വെസ്റ്റ്ബാങ്ക്: ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റു കൊല്ലപ്പെട്ട കൗമാരക്കാരന് സംഭവിച്ച ദുരന്തം അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജനതയുടെ തീരാവേദനയാകുന്നു. അത്രയേറെ ഹൃദയഭേദകമായിരുന്നു പതിനാലുകാരനായ നാജി അൽ-ബാബയുടെ അനുഭവം. പന്തുതട്ടി തുടങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള കുട്ടികളെപ്പോലെ വലിയ സ്വപ്നങ്ങളായിരുന്നു നാജിയ്ക്കും ഉണ്ടായിരുന്നത്. റൊണാൾഡോയെപ്പോലെ ഒരു അന്താരാഷ്ട്ര ഫുട്ബോളറാകാൻ സ്വപ്നം കണ്ടാണ് സംഘർഷ മുഖരിതമായ അനിധിവേശ വെസ്റ്റ് ബാങ്കിൽ നാജി അൽ-ബാബയും പന്ത് തട്ടി തുടങ്ങിയത്. 'അതിജീവിച്ചവൻ' എന്നായിരുന്നു നാജി അൽ-ബാബയുടെ പേരിൻ്റെ ആർത്ഥം. പക്ഷെ സ്വപ്നങ്ങളിലേയ്ക്ക് കുതിച്ചുയരുന്നതിനായി അധിനിവേശത്തിൻ്റെ കാടത്തത്തെ അതിജീവിക്കാൻ കൗമാരക്കാരനായ നാജി അൽ-ബാബയ്ക്ക് സാധിച്ചില്ല. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹൽഹുല്ലിൽ കൂട്ടുകാരോടൊപ്പം പന്ത് തട്ടിക്കൊണ്ടിരിക്കവെ കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു നാജി അൽ-ബാബ ഇസ്രയേലി സൈന്യത്തിൻ്റെ തോക്കിനിരയാകുന്നത്.
ഫുട്ബോളിനോട് ഭ്രാന്തമായ ആവേശമുണ്ടായിരുന്നു നാജിയ്ക്ക്. മണിക്കൂറികളോളം ഹൽഹുല്ലിലെ സ്പോർട്സ് ക്ലബ്ബിൽ ഫുട്ബോൾ പരിശീലിച്ചിരുന്ന, സ്കൂൾ വിട്ട് വന്നാൽ കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ ആവേശത്തോടെ പാഞ്ഞിരുന്ന നാജി അൽ-ബാബയെ നിഷ്കരുണം ഇസ്രയേലി പട്ടാളക്കാർ തോക്കിനിരയാക്കുകയായിരുന്നു എന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
നാജി അൽ-ബാബയുടെ മൃതദേഹത്തിൻ്റെ ഫോറൻസിക് റിപ്പോർട്ട് ഇസ്രയേലി സൈനികരുടെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. നാലുവെടിയുണ്ടകളാണ് നജിയുടെ ശരീരത്തിൽ പതിച്ചത്. ഒരെണ്ണം ഇടുപ്പിൽ, മറ്റൊന്ന് ഹൃദയത്തിൽ, മൂന്നാമത്തെ വെടിയുണ്ട കാലിൽ നാലാമത്തേത് തോളെല്ലിലുമാണ് പതിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട് പറയുന്നത്. വെടിയേറ്റ ശേഷം 30 മിനിറ്റോളമാണ് വൈദ്യസഹായം നൽകാതെ നാജി വീണ് കിടന്നതെന്നും കണ്ടെത്തലുണ്ട്.
നാജിയ്ക്ക് വെടിയേറ്റ ദിവസത്തെ അനുഭവം ഹൃദയഭേദകമായാണ് പിതാവ് നിദാൽ അബ്ദുൽ മോത്തി അൽ-ബാബ അൽ ജസീറയോട് പങ്കുവെച്ചത്. 'നവംബർ മൂന്നിന് നാജി മരിച്ച ദിവസം അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാൻ രാവിലെ ബെത്‌ലഹേമിൽ ജോലിക്ക് പോയി. നാജി സ്കൂളിലേയ്ക്കും പോയി. ഉച്ചയ്ക്ക് 12 മണിയോടെ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീട്ടിലേക്ക് പോകുന്ന നജിയെ അവൻ്റെ സ്കൂളിനടുത്ത് വെച്ച് കണ്ടു. എൻ്റെ ട്രക്കിൽ കയറി ഞങ്ങളൊരുമിച്ചാണ് വീട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനായി സഹോദരിമാർ നാജിയുടെ പ്രിയപ്പെട്ട ഭക്ഷണമായ ചിക്കനോടുകൂടിയ മൊലോകിയ തയ്യാറാക്കിയിരുന്നു. പിന്നീട് വീടിനോട് ചേർന്നുള്ള മുത്തച്ഛൻ്റെ പലചരക്ക് കടയ്ക്ക് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോകാൻ നാജി അനുവാദം ചോദിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നാജി വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം കളിക്കാനായി ഇറങ്ങി. പിന്നീട് വീട്ടുകാർ കാണുന്നത് വെടിയേറ്റ് മരിച്ച നാജിയെയാണ്'. പിതാവ് നിദാൽ നാജി കൊല്ലപ്പെട്ട ദിവസത്തെ സംഭവങ്ങൾ ഓർമ്മിച്ചെടുത്തു.
ഏതാണ്ട് അരമണിക്കൂറിനകം വീട്ടിലേയ്ക്ക് ഓടിയെത്തിയ ബന്ധുവാണ് നാജിയ്ക്ക് വെടിയേറ്റ വിവരം വീട്ടുകാരെ അറിയിക്കുന്നത്. സമീപത്തുള്ള വനപ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തെന്നും നാജിയ്ക്ക് വെടിയേറ്റെന്നും ഭയത്തോടെയാണ് വീട്ടുകാർ കേട്ടത്. തൊട്ടടുത്ത നിമിഷം നാജിയുടെ പിതാവും അമ്മാവൻ സമീറും അടക്കമുള്ളവർ സംഭവ സ്ഥലത്തേയ്ക്ക് ഓടുകയായിരുന്നു. മകനെ വേണമെന്ന് ഇസ്രയേലി സൈനികരോട് നിദാൽ അലമുറയിട്ടു. നിദാൽ മകനെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടർന്നതോടെ ഇസ്രയേലി സൈനികർ നിദാലിനെ 40 മിനിറ്റിലധികം നിലത്ത് കിടത്തി. തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ 40 മിനിറ്റ് എന്നാണ് ഈ സമയത്തെക്കുറിച്ച് നിദാൽ പറഞ്ഞതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഉദ്യോഗസ്ഥൻ സൈനികരോട് മൃതദേഹം വഹിക്കാൻ രണ്ട് ടീമുകളായി നിൽക്കാൻ ആവശ്യപ്പെടുന്നത് ഞാൻ കേട്ടു. അപ്പോഴാണ് ഞാൻ നിലവിളിക്കാൻ തുടങ്ങിയത്. നിങ്ങൾക്ക് എങ്ങനെ 14 വയസ്സുള്ള കുട്ടിയെ കൊല്ലാനാകും? അവൻ നിങ്ങളോട് എന്താണ് ചെയ്തത്? അവൻ നിങ്ങളോട് എന്ത് ചെയ്തു? ആ സമയത്തെ തൻ്റെ അവസ്ഥ നിദാൽ വിവരിച്ചതിങ്ങനെയാണ്.
പലസ്തീനികൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന പ്രദേശത്താണ് നാജി ഉണ്ടായിരുന്നതെന്നായിരുന്നു സൈനികരിലൊരാളുടെ മറുപടി. ഇത് കേട്ട നിമിഷം കൊല്ലപ്പെട്ടത് മകനല്ലായിരിക്കാം എന്ന് തോന്നിയെന്നും നിദാൽ വ്യക്തമാക്കി. എന്നാൽ സൈനീകർ തോളിൽ കയറ്റി വാഹനത്തിലേയ്ക്ക് മാറ്റുന്നത് നാജിയാണെന്ന് നിദാൽ കണ്ടു. ആ നിമിഷം നിദാൽ ഇങ്ങനെ ഓർമ്മിച്ചു; 'ദിവസങ്ങൾക്കുമുമ്പ് ഞാൻ അവനു വേണ്ടി വാങ്ങിയ ഷൂസിൽ നിന്ന് ഞാൻ അവനെ തിരിച്ചറിഞ്ഞു. അവൻ ആഗ്രഹിച്ച ഒരു ജോടി കറുത്ത പരിശീലന ഷൂ വാങ്ങിയപ്പോൾ അവൻ എത്ര സന്തോഷവാനായിരുന്നുവെന്ന് മാത്രമാണ് എനിക്ക് അപ്പോൾ ചിന്തിക്കാൻ കഴിഞ്ഞത്.'
പട്ടാളക്കാർ നാജിയുടെ മൃതദേഹം എടുത്തുകൊണ്ടുപോയതിന് പിന്നാലെ തന്നോടും സമീറിനോടും അവിടെ നിന്ന് പോകാനും അല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് നാജി പറയുന്നത്. രണ്ട് മണിക്കൂറിന് ശേഷം ഒരു പലസ്തീനിയൻ ആംബുലൻസ് വിളിക്കുകയും നാജിയുടെ മൃതദേഹം കൈമാറുകയും രാത്രി തന്നെ ഹൽഹൂളിലെ അബു മാസെൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് കുടുംബത്തെ ഉദ്ധരിച്ച് അൽ ജസീറ വ്യക്തമാക്കുന്നത്.
നാജി അൽ-ബാബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അൽ ജസീറ ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും അൽജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights: The Palestinian boy who wanted to be like Ronaldo, killed by Israel