വാഷിങ്ടൺ: ടിക് ടോകിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക് നീക്കം ചെയ്യപ്പെടും. 19-നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യുഎസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡൻ സർക്കാർ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നത്.
ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നിരോധനം നിലവിൽവരുന്നതോടെ ആപ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ടിക് ടോക് യുഎസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. ട്രംപ് ഭരണകൂടമാണ് നിയമം നടപ്പാക്കേണ്ടതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ഇലോൺ മസ്കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വിൽക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് കമ്പനിതന്നെ തള്ളിയിരുന്നു. അമേരിക്കയിൽ വരാനിരിക്കുന്ന നിരോധനം തടയുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോൺ മസ്കിന് വിൽക്കുന്നതിനുള്ള സാധ്യതകൾ ടിക് ടോക്ക് തേടുന്നതായി ബ്ലൂംബെർഗ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് തള്ളി ടിക് ടോക്ക് രംഗത്തുവന്നത്.
Content Highlights: TikTok ban in usa