ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ 2,921 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. അപകടത്തെ തുടർന്ന് വീടുകളടക്കം 13000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭയാനകമായി പടർന്ന് പിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്ത് എത്തിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സ് തീപിടിത്തമുണ്ടായത്. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് തീ അപകടകരമായ രീതിയിൽ പടർന്നത്. എന്നാൽ മ്യൂസിയത്തിലെ ശേഖരം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാറ്റ് ശക്തി പ്രാപിക്കുകയും കൂടുതൽ വിനാശം ഉണ്ടാകാനുളള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10 മണി മുതൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതെന്നും മുന്നറിയിപ്പിൽ ഉണ്ടായിരുന്നു. അതേസമയം, ലോസ് ആഞ്ചൽസ്, ഓറഞ്ച്, വെഞ്ചുറ, സാൻ ഡീഗോ, സാൻ ബെർണാർഡിനോ, റിവർസൈഡ് പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണി വരെ ഉണ്ടാകുമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
Content Highlights: Wildfire rages in Los Angeles, forcing 30,000 to evacuate