ഉത്ര കൊലക്കേസ്; വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി പരോളിന് ശ്രമം, തട്ടിപ്പ് പൊളിഞ്ഞു; സൂരജിനെതിരെ കേസ്

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്

dot image

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര കൊലക്കേസ് പ്രതി സൂരജിനെതിരെ കേസ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസാണ് കേസെടുത്തത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഒപ്പം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും കൈമാറി.

സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. സുപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചുനല്‍കി. ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് വ്യക്തമായി. വ്യാജരേഖയെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സുപ്രണ്ട് പൂജപ്പുര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്. സംഭവത്തില്‍ സൂരജിനേയും അമ്മയേയും ചോദ്യം ചെയ്യും.

Content Highlights: Case against Sooraj accused of Utra murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us