ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. യുദ്ധാനന്തര ഗാസയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ തന്റെ പൂർണ ഇടപെടൽ ഉണ്ടാകുമെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി പലസ്തീൻ തടവുകാരെ മോചിപ്പിക്കുമ്പോൾ പരസ്യ ആഹ്ളാദ പ്രകടനം പാടില്ലെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. സന്തോഷപ്രകടനങ്ങൾ തടയുന്നതിനായി നടപടികൾ സ്വീകരിച്ചതായി ഇസ്രയേൽ പ്രിസൺ സർവീസ് അറിയിച്ചു
മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്ന കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഗാസയിൽ തടവിൽ കഴിയുന്ന 33 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കും.16 നും 18 നും ഇടയിൽ പ്രായമുള്ള 25 പ്രായപൂർത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തടവുകാരുടെയും പേരുകൾ മന്ത്രാലയം പുറത്തുവിട്ടു. 70 സ്ത്രീകളും 25 പുരുഷന്മാരും ഉൾപ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് നേരത്തെ ഇസ്രയേലി ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയത്.
'ബന്ദികളുടെ മടങ്ങിവരവിനുള്ള ചട്ടക്കൂട് സർക്കാർ അംഗീകരിച്ചു. ബന്ദികളെ വിട്ടയയ്ക്കാനുള്ള ചട്ടക്കൂട് ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന' ചുരുങ്ങിയ വാക്കുകളിലുള്ള പ്രസ്താവനയാണ് വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പുറത്ത് വിട്ടത്. ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിൻ്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അംഗീകാരം നൽകിയിരുന്നു. ഹമാസ് ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും. ഇതിന് പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാരെ ഇസ്രയേൽ ഭരണകൂടവും വിട്ടയയ്ക്കും. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും മടക്കം
Content Highlights : Palestine’s President Abbas says ready to govern Gaza after ceasefire deal