ടെൽഅവീവ്: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ആശയക്കുഴപ്പത്തിനിടെ ഇന്ന് വിട്ടയക്കുന്ന ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്. നേരത്തെ ബന്ദികളുടെ പട്ടിക കൈമാറാത്തതിനാൽ വെടിനിർത്തൽ കരാർ നിർത്തി വെക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകിയിരുന്നു. ബന്ദികളാക്കിയ റോമി ഗോണൻ, എമിലി ദമാരി, ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെ ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ പട്ടികയിലെ പേരുകൾ ലഭിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ പരിശോധിച്ച് വരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് റിപ്പോർട്ട്.
ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ നെതന്യാഹു സഖ്യസർക്കാരിലെ സഖ്യകക്ഷിയായ ഒറ്റ്സ്മ യെഹൂദിറ്റ് പാർട്ടി ഭരണസഖ്യം വിട്ടു. നെതന്യാഹു മന്ത്രിസഭയിൽ നിന്ന് ഇവരുടെ മൂന്ന് മന്ത്രിമാർ രാജിവെച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസർലൗഫ് എന്നിവർ ബെഞ്ചമിൻ നെത്യന്യാഹുവിന് രാജികത്ത് സമർപ്പിച്ചു. മന്ത്രിസഭയിൽ നിന്നും പിന്മാറുന്നുവെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിൻവലിക്കില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഗാസയിലെ വെടിനിർത്തൽ വൈകുമെന്ന് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്ത് വിടുന്നത് വരെ വെടിനിർത്തൽ ആരംഭിക്കരുതെന്ന് നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി മൂന്ന് വനിതാ ബന്ദികളെ ഹമാസ് ഇന്ന് വിട്ടയക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഇവരുടെ പട്ടിക ഹമാസ് കൈമാറിയിട്ടില്ലെന്നായിരുന്നു ഇസ്രയേലിൻ്റെ ആരോപണം.
സാങ്കേതികമായ കാരണങ്ങളാണ് ഞായറാഴ്ച കൈമാറുന്ന ബന്ദികളുടെ പേര് വിവരങ്ങൾ കൈമാറാൻ വൈകുന്നതെന്ന് ഹമാസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ മോചിതരാക്കുന്ന ബന്ദികളുടെ പേര് വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ 8.30 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു ധാരണ. വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്നാണ് ധാരണ. ഇത് പ്രകാരം ശനിയാഴ്ച വൈകുന്നേരം 4.30നെങ്കിലും ഹമാസ് ബന്ദികളുടെ പേര് വിവരം കൈമാറേണ്ടതായിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ ആയിട്ടും മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം പക്ഷെ ഹമാസ് പുറത്ത് വിട്ടിട്ടില്ല. ആകെ 98 ബന്ദികൾ ഗാസയിൽ ഹമാസിൻ്റെ തടവിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് നേരത്തെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഖത്തർ ഭരണാധികാരിയുടെ പ്രഖ്യാപനം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായക കരാർ യഥാർത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ കരാർ നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രയേൽ ജയിലിലുള്ള ആയിരം പലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ പലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും മടക്കം.
Content Highlights: Hamas names the three women civilian hostages it will release today