ഗാസ സിറ്റി: ഗാസയില്‍ പ്രവര്‍ത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളില്‍ ഒന്നായ കമാല്‍ അദ്‌വാനില്‍
ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം നടത്തിയത് കൊടും ക്രൂരതകള്‍. ഇസ്രയേല്‍ സൈന്യം വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്‍ത്തിയതായി ആശുപത്രിയിലെ നഴ്‌സ് ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു. മുറിവേറ്റ രോഗികളെ സൈന്യം മര്‍ദിച്ചു. പരിശോധനയ്ക്കായി ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്ത് അടിച്ചു. ടോയ്‌ലറ്റില്‍ പോലും പോകാന്‍ അനുവദിച്ചില്ല. തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നും ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു.
കമാല്‍ അദ്‌വാനില്‍ നിന്ന് നാനൂറോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. ഇതിന് ശേഷം സര്‍ജറി വിഭാഗത്തിന് തീയിടുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച ഒഴിപ്പിച്ച ശേഷം എല്ലാവരേയും അല്‍ ഫരീഖ് സ്‌ക്വയറിലേക്കാണ് കൊണ്ടുപോയത്. ഈ കൂട്ടത്തില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസ്സാം അബൂസാഫിയും ഉണ്ടായിരുന്നു.
കൊടും തണുപ്പിലൂടെ രണ്ട് മണിക്കൂറോളം നടത്തിയാണ് രോഗികള്‍ അടക്കമുള്ളവരെ അല്‍ ഫരീഖ് സ്‌ക്വയറില്‍ എത്തിച്ചത്. നിസഹായരായവരുടെ മുഖത്ത് ഇസ്രയേല്‍ സൈന്യം തുപ്പി. ഇസ്രയേല്‍ സൈന്യം തന്നെ കണ്ണ് മൂടിയ ശേഷം കെട്ടിയിട്ടതായി കമാല്‍ അദ്‌വാനിലെ ജീവനക്കാരി ഷൊറൂഖ് അല്‍ റന്‍തീസി പറഞ്ഞു. തൊട്ടടുത്ത് അടിയേറ്റ് ആളുകള്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഇതിന് ശേഷം തന്നെയും മർദിച്ചുവെന്നും ഷൊറൂഖ് പറഞ്ഞു. നെഞ്ചിലും പിന്നിലും നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് തടവിലാക്കിയവരെ സൈന്യം വിട്ടയച്ചത്.
കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയവരെ വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ കഴിയുന്നവരെ പരിചരിക്കുന്നതിനായി എല്ലാവരും പരിഹാരം കണ്ടെത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Content Highlights- Israeli soldiers burn gaza’s kamal adwan hospital, force hundreds to leave