മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല, തെളിവ് നശിപ്പിച്ചു

ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക്‌ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്

dot image

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ ഐഎഎസ് പറയുന്നത്‌ കളവെന്ന് പൊലീസ്‌ റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡിജിപി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ സമർപ്പിച്ച റിപ്പോർട്ട്‌ റിപ്പോർട്ടറിന് ലഭിച്ചു. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക്‌ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് പരാതി നൽകുന്നതിൻ്റെ തലേദിവസം ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്തതന്ന് റിപ്പോർട്ട്.

മല്ലു ഹിന്ദു വാട്ട്സാപ്പ് ​ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബ‍ർ‌ 31ന് ഫോൺ ഫോർമാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം. എന്നാൽ ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകുന്നത്‌ നവംബർ നാലിനായിരുന്നു. ഫോൺ ആദ്യമായി ഫോർമാറ്റ് ചെയ്തതാകട്ടെ പരാതി നൽകുന്നതിൻ്റെ തലേന്ന് നവംബർ മൂന്നിനായിരുന്നുവെന്നും റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നു.

പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ ഫോൺ കൈമാറാൻ തയ്യാറായില്ലെന്ന ​ഗൗരവമുള്ള പരാമർശവും റിപ്പോർട്ടിലുണ്ട്. പൊലീസ്‌ ഫോൺ ആവശ്യപ്പെട്ടപ്പോൾ ഗോപാലകൃഷ്ണൻ മറ്റൊരു ഫോണ്‌ ഹാജരാക്കി‌. വാട്സാപ്പ്‌ ഉപയോഗിച്ചിരുന്ന SM-S711B/DS സാംസങ്ങ്‌ ഫോൺ ഹാജരാക്കിയത് പിന്നീടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി തവണ ഫോർമാറ്റ് ചെയ്ത്‌ തെളിവുകൾ നശിപ്പിച്ച ശേഷമാണ്‌ ഫോൺ ഹാജരാക്കിയത്‌. ഒന്നിലധികം തവണ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഫോൺ ഫോർമാറ്റ് ചെയ്തത് സംശയമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഇത്രയും ​ഗൗരവമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഡിജിപി ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ റിപ്പോർ‌ട്ട് സമർപ്പിച്ചിട്ടും ​ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമെന്ന് തെളിഞ്ഞിട്ടും സർ‌ക്കാർ‌ നടപടിയെടുക്കാത്തതും ചർച്ചയാകുന്നുണ്ട്.

നേരത്തെ ചാർജ് മെമ്മോയിൽ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള പരാമർശങ്ങൾ ഒഴിവാക്കിയത് റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഗുരുതരമായ പിഴവുകളാണ് ചാർജ് മെമ്മോ തയ്യാറാക്കിയതിൽ ഉണ്ടായിട്ടുള്ളത്. പൊലീസിൽ നൽകിയ വ്യാജ പരാതിയെക്കുറിച്ച് ചാർജ് മെമ്മോയിൽ ഒരക്ഷരം പോലുമില്ല. തെളിവ്‌ നശിപ്പിച്ചത് കുറ്റമായി മെമ്മോയിൽ പറയുന്നില്ല. ഇവയെല്ലാം ഒഴിവാക്കി ഐഎഎസുകാർക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ ഉള്ളത്.

നേരത്തെ, മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിലായിരുന്നു പരാമർശം. സുപ്രീംകോടതി വിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ. മറ്റൊരാൾ പരാതി നൽകി എന്നത് കൊണ്ട് കേസ് നിലനിൽക്കില്ല. അത്തരം പരാതികളിൽ കേസെടുക്കുന്നതിന് നിയമ തടസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയർന്നപ്പോൾ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാൽ പൊലീസ് നിയമോപദേശം തേടുകയായിരുന്നു.

Content Highlights: Mallu Hindu WhatsApp Group, Gopalakrishnan's phone was not hacked

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us