വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് നാളെ നടക്കും. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് സത്യപ്രതിഞ്ജാ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള അത്താഴ വിരുന്ന് ഇന്ന് നടന്നു. നിരവധി വിശിഷ്ട വ്യക്തികളാണ് ഇതിനോടകം അത്താഴ വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനിയും വിരുന്നിൽ പങ്കെടുത്ത ഫോട്ടോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എം 3 എം ഡെവലപ്പേഴ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ പങ്കജ് ബൻസാൽ, ട്രൈബെക്ക ഡെവലപ്പേഴ്‌സിൻ്റെ സ്ഥാപകൻ കൽപേഷ് മേത്ത എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ സംരംഭകരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നാളെ നടക്കാനിരിക്കുന്ന സത്യപ്രതിഞ്ജാ ചടങ്ങിലും മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുത്തേക്കും. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുകയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലയെന്നും പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. അർജൻ്റീനൻ പ്രസിഡൻ്റ് ഹാവിയർ മിലി, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ, എൽ സാൽവദോര്‍ പ്രസിഡൻ്റ് നയിബ് ബുകെലെ, മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ വഴിയൊരുക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ തന്നെ ട്രംപ് തന്നോട് കാണിച്ചതു പോലെ താൻ തിരികെ കാണിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
അതേ സമയം, സ്ഥാനാരോഹണ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റിയതായി നേരത്തെ അറിയിച്ചിരുന്നു. നാളെ വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍സ്യസ് താപനിലയാണ് പ്രവചിക്കപ്പെട്ടതിനാലാണ് മാറ്റം. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് വന്നതോടെയാണ് വേദിയിൽ മാറ്റം വരുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപകടകരമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം ശൈത്യക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
1985-ൽ റൊണാൾഡ് റീഗൻ്റെ സ്ഥാനാരോഹണത്തിനുശേഷം ഇതാദ്യമായാണ് അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കാപിറ്റോൾ മന്ദിരത്തിന് പുറത്തുവെച്ചാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥിതിഗതി കണക്കിലെടുത്ത് ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
Content Highlights: Donald Trump's inauguration ceremony will take place tomorrow