മോസ്കോ: വിമതർ അധികാരം പിടിച്ചതോടെ രാജ്യം വിട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസദിനും കുടുംബത്തിനും അഭയം നൽകി റഷ്യ. അസദും കുടുംബവും റഷ്യയിലെത്തിയതായി റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യ അസ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. ഡമാസ്കസ് കീഴടക്കിയതായി വിമതസൈന്യം പ്രഖ്യാപിക്കുമ്പോഴേയ്ക്കും വിമാനമാർഗ്ഗം അസദും കുടുംബവും സിറിയ വിടുകയായിരുന്നു. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അസദ് ഭരണകൂടും വീണതോടെ ലോകത്തെമ്പാടുമുള്ള സിറിയക്കാർ അത് ആഘോഷിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. സിറിയയിലും ജനങ്ങൾ ആഘോഷത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
സിറിയയിൽ അധികാരം വിമതർക്ക് കൈമാറാൻ നിർദേശം നൽകിയതിന് ശേഷമാണ് ബാഷർ അൽ-അസദ് വിട്ടതെന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാൽ ബാഷർ അൽ-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ബാഷർ രാജ്യം വിട്ടതിൽ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സിറിയയിലുള്ള സൈനിക താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും റഷ്യ പറഞ്ഞിരുന്നു.
നേരത്തെ സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി അധികാരം വിമതർക്ക് കൈമാറിയിരുന്നു. അധികാരം കൈമാറിയതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താൻ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. താൻ എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. വീട്ടിൽ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വമെന്നും മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു. ജനങ്ങളുടെ നല്ലതിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയ്യാറാണ്. സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ നവംബർ 27നായിരുന്നു വിമതർ അസദ് ഭരണകൂടത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു. ഇദ്ലിബ് നഗരം കീഴടക്കിയായിരുന്നു വിമതർ അസദിനെതിരായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചത്. വെറും പന്ത്രണ്ട് ദിവസം കൊണ്ട് അസദിനെപ്പോലും ഞെട്ടിച്ച് നഗരങ്ങളൊന്നൊന്നായി കീഴടക്കി വിമതർ വലിയ മുന്നേറ്റം നടത്തിയത്. അലെപ്പോയ്ക്ക് പിന്നാലെ, ഹുംസും ഹമയുമെല്ലാം കീഴടക്കി മുന്നേറിയ വിമത സൈന്യം ഒറ്റ ദിവസം കൊണ്ട് തലസ്ഥാനമായ ഡമാസ്കസിലെത്തുകയായിരുന്നു.
Content Highlights: Ousted Syrian President Bashar al-Assad and family have landed in Moscow