ബെയ്റൂത്ത്: നാല് വർഷങ്ങൾക്ക് ശേഷം ലെബനൻ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലെബനന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔൻ തിരഞ്ഞെടുക്കപ്പെട്ട ശേഷം ലെബനനിലെത്തുന്ന ആദ്യ വിദേശ തലവനാണ് ഇമ്മാനുവൽ മാക്രോൺ. ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ മാക്രോൺ അപലപിച്ചു. ലെബനന് നേരെയുള്ള ആക്രമണത്തിൽ നിന്ന് ഇസ്രയേൽ സൈന്യം എത്രയും വേഗം പിൻമാറണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. ഒപ്പം ലെബനന് ആയുധങ്ങൾ വിതരണം ചെയ്യുമെന്നും ഫ്രാൻസ് പ്രസിഡന്റ് വ്യക്തമാക്കി. ലെബനന്റെ തെക്കുഭാഗത്ത് സൈന്യത്തെ ശക്തിപ്പെടുത്താൻ ഫ്രാൻസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്നും മാക്രോൺ ഉറപ്പ് നൽകി. മുൻകാലങ്ങളിൽ ലെബനൻ്റെ നേതൃത്വത്തെ വിമർശിച്ചിട്ടുള്ള മാക്രോൺ, ഔനുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ഔന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു പുതിയ യുഗത്തിലേക്കാണ് കടക്കുന്നതെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ബെയ്‌റൂട്ടിൻ്റെ ചില ഭാഗങ്ങളിൽ പര്യടനം നടത്തിയ മാക്രോൺ തെരുവുകളിലെ ജനങ്ങളോട് സംസാരിക്കുകയും അവരോടൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഔൺ, മിക്കാറ്റി, പാർലമെൻ്റ് സ്പീക്കർ നബിഹ് ബെറി എന്നീ നേതാക്കളുമായുള്ള ചർച്ച പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ചാണ് നടന്നത്. ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിൽ 4000ത്തിലേറെ പേർ കൊല്ലപ്പെടുകയും 16,000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights : France’s Macron expresses support for new leadership in Lebanon