മ്യൂണിക്ക്: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ അക്രമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ ജർമനിയിൽ തന്നെ സ്ഥിരമായി താമസിക്കുന്ന ആളാണെന്നും തീവ്ര വലതുപക്ഷ വാദിയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജർമനിയിലെ ഒഡോക്ടറായ താലെബ് എന്നയാളാണ് ജർമൻ പൊലീസിന്റെ പിടിയിലായത്. 2006 മുതൽ ഇയാൾ ജർമനിയിൽ താമസിച്ചുവരുന്നുണ്ട്. സൗദി അറേബ്യയിൽ ജനിച്ച ഇയാൾ നാസ്തികനാണ് എന്നാണ് വിവരം. ഇസ്ലാം മതം വിട്ടുവന്ന ഇയാൾ ജർമനിയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയപാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ അനുകൂലിയാണ്. വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാരനായി ജർമനിയിലെത്തിയ ഇയാൾ നിലവിൽ കടുത്ത കുടിയേറ്റ വിരുദ്ധനാണ്. തീവ്ര വലതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ആൾ കൂടിയാണ് ഇയാൾ എന്നും റിപ്പോർട്ടുണ്ട്.
ജർമനിയിലേക്ക് കുടിയേറിയതിന് ശേഷം വീ ആർ സൗദി എന്ന പേരിൽ ഇയാളൊരു വെബ്‌സൈറ്റ് നടത്തിയിരുന്നു. ഇസ്ലാം മതം വിട്ടുവന്നവരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും നാടുകടത്തുകയെന്നതായിരുന്നു ലക്ഷ്യം. തീവ്രവാദം, സ്ത്രീകളെ കടത്തിക്കൊണ്ടുപോകുക തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിൽ സൗദിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ജർമനി ഇയാളെ സൗദിക്ക് കൈമാറാൻ തയ്യാറായിരുന്നില്ല.
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറിയ സംഭവത്തിൽ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റിരുന്നു. ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് പ്രതി അമിതവേഗതയിൽ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലായിരുന്നു സംഭവം. ക്രിസ്‌മസ് മാർക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പോലീസ് പറഞ്ഞത്.
Content Highlights: Germany car ram killer a far right man