ഗാസ വെടിനിർത്തൽ; കരട് കരാർ അംഗീകരിച്ച് ഹമാസ്; ചർച്ചകൾ പുരോഗമിക്കുന്നു

നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്

dot image

​മസ്കറ്റ്: ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ കരട് അം​ഗീകരിച്ച് ഹമാസ്. തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്നും ഹമാസ് സമ്മതിച്ചു. കരാർ അന്തിമ ഘട്ടത്തിലാണെന്നാണ് മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേറ്റഡ് പ്രസാണ് (എപി) ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെടിനിർത്തൽ കരാറിൽ പുരോ​ഗതി ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അന്തിമമായി അം​ഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട ഇസ്രയേലി ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലി കാബിനറ്റ് അം​ഗീകരിച്ചാൽ മാത്രമേ വെടിനിർത്തൽ കരാറിന് അന്തിമ ധാരണയാകു എന്നാണ് ഈ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നത്.

തന്ത്രപ്രധാനമായ ചർച്ചകളുടെ വിശദാംശങ്ങളിലേക്കു കടക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വിസമ്മതിച്ചു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ക്രിയാത്മകവും ഫലപ്രദവുമാണെന്ന് അദ്ദേഹം പ്രതിവാര മാധ്യമ ബ്രീഫിംഗിൽ വ്യക്തമാക്കി. അതേസമയം, ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. 100ലേറെ പേർ ബന്ദികളായി ഇപ്പോഴും ​ഗാസയിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ മൂന്നിലൊന്നോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്.

മൂന്ന് ഘട്ടങ്ങളാണ് കരട് വെടിനിർത്തൽ കരാ‍ർ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആറാഴ്ച കാലയളവിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, മുറിവേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ ​ഗാസയിൽ നിന്നും മോചിപ്പിക്കും. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികളെയും പകരമായി വിട്ടയയ്ക്കും.

ആദ്യഘട്ടത്തിലെ 42 ദിവസത്തിനിടെ ​ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലി സേന പിൻവാങ്ങും. പലസ്തീനികളെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും. ഇതോടൊപ്പം മാനുഷികസഹായത്തിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓരോ ദിവസവും സഹായസാമ​ഗ്രികളുമായി 600 ട്രക്കുകൾ ​ഗാസയിലേയ്ക്ക് പ്രവേശിക്കുമെന്നുതുമാണ് ആദ്യഘട്ടത്തിലെ ധാരണകൾ.

രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിനായി സമ്മർദ്ദം ചെലുത്തുമെന്നും മൂന്ന് മധ്യസ്ഥർ ഹമാസിന് വാക്കാലുള്ള ഉറപ്പ് നൽകിയതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നു.

കരാർ പ്രകാരം ഗാസയുടെ ഈജിപ്‌ഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ആദ്യ ഘട്ടത്തിൽ ഇസ്രയേലിനായിരിക്കും. ഇവിടെ നിന്നും ഇസ്രയേൽ പിന്മാറണമെന്ന് ഹമാസ് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മധ്യ ഗാസയ്ക്ക് കുറുകെയുള്ള നെത്സാരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങും.

രണ്ടാം ഘട്ടത്തിൽ കൂടുതൽ തടവുകാർക്ക് പകരമായി അവശേഷിക്കുന്ന ജീവനുള്ള തടവുകാരെ, പ്രധാനമായും പുരുഷ സൈനികരെ ഹമാസ് മോചിപ്പിക്കുമെന്നാണ് കരട് കരാറിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ യുദ്ധം അവസാനിക്കാതെയും ഇസ്രായേൽ പൂർണമായി പിൻവാങ്ങാതെയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. എന്നാൽ ഹമാസിൻ്റെ സൈനികശേഷി ഇല്ലാതാക്കിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അന്താരാഷ്‌ട്ര മേൽനോട്ടത്തിൽ ഗാസയിൽ നടപ്പാക്കുന്ന മൂന്ന് മുതൽ അഞ്ചു വർഷം വരെയുള്ള പുനർനിർമ്മാണ പദ്ധതിക്ക് പകരമായി അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതാണ് മൂന്നാം ഘട്ടമെന്നാണ് റിപ്പോർട്ട്.

​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ ഇതുവരെ 46,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കുമ്പോഴും ഗാസയിൽ ആക്രമണം തുടരുകയാണ്. സെൻട്രൽ ഗാസ നഗരമായ ഡീർ അൽ-ബാലയിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും ഉണ്ടായ രണ്ട് ആക്രമണങ്ങളിൽ രണ്ട് സ്ത്രീകളും അവരുടെ 1 മാസം മുതൽ 9 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളിൽ ഒരാൾ ഗർഭിണിയാണെന്നും കുഞ്ഞ് രക്ഷപ്പെട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി 12 പേർ കൂടി കൊല്ലപ്പെട്ടതായാണ് യൂറോപ്യൻ ആശുപത്രി അറിയിച്ചിത്.

Content Highlights: Hamas has accepted draft agreement for Gaza ceasefire

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us