വഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിന് പിന്നില്‍ 17കാരിയെന്ന് റിപ്പോര്‍ട്ട്. വിസ്‌കോണ്‍സിനിലെ എബണ്ടന്റ്‌ലൈഫ് ക്രിസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു വെടിവെയ്പ്പ്. സംഭവത്തില്‍ അധ്യാപികയും വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
'ഇന്ന് മാഡിസണിനും രാജ്യത്തിനും ദുഃഖമുണ്ടാക്കുന്ന ദിവസമാണ്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,' മാഡിസണ്‍ പൊലീസ് മേധാവി ഷോണ്‍ ബാണ്‍സ് പറഞ്ഞു. പ്രതിയുടെ കുടുംബം അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: 2 people and the suspect are dead in Wisconsin school shooting