ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവില്‍ ഉള്ളത്. ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. നിലവില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അടുക്ക 48 മണിക്കൂര്‍ സില്‍വ തീവ്രപരിചരണ വിഭാഗത്തിലായിരിക്കുമെന്നും മെഡിക്കല്‍ കുറിപ്പില്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടാകുമെന്ന് പ്രസിഡന്റിന്റെ വക്താവ് പൗലോ പിമെന്റെ പ്രതികരിച്ചു.
പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വീഴ്ചയ്ക്ക് ശേഷം സില്‍വ യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിച്ചത്.
Content Highlights- brazilian president Lula da Silva in icu after emergency brain surgery