വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിൻ്റെ രണ്ടാമൂഴത്തെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ലോകരാഷ്ട്രീയത്തിൽ നിർണായകമായിരിക്കും ട്രംപിൻ്റെ ഭരണകാലയളവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചവരും ക്ഷണിക്കപ്പെടാതെ പോയതുമായ ലോക നേതാക്കളുടെ പട്ടികയും ശ്രദ്ധേയമാണ്. ജർമ്മിനി, ബ്രിട്ടൻ, ഫ്രാൻസ് സ്പെയ്ൻ, ബ്രസീൽ പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്ന് ഭരണാധികാരികളായ രാഷ്ട്രീയ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമില്ലെങ്കിലും ഇവിടങ്ങളിൽ നിന്നുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങാണ് ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട ഏറ്റവും പ്രമുഖനായ നേതാവ്. അമേരിക്ക-ചൈന വ്യാപാര മത്സരത്തിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ചൈനയെ പ്രധാനപ്പെട്ട വ്യാപാര ശത്രുവെന്ന നിലയിൽ തന്നെ പരിഗണിക്കുമെന്നും അധികാരത്തിലെത്തിയതിന് പിന്നാലെ ട്രംപ് പറയാതെ പറഞ്ഞിട്ടുണ്ട്. ചൈനയ്ക്ക് മേൽ വ്യാപാരതീരുവ ചുമത്തും എന്നതടക്കമുള്ള താക്കീതുകളും ട്രംപിൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ ചൈനയുമായി ആശയവിനിമയത്തിൻ്റെ ഒരു വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഷി ജിൻപിങ്ങിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതിലൂടെ ട്രംപ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിൽ ഷി ജിൻപിങ്ങ് പങ്കെടുക്കുന്നില്ലെങ്കിലും ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ് പങ്കെടുക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന നേതാവ്. ട്രംപിൻ്റെ ആദ്യ ടേമിൽ മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു നരേന്ദ്ര മോദി. ക്ഷണം ലഭിച്ചെങ്കിലും ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയ്ക്കായി പങ്കെടുക്കുക.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന നേതാവ്. തീവ്ര വലതുപക്ഷ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവ് മെലോണി ട്രംപിൻ്റെ അടുത്ത സുഹൃത്ത് ഇലോൺ മസ്കിൻ്റെ സുഹൃത്താണ്. ഷെഡ്യൂൾ അനുവദിക്കുകയാണെങ്കിൽ ജോർജിയ മെലോണി സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അവരുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനാണ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട മറ്റൊരു പ്രമുഖനായ നേതാവ്. ഓർബൻ ട്രംപിൻ്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന നേതാവാണ്. യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം നിയുക്ത പ്രസിഡൻ്റ് അവസാനിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഓർബൻ പറഞ്ഞിരുന്നു. എന്നാൽ സാങ്കേതികമായി ചില വിഷയങ്ങളെ തുടർന്ന് ഓർബൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.
അർജൻ്റീനയുടെ പ്രസിഡൻ്റ് ഹാവിയർ മിലിയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാന ലോകനേതാവ്. മിലി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. "അർജൻ്റീനയെ വീണ്ടും മികച്ചതാക്കാൻ" കഴിയുന്ന ഒരു മനുഷ്യനാണ് ഹാവിയർ മിലിയെന്ന് തീവ്ര വലതുപക്ഷ നേതാവിനെ ട്രംപ് ഒരിക്കൽ പ്രശംസിക്കുകയും ചെയ്തിരുന്നു. ലാറ്റിനമേരിക്കയിൽ ട്രംപിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും ഹാവിയർ മിലിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവയാണ് ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച മറ്റൊരു പ്രധാനനേതാവ്. ട്രംപിൻ്റെ വിജയം ലാറ്റിനമേരിക്കയുടെ വിജയമാണെന്ന് നോബോവ നേരത്തെ പ്രശംസിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനായി ഡാനിയൽ നൊബോവ വാഷിംഗ്ടണിലേയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്.
എൽ സാൽവഡോർ പ്രസിഡൻ്റ് നയിബ് ബുകെലെയാണ് ക്ഷണിക്കപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു നേതാവ്. എന്നാൽ ബുകലെ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ട്രംപിൻ്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ബുകെലെയുമായി അടുത്ത സൗഹൃദത്തിലാണ്. നേരത്തെ 2024 ജൂലൈയിൽ സാൻ സാൽവഡോറിൽ ബുകലെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മുൻ ബ്രസീലിയൻ പ്രസിഡൻ്റ് ജയിർ ബോൽസനാരോയെയും ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നു. ബ്രസീലിലെ തീവ്ര വലതുപക്ഷ നേതാവായ ബോൽസനാരോ അധികാരത്തിൽ നിന്നും പുറത്താണ്. എന്നാൽ യാത്രാ വിലക്കുള്ളതിനാൽ ബോൽസനാരോ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല. 2022ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള നിരവധി കേസുകളെ നേരിടുന്ന ബോൽസനാരോയുടെ പാസ്പോർട്ട് സുപ്രീം കോടതി കണ്ടുകെട്ടിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെൻ്റിലെ വലതുപക്ഷ യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻ്റ് റിഫോംമിസ്റ്റ് പാർട്ടിയുടെ നേതാവായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മുൻ പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
അമേരിക്കൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണം ലഭിക്കാത്തവരിൽ പ്രമുഖൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറാണ്. കെയർ സ്റ്റാർമറിനെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു എന്നാൽ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനും റിഫോം യുകെ പാർട്ടിയുടെ നേതാവുമായ നൈജൽ ഫാരാജിനെ ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നൈജൽ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും സൂപ്പർ പവറുമായ ജർമ്മനിയുടെ പ്രസിഡൻ്റ് ഒലാഫ് ഷോൾസിനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ ജർമ്മനിയിലെ തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി പാർട്ടിയുടെ നേതാവ് ആലീസ് വീഡലിനെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ആലീസ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും അവരുടെ സഹനേതാവ് ടിനോ ച്രുപല്ല സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ട്രംപും തമ്മിൽ അടുത്ത സൗഹൃദ ബന്ധമുണ്ടെങ്കിലും മാക്രോണിനെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. എന്നാൽ ഫ്രഞ്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ റീ കൺക്വസ്റ്റ് പാർട്ടിയുടെ എറിക് സെമ്മൂറിന് ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സ്പാനിഷ് വലതുപക്ഷ വോക്‌സ് പാർട്ടിയെ നയിക്കുന്ന സാൻ്റിയാഗോ അബാസ്‌കലും പോർച്ചുഗലിൻ്റെ പോപ്പുലിസ്റ്റ് ചെഗ പാർട്ടിയുടെ ആന്ദ്രെ വെഞ്ചുറയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്നെയും യൂറോപ്യൻ യൂണിയൻ്റെ ഭാഗമായ നാറ്റോ (നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ) അംഗ രാഷ്ട്രങ്ങൾക്കും സത്യാപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കനത്ത തണുപ്പ് കാരണം പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്കായുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍സ്യസ് താപനിലയായിരിക്കുമെന്നാണ് പ്രവചനം. ശൈത്യക്കാറ്റിന്‍റെ കൂടി സാധ്യത കണക്കിലെടുത്താണ് ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലേക്ക് മാറ്റിയത്. 40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്. ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.
Content Highlights: Which foreign leaders are attending Donald Trump’s inauguration