ബെംഗളൂരു: ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ജീവനൊടുക്കി യുവാവ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷാണ് (34) ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചു. വീഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിട്ടുണ്ട്.
മാറത്തഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ് ലോഔട്ട് മേഖലയിലാണ് സംഭവം നടന്നത്. തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടു.
ഭാര്യയേയും അവളുടെ കുടുംബത്തേയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തന്നെ ഉപദ്രവിച്ചരെ ആവശ്യമെങ്കില്‍ പൊതുസ്ഥലങ്ങളില്‍വെച്ച് മാത്രം കാണുക. കേസില്‍ ഉള്‍പ്പെട്ട ജഡ്ജിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. എല്ലാവരും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചു.
അതുലിനെതിരെ ഭാര്യ ഉത്തര്‍പ്രദേശ് കോടതിയില്‍ കേസ് കൊടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്തുവന്നിരുന്നു. വിധി അതുലിന് എതിരായിരുന്നു. ഇത് അതുലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അതുല്‍ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.
Content Highlights- Bengaluru techie kill himself after record video slam wife and relatives
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)