ഗാസ: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലില്‍ ആശങ്ക ജനിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. ഗാസ വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്ന മുന്നറിയിപ്പാണ് നെതന്യാഹു നല്‍കുന്നത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം വീണ്ടും ആരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു നടത്തി. കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഗാസയില്‍ യുദ്ധം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രയേലില്‍ നിക്ഷിപ്തമാണെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ അടക്കമുള്ള നേതാക്കളെ വധിച്ചതടക്കം യുദ്ധം വിജയകരമായിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു.
'പശ്ചിമേഷ്യയുടെ മുഖഛായ ഞങ്ങള്‍ മാറ്റി. ഹമാസ് പൂര്‍ണമായും ഒറ്റപ്പെട്ടു. കരാര്‍ ലംഘനം ഇസ്രയേല്‍ സഹിക്കില്ല. നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ യാത്രയാണ് മുന്നിലുള്ളത്. പിളര്‍ന്ന് ചിതറിക്കിടക്കാനുള്ള സമയമല്ല, ഒന്നിക്കാനുള്ള സമയമാണ്', നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ രാജി ഭീഷണി നടത്തിയ തീവ്ര വലതുപക്ഷ മന്ത്രിമാരെ ലക്ഷ്യം വെച്ചാണ് നെതന്യാഹുവിന്റെ പ്രസംഗമെന്ന് ടെല്‍ അവീവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരീക്ഷകന്‍ ഒരി ഗോള്‍ഡ്‌ബെര്‍ഗ് പറഞ്ഞു. മാത്രവുമല്ല, 15 മാസം നീണ്ടു നില്‍ക്കുന്ന യുദ്ധം നടത്താനും അത് അവസാനിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് പൊതുജനങ്ങളോട് പറയാനാണ് നെതന്യാഹു ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ഇസ്രയേല്‍ സമയം 8.30(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12)നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരേണ്ടത്. ഇന്ന് പുറത്തുവിടുന്ന ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടില്ലെന്നാണ് ഇസ്രയേലിന്റെ ആക്ഷേപം. ആദ്യം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് ഹമാസ് പുറത്തുവിടണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേല്‍ മാധ്യമങ്ങളില്‍ പുറത്തുവിടുന്ന 33 ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് നല്‍കിയിട്ടുണ്ടെങ്കിലും അധികാരികള്‍ ഇതില്‍ ഉറപ്പ് വരുത്തിയിട്ടില്ല.
എന്നാല്‍ ഇന്ന് പുറത്തുവിടേണ്ട മൂന്ന് ബന്ദികളുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ഇസ്രയേല്‍ അധികാരികള്‍ പറയുന്നത്. മാത്രവുമല്ല ബുധനാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിച്ചില്ല. കരാര്‍ പ്രഖ്യാപിച്ചത് മുതല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടിണ്ടെന്നും ഹമാസ് പറഞ്ഞു.
Content Highlights: Netanyahu says they will resume strikes in Gaza