഈ 'തോന്ന്യാസം' കാണിച്ചത്.
ഓടുന്ന മഹിന്ദ്ര ഥാറിന്റെ മുകളിൽ ഇയാൾ ഇരിക്കുന്നതാണ് വീഡിയോയിൽ ആദ്യം ഉള്ളത്. താറിന്റെ ഇരു വശങ്ങളിലൂടെയും മറ്റ് വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. ഇരു കയ്യും മുകളിലേക്കും മറ്റും ഉയർത്തി, സുരക്ഷാ പോലും നോക്കാതെയാണ് ബെനിവാളിന്റെ റീൽ പ്രകടനം. ശേഷം ഇതേ വണ്ടിയിൽ പൊലീസുകാരനായ ബെനിവാളിന്റെ പിതാവ് കയറുന്നതും വീഡിയോയിലുണ്ട്. ; 'നീ അടിച്ചോ, ഞാൻ നോക്കിക്കോളാം, ഇങ്ങനെ പറയുന്ന ഒരു അച്ഛൻ എനിക്കുണ്ട്' എന്നതാണ് വീഡിയോയിൽ എഴുതിയിരിക്കുന്നതും.
ഒരാഴ്ച മുൻപ് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം തന്നെ മൂന്ന് മില്യൺ കാഴ്ചക്കാർ കണ്ടിട്ടുണ്ട്. സമാനമായ പല വീഡിയോകൾ ഇയാൾ മുൻപും ചെയ്തിട്ടുണ്ട്. അതെല്ലാം കാഴ്ചക്കാരെ ആകർഷിച്ചിട്ടുമുണ്ട്. പൊലീസുകാരനായ അച്ഛൻ സംരക്ഷിക്കുമെന്ന് കരുതി എന്തും ചെയ്യാനുള്ള അധികാരം ഉണ്ടോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോകൾക്കെതിരെ ഉയരുന്ന പ്രധാന വിമർശനം.
Content Highlights: Haryana boy rides on car roof, claims cop father will 'protect him' in viral video