കാഠ്മണ്ഠു: നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തിൽ മരണം 95 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടർചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഭൂചലനത്തിൻ്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
നേപ്പാളിലെ നോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഷിഗാറ്റ്‌സെ നഗരത്തിലെ ടിൻഗ്രി കൗണ്ടിയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ടിബറ്റിൻ്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ തെക്കുപടിഞ്ഞാറായി നേപ്പാളിൻ്റെ അതിർത്തിയിലാണ് ടിംഗ്രി. എവറസ്റ്റ് കൊടുമുടി സന്ദർശിക്കുന്നവരുടെ ഒരു ടൂറിസം കേന്ദ്രമാണിത്. രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ബിഹാർ, അസം, പശ്ചിമ ബംഗാൾ,ഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു.എന്നാൽ ഇന്ത്യയിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണു നേപ്പാൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂചലനങ്ങൾ പതിവാണ്.ഇനിയും തുടർചലനങ്ങൾ സംഭവിക്കാമെന്നതിനാൽ മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015-ൽ നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം ആളുകൾ മരിക്കുകയും 22,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.10 ലക്ഷം കെട്ടിടങ്ങൾക്കു നാശനഷ്ടവും സംഭവിച്ചിരുന്നു.
Content Highlights: 95 died in Earth quake Nepal