തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിവസം പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി. 965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്.
പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാഗത്തിൽ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്.
അവസാന ദിനത്തിൽ നടക്കാനിരിക്കുന്ന പത്ത് മത്സര ഫലങ്ങൾ ഇതോടെ നിർണ്ണായകമായിരിക്കുകയാണ്. നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിൻ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങൾ. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
Content Highlights: kerala school kalolsavam Thrissur is ahead in the title Run